'ഞാനും മക്കളും കൊല്ലപ്പെട്ടേക്കാം; ആതിഖിന്റെ അനുഭവം ഭയക്കുന്നു'-വികാരാധീനനായി എസ്.പി നേതാവ് അസം ഖാൻ
|ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലെത്തിയ ശേഷം നിരവധി ക്രിമിനൽ കേസുകൾ ചുമത്തി എസ്.പി സ്ഥാപക നേതാവായ അസം ഖാനെ ജയിലിലടച്ചിരുന്നു
ലഖ്നൗ: കൊല്ലപ്പെട്ട ആതിഖ് അഹ്മദിന്റെ അനുഭവം താനും കുടുംബവും ഭയക്കുന്നുണ്ടെന്ന് സമാജ്വാദി പാർട്ടി(എസ്.പി) സ്ഥാപകനേതാവും മുൻ എം.പിയുമായ അസം ഖാൻ. അത് നടക്കാതിരിക്കണമെങ്കിൽ രാജ്യത്തെയും രാജ്യത്തെ നിയമങ്ങളെയും സംരക്ഷിക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് വികാരഭരിതനായി ആവശ്യപ്പെട്ടു.
റാംപൂരിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അസം ഖാൻ. ആയിരക്കണക്കിനു പ്രവർത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം ആരംഭിച്ച അദ്ദേഹം വികാരഭരിതനായി. ഉത്തർപ്രദേശിലെ ക്രമസമാധാന പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ വോട്ടിലൂടെ മറുപടി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
'ആരെങ്കിലും വന്ന് എന്റെയും മക്കളുടെയും കുടുംബത്തിന്റെയും തലയ്ക്ക് വെടിവയ്ക്കണമെന്ന് റാംപൂരിലെ ജനങ്ങൾ ആഹ്രകിക്കുന്നുണ്ടോ? ഇനി അതുംകൂടിയേ സംഭവിക്കാനുള്ളൂ. രാജ്യത്തെയും നിയമങ്ങളെയും രക്ഷിക്കൂ. മറ്റൊന്നും നിങ്ങൾ ചെയ്യേണ്ട. പിന്നോട്ടടിക്കാതെ സ്വയം മുന്നോട്ടുവന്നാൽ മാത്രം മതി.'-അസം ഖാൻ ആവശ്യപ്പെട്ടു.
നിങ്ങളെ ആരെങ്കിലും തടഞ്ഞാൽ പിന്നോട്ടടിക്കില്ലെന്ന് പറഞ്ഞ് അവിടെത്തന്നെ കുത്തിയിരുന്ന് വോട്ട് ചെയ്യണം. അത് നിങ്ങളുടെ മൗലികാവകാശമാണ്. രണ്ടുതവണ ഈ അവകാശം അവർ തട്ടിപ്പറിച്ചു. ഇനിയുമൊരിക്കൽകൂടി അതിന് അനുവദിച്ചാൽ ശ്വസിക്കാനുള്ള അവകാശമായിരിക്കും നഷ്ടപ്പെടാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലെത്തിയ ശേഷം അസം ഖാനെതിരെ നിരവധി ക്രിമിനൽ കേസുകൾ ചുമത്തിയിരുന്നു. രണ്ടു വർഷം ജയിലിലടയ്ക്കുകയും ചെയ്തു. അടുത്തിടെ വിദ്വേഷ പ്രസംഗം ആരോപിച്ച് അദ്ദേഹത്തിനെതിരെ കേസെടുക്കുകയും നിയമസഭാ അംഗത്വം നഷ്ടമാകുകയും ചെയ്തു. മറ്റൊരു കേസിൽ കുറ്റാരോപിതനായ മകൻ അബ്ദുല്ല അസമിനും നിയമസഭയിൽ അയോഗ്യത കൽപിച്ചിട്ടുണ്ട്.
Summary: Samajwadi Party leader Azam Khan says he fears Atiq Ahmed's fate, he and his family may be shot dead