India
നില മെച്ചപ്പെടുത്തി; ഉത്തര്‍പ്രദേശില്‍ കരുത്തുറ്റ പ്രതിപക്ഷമാകാന്‍ എസ്.പി
India

നില മെച്ചപ്പെടുത്തി; ഉത്തര്‍പ്രദേശില്‍ കരുത്തുറ്റ പ്രതിപക്ഷമാകാന്‍ എസ്.പി

Web Desk
|
10 March 2022 6:52 AM GMT

ഇത്തവണ യു.പിയില്‍ ഭരണം പിടിക്കുക എന്നത് എസ്പിയെ സംബന്ധിച്ച് അസാധ്യമാണ്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ സമാജ്‍വാദി പാര്‍ട്ടി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണല്‍ പുരോഗമിക്കവേ 125 സീറ്റിലാണ് എസ്.പി ലീഡ് ചെയ്യുന്നത്. 2017ല്‍ 47 സീറ്റില്‍ മാത്രം വിജയിച്ച എസ്പിക്ക് ഇത്തവണ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. അതേസമയം ബിജെപിയുടെ ലീഡ് കേവല ഭൂരിപക്ഷത്തിനു മുകളിലെത്തി. ഇത്തവണ യു.പിയില്‍ ഭരണം പിടിക്കുക എന്നത് എസ്പിയെ സംബന്ധിച്ച് അസാധ്യമാണ്. പക്ഷേ കരുത്തുറ്റ പ്രതിപക്ഷമാകാന്‍ എസ്.പിക്കു സാധിക്കും.

മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലാണ് സമാജ്‍വാദി പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അസംഗഢ് മണ്ഡലത്തിൽ നിന്ന് വിജയിച്ച് ലോക്സഭാംഗമായ അഖിലേഷ് യാദവ്, ഈ തെരഞ്ഞെടുപ്പില്‍ കർഹാൽ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടിയത്. പിതാവും മുതിർന്ന നേതാവുമായ മുലായം സിങ് 5 തവണ ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചത് മെയിൻ പുരിയിലെ മണ്ഡലമാണ് കര്‍ഹാല്‍. കര്‍ഹാലില്‍ അട്ടിമറിയൊന്നും നടന്നില്ല. അഖിലേഷ് തന്നെയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. അസം ഖാന്‍ ഉള്‍പ്പെടെ എസ്പിയുടെ പ്രമുഖ സ്ഥാനാര്‍ഥികള്‍ മുന്നിലാണ്.

2000ലാണ് അഖിലേഷ് യാദവ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായത്. 2000-2004 കാലത്ത് കന്നൂജില്‍ നിന്ന് എംപിയായി. 2004ലും 2009ലും ഇതേ മണ്ഡലത്തില്‍ നിന്ന് എംപിയായി. 2012ല്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി. 38ആം വയസ്സിലാണ് അഖിലേഷ് യുപിയുടെ മുഖ്യമന്ത്രിയായത്. 2019 മുതല്‍ ലോക്സഭാംഗമാണ്.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും അഖിലേഷാണ് എസ്.പിയെ നയിച്ചത്. പക്ഷേ ബിജെപി തരംഗം ആഞ്ഞുവീശിയടിച്ചതോടെ വിജയം 47 സീറ്റില്‍ ഒതുങ്ങി. ബിജെപിയാകട്ടെ 312 സീറ്റില്‍ വിജയിച്ച് മൃഗീയ ഭൂരിപക്ഷവുമായാണ് ഭരണം പിടിച്ചത്. 47ല്‍ നിന്ന് മൂന്നക്കത്തിലേക്ക് ലീഡുയര്‍ത്താന്‍ അഖിലേഷിന് കഴിഞ്ഞു എന്നത് എസ്പിയെ സംബന്ധിച്ച് നേട്ടമാണ്. യുപിയില്‍ കരുത്തുറ്റ പ്രതിപക്ഷമാകാന്‍ എസ്പിക്ക് കഴിയും എന്നാണ് ഇപ്പോഴത്തെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

യുപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി ഇത്തവണ ഭരണനേട്ടങ്ങള്‍ മാത്രമല്ല ചര്‍ച്ചയാക്കിയത്. വര്‍ഗീയ വിദ്വേഷം തുളുമ്പുന്ന പരാമര്‍ശങ്ങള്‍ സിറ്റിങ് എംഎല്‍എമാരില്‍ നിന്ന് ഉള്‍പ്പെടെയുണ്ടായി. അവര്‍ പാക് അനുകൂലികളാണെന്നും മുഹമ്മദാലി ജിന്നയെ ആരാധിക്കുന്നവരാണെന്നും സമാജ് വാദി പാര്‍ട്ടിയെ ലക്ഷ്യമിട്ട് യോഗി വര്‍ഗീയ പ്രചാരണം അഴിച്ചുവിട്ടു. അഹമ്മദാബാദ് സ്ഫോടന കേസിലെ വിധിക്കുശേഷം, തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി പറഞ്ഞത് ബോംബ് വെയ്ക്കാൻ ഭീകരർ സൈക്കിൾ ഉപയോഗിച്ചു എന്നാണ്. സമാജ് വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തെ ഭീകരവാദവുമായി ബന്ധിപ്പിക്കാനാണ് പ്രധാനമന്ത്രി ഇവിടെ ശ്രമിച്ചത്.

ബിജെപിയിലെ സിറ്റിങ് എംഎല്‍എമാര്‍ ഉള്‍പ്പെടെ എസ്പിയിലേക്ക് ഒഴുകിയെത്തിയ യുപി തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടം എസ്പിക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു. പിന്നാലെ മുലായംസിങിന്‍റെ കുടുംബത്തില്‍ നിന്നുള്‍പ്പെടെ തിരിച്ച് ബിജെപിയിലേക്കും ഒഴുക്കുണ്ടായി. ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൂട്ടക്കൊല, കോവിഡ് കാലത്തെ ഭരണ പരാജയം, പശുവിന്‍റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊല, ലവ് ജിഹാദെന്ന പേരിലുള്ള ഭിന്നിപ്പിക്കല്‍ തുടങ്ങിയവയെല്ലാം പ്രചാരണത്തില്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കാണാനാവുന്നത് കഴിഞ്ഞ തവണത്തെപ്പോലെ ബിജെപിയുടെ തേരോട്ടമാണ്. ബിഎസ്പിയും കോണ്‍ഗ്രസും ഇത്തവണയും ഉത്തര്‍പ്രദേശില്‍ തകര്‍ന്നടിഞ്ഞു.

Similar Posts