എസ്പിയുടെ തട്ടകങ്ങളിൽ വെന്നിക്കൊടി പാറിച്ച് ബിജെപി; അഖിലേഷിന് തിരിച്ചടി
|അസംഗഡില്‍ തോറ്റത് അഖിലേഷ് യാദവിന്‍റെ ബന്ധു
ലഖ്‌നൗ: റാംപൂർ, അസംഗഡ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിൽ സമാജ്‌വാദി പാർട്ടിക്ക് തിരിച്ചടി. റാംപൂരിൽ ബിജെപിയുടെ ഘനശ്യാം ലോധി വിജയിച്ചു. 37797 വോട്ടിനാണ് ലോധി എസ്പി സ്ഥാനാർത്ഥി അസിം രാജയെ പരാജയപ്പെടുത്തിയത്. എസ്പി അതികായൻ അസംഖാന് വലിയ സ്വാധീനമുള്ള മണ്ഡലമാണിത്. അസംഗഡിൽ ബിജെപിയുടെ ദിനേശ് ലാൽ യാദവ് വിജയിച്ചു. പതിനൊന്നായിരത്തിലധികം വോട്ടാണ് ഭൂരിപക്ഷം.
ഭോജ്പുരി നടനാണ് അസംഗഡിൽ വിജയിച്ച ദിനേശ് ലാൽ യാദവ്. എസ്പിക്കായി അഖിലേഷിന്റെ ബന്ധു ധർമേന്ദ്ര യാദവ്, ബിഎസ്പിക്കായി ഷാ ആലം എന്നിവരാണ് മണ്ഡലത്തിൽ പോരിനുണ്ടായിരുന്നത്. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിനോട് തോറ്റയാളാണ് ദിനേശ് ലാൽ. ഒബിസി വോട്ടുകളിൽ കണ്ണുവച്ച് ഇദ്ദേഹത്തെ തന്നെ ബിജെപി ഇത്തവണയും സ്ഥാനാർത്ഥിയായി നിർത്തുകയായിരുന്നു.
റാംപൂരിൽ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെയും അസംഗഡിൽ എസ്പി നേതാവ് അസംഖാന്റെയും രാജിക്ക് പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുപി നിയമനിർമാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഇവർ ലോക്‌സഭാംഗത്വം രാജിവച്ചത്.
അതിനിടെ, പഞ്ചാബിൽ നടന്ന ലോക്‌സഭാ ഉപതെരഞ്ഞടുപ്പിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയേറ്റു. സംഗ്രൂർ ലോക്‌സഭാ സീറ്റ് എ.എ.പിക്ക് നഷ്ടമായി. മുഖ്യമന്ത്രിയാകും മുൻപ് ഭഗവന്ത് മന്നിൻറെ സീറ്റായിരുന്നു ഇത്. പഞ്ചാബിൽ എ.എ.പിക്ക് ആകെ ഉണ്ടായിരുന്ന ലോക്‌സഭാ സീറ്റാണ് നഷ്ടമായത്. സംഗ്രൂരിൽ എ.എ.പിയുടെ സിറ്റിങ് സീറ്റിൽ ശിരോമണി അകാലിദൾ (അമൃത്സർ) സ്ഥാനാർഥി സിമ്രഞ്ജിത് സിങ് മൻ ആണ് വിജയിച്ചത്. 5800 വോട്ടാണ് ഭൂരിപക്ഷം. എ.എ.പിയുടെ ഗുർമെയിൽ സിങിനെയാണ് പരാജയപ്പെടുത്തിയത്. 77കാരനായ സിമ്രൻജിത് സിങ് മൻ മുൻ എംപിയും ശിരോമണി അകാലിദൾ (അമൃത്സർ) പ്രസിഡൻറുമാണ്. ശിരോമണി അകാലിദളുമായി ഈ സംഘടനയ്ക്ക് ബന്ധമില്ല.
summary: Rampur Lok 2022 Uttar Pradesh Azampur, Rampur Byelection Results