പാർട്ടി വിട്ട ബിജെപി എംപിക്ക് സീറ്റ് നൽകി സമാജ്‌വാദി
|ഭദോഹിയിൽ നിന്നുള്ള എംപി രമേഷ് ബിന്ദിനാണ് എസ്പി സീറ്റ് നൽകിയത്
ലഖ്‌നൗ: പാർട്ടി വിട്ട ബിജെപി എംപിക്ക് സീറ്റ് നൽകി സമാജ്‌വാദി പാർട്ടി. ഭദോഹിയിൽ നിന്നുള്ള എംപി രമേഷ് ബിന്ദിനാണ് എസ്പി സീറ്റ് നൽകിയത്. മിർസാപൂർ സീറ്റിലാണ് രമേഷ് ബിന്ദ് മത്സരിക്കുക. രമേഷിന് ഭദോഹിയിൽ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു
അപ്‌നാദൽ സ്ഥാനാർഥി ആയ അനുപ്രിയ പട്ടേലിനെതിരെയാണ് രമേശ് ബിന്ദ് മത്സരിക്കുക. നിലവിൽ എംഎൽഎ ആയ വിനോദ് കുമാർ ബിന്ദ് എന്നയാളെ ആണ് രമേഷിന് പകരം ബിജെപി ഭദോഹിയിൽ സ്ഥാനാർഥി ആയി എത്തിച്ചത്. സിറ്റിംഗ് എംഎൽഎ ആയ രമേഷിനെതിരെ പൊതുജന വികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഇത്. തുടർന്നാണിപ്പോൾ സമാജ്‌വാദി പാർട്ടി മിർസാപൂരിൽ രമേഷിന് സ്ഥാനാർഥിത്വം നൽകിയിരിക്കുന്നത്.
ഏകദേശം രണ്ട് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ വർഷം മിർസാപൂരിൽ അപ്‌നാദൽ വിജയിച്ചത്. ബിജെപി വിട്ട സ്ഥാനാർഥി ആയത് കൊണ്ടു തന്നെ എൻഡിഎയുടെ സഖ്യകക്ഷിയായ അപ്‌നാ ദലുമായി ശക്തമായ പോരാട്ടം കാഴ്ച വയ്ക്കാൻ രമേശ് ബിന്ദിനാവും എന്നാണ് സമാജ്‌വാദിയുടെ പ്രതീക്ഷ.