India
ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയെ കാണിക്കാന്‍ പാമ്പാട്ടിയുടെ ചിത്രം; സ്പാനിഷ് പത്രത്തിനെതിരെ പ്രതിഷേധം
India

ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയെ കാണിക്കാന്‍ പാമ്പാട്ടിയുടെ ചിത്രം; സ്പാനിഷ് പത്രത്തിനെതിരെ പ്രതിഷേധം

Web Desk
|
15 Oct 2022 5:55 AM GMT

'ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മണിക്കൂര്‍' എന്ന തലക്കെട്ടിലുള്ള ലേഖനം ഒരു പാമ്പാട്ടിയുടെ കാരിക്കേച്ചറോടു കൂടിയാണ് പ്രസിദ്ധീകരിച്ചത്

മാഡ്രിഡ്: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ച് സ്പാനിഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വിവാദമായി. സ്പാനിഷ് പത്രമായ ലാ വാൻഗ്വാർഡിയയുടെ ഒന്നാം പേജാണ് ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് വിശദീകരിക്കാന്‍ മാറ്റിവച്ചത്. 'ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മണിക്കൂര്‍' എന്ന തലക്കെട്ടിലുള്ള ലേഖനം ഒരു പാമ്പാട്ടിയുടെ കാരിക്കേച്ചറോടു കൂടിയാണ് പ്രസിദ്ധീകരിച്ചത്.

സെരാധയുടെ സ്ഥാപകനും സി.ഇ.ഒയുമായ നിതിന്‍ കാമത്ത് ട്വിറ്ററില്‍ പങ്കുവച്ച ചിത്രം ചൂടേറിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ''ലോകം ശ്രദ്ധിക്കുന്നത് രസകരമായ ഒരു കാര്യമാണ്. എന്നാല്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഒരു പാമ്പാട്ടിയെ ഉപയോഗിച്ചത് തികച്ചും അപമാനകരമാണ്'' കാമത്ത് ട്വീറ്റ് ചെയ്തു. ലേഖനത്തിനെതിരെ ബി.ജെ.പിയും രംഗത്തുവന്നു.'' ഇന്ത്യയുടെ ശക്തമായ സമ്പദ് വ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം ലഭിക്കുന്ന ഇക്കാലത്ത്, സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്ത്യയുടെ ചിത്രം പാമ്പാട്ടിയിലൂടെ കാണിക്കുന്നത് വിഡ്ഢിത്തമാണ്'' ബാംഗ്ലൂർ സെൻട്രലിൽ നിന്നുള്ള ബി.ജെ.പി എംപിയുടെതാണ് വിമർശനം. ലേഖനത്തിന്‍റെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു. വിദേശ ചിന്തകൾ മാറ്റുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ബി.ജെ.പി എം.പി പറഞ്ഞു.

ആഗോളതലത്തില്‍ ഇന്ത്യ ആഗോള ഉല്‍പന്നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ മാത്രമേ പാമ്പാട്ടി ഇമേജ് നഷ്ടപ്പെടൂ എന്ന് ഒരു യൂസര്‍ കുറിച്ചു. ഇന്ത്യ പാമ്പുകളുടെയും പാമ്പാട്ടികളുടെയും നാടായതില്‍ അഭിമാനിക്കൂ എന്നാണ് മറ്റൊരാളുടെ അഭിപ്രായം. എന്നാല്‍ ഇതില്‍ തെറ്റൊന്നും കാണുന്നില്ലെന്നാണ് മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടത്.

Similar Posts