''അനുമതി നൽകാൻ നിങ്ങളാരാണ്?''; രാഹുൽ ഗാന്ധിയോട് സ്പീക്കർ
|രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞ് ബി.ജെ.പി എം.പി കമലേഷ് പാസ്വാൻ എഴുന്നേറ്റപ്പോഴാണ് രാഹുൽ ഗാന്ധി അദ്ദേഹത്തിന് സംസാരിക്കാൻ അനുമതി നൽകിയത്. ഇതിനെതിരെയായിരുന്നു സ്പീക്കറുടെ വിമർശനം.
പാർലമെന്റ് നടപടിക്രമങ്ങൾ പാലിക്കാത്തതിൽ രാഹുൽ ഗാന്ധിയോട് അതൃപ്തിയറിയിച്ച് സ്പീക്കർ ഓം ബിർള. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി സംസാരിക്കുമ്പോൾ മറ്റൊരു എം.പിക്ക് സംസാരിക്കാൻ അവസരം നൽകിയതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. ''അനുവാദം നൽകാൻ നിങ്ങളാരാണ്? അനുവാദം നൽകാൻ നിങ്ങൾക്ക് സാധിക്കില്ല. അത് തന്റെ അവകാശമാണ്''-സ്പീക്കർ പറഞ്ഞു.
രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞ് ബി.ജെ.പി എം.പി കമലേഷ് പാസ്വാൻ എഴുന്നേറ്റപ്പോഴാണ് രാഹുൽ ഗാന്ധി അദ്ദേഹത്തിന് സംസാരിക്കാൻ അനുമതി നൽകിയത്. ഇതിനെതിരെയായിരുന്നു സ്പീക്കറുടെ വിമർശനം. ''ഞാനൊരു ജനാധിപത്യവാദിയാണ് മറ്റുള്ളവരേയും സംസാരിക്കാൻ അനുവദിക്കും'' എന്നായിരുന്നു ഇതിന് രാഹുൽ ഗാന്ധിയുടെ മറുപടി.
തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി നടത്തിയത്. ഇന്ത്യയിൽ രാജഭരണം അനുവദിക്കില്ലെന്നും ആരേയും കേൾക്കാൻ രാജാവ് തയ്യാറാവുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
''ബി.ജെ.പിയിലെ എന്റെ സഹോദരി സഹോദരൻമാരെപ്പോലും കേൾക്കാൻ താങ്കൾ തയ്യാറാവുന്നില്ല. ദലിത് എം.പിയായ കമലേഷ് പാസ്വാൻ ഹൃദയത്തിൽ നിന്നാണ് സംസാരിച്ചത്. 3000 വർഷമായി ദലിതരെ അടിച്ചമർത്തുന്നത് ആരാണെന്ന് അദ്ദേഹത്തിനറിയാം. എന്നാൽ അദ്ദേഹം ആശങ്കയോടെയാണ് സംസാരിച്ചത്. അദ്ദേഹം തെറ്റായ പാർട്ടിയിലാണ് പ്രവർത്തിക്കുന്നത്. താൻ അദ്ദേഹത്തെക്കുറിച്ച് അഭിമാനിക്കുന്നു'': രാഹുൽ ഗാന്ധി പറഞ്ഞു.
ഇതിനിടെയാണ് പാസ്വാൻ എതിർപ്പുമായി എഴുന്നേറ്റത്. തനിക്ക് തന്റെ പാർട്ടി അവസരം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മൂന്നുതവണ തന്റെ എം.പിയാക്കിയത് ഈ പാർട്ടിയാണ്. ഇതിൽ കൂടുതൽ തനിക്കെന്താണ് പാർട്ടി നൽകേണ്ടതെന്നും അദ്ദേഹം ചോദിച്ചു.