യു.പിയിൽ സ്ട്രോങ് റൂമിന്റെ മതിൽ തുരന്ന നിലയിൽ; പരാതിയുമായി എസ്.പി
|മിർസാപൂർ ജില്ലാ മജിസ്ട്രേറ്റ് എൻ.ഡി.എ സ്ഥാനാർഥിയുടെ ബന്ധുവാണെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പരാതിയും അദ്ദേഹം സ്വീകരിക്കുന്നില്ലെന്നും എസ്.പി ആരോപിച്ചു
ലഖ്നൗ: ഉത്തർപ്രദേശിൽ ഇ.വി.എം സൂക്ഷിച്ച സ്ട്രോങ് റൂം മതിൽ തുരന്ന നിലയിലെന്ന് ആരോപണം. സമാജ്വാദി പാർട്ടിയാണ് ആരോപണവുമായി രംഗത്തെത്തിയത്. മിർസാപൂരിലാണു സംഭവം.
എക്സിലൂടെയാണ് എസ്.പി ആരോപണമുന്നയിച്ചത്. മിർസാപൂരിലെ പോളിടെക്നിക് കോളജിലെ മതിൽ തകർത്തതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് സ്ട്രോങ് റൂമിൽ കയറാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും എസ്.പി ആരോപിച്ചു. മിർസാപൂർ ജില്ലാ മജിസ്ട്രേറ്റ് എൻ.ഡി.എ സ്ഥാനാർഥിയുടെ ബന്ധുവാണ്. വോട്ട് എണ്ണലിൽ സുതാര്യത പ്രതീക്ഷിക്കാനാകില്ലെന്നും മജിസ്ട്രേറ്റ് ഒരു തരത്തിലുമുള്ള പരാതിയും സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്നും മജിസ്ട്രേറ്റ് വോട്ടെണ്ണലിനെ സ്വാധീനിക്കാനുള്ള സാധ്യത തടയണമെന്നും എസ്.പി ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്നാദൾ നേതാവും സിറ്റിങ് എം.പിയുമായ അനുപ്രിയ സിങ് പട്ടേൽ ആണ് ഇവിടെ എൻ.ഡി.എ സ്ഥാനാർഥി. രമേശ് ചന്ദ് ബിന്ദ് ആണ് എസ്.പിക്കു വേണ്ടി ജനവിധി തേടുന്നത്. ബി.എസ്.പിയുടെ മനീഷ് കുമാറും ആൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്കിന്റെ സമീർ സിങ്ങും രാഷ്ട്രീയ സമാജ്വാദി ജൻക്രാന്തി പാർട്ടിയുടെ രാമധാനിയും രണ്ടു സ്വതന്ത്രരും ഉൾപ്പെടെ എട്ടു സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്.
2019ൽ മിർസാപൂരിൽ കോൺഗ്രസും എസ്.പിയും ഒറ്റയ്ക്കാണു മത്സരിച്ചിരുന്നത്. ഇത്തവണ രണ്ടു പാർട്ടിയും ഇൻഡ്യ സഖ്യത്തിന്റെ ബാനറിൽ ഒന്നിച്ചാണ്. 2.32 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ ഇവിടെ അനുപ്രിയ പട്ടേൽ എസ്.പിയുടെ രാമചരിത്ര നിഷാദിനെ തോൽപിച്ചത്. അനുപ്രിയ 5.91 ലക്ഷം വോട്ട് നേടിയപ്പോൾ രാമചരിത്രയ്ക്ക് 3.59 ലക്ഷം വോട്ടാണു ലഭിച്ചത്. കോൺഗ്രസിന്റെ ലളിതേഷ് പാട്ടി തൃപാഠി 91,501 വോട്ടുമായി മൂന്നാം സ്ഥാനത്തുമായിരുന്നു.
Summary: SP alleges wall behind EVM strong room in UP's Mirzapur razed