ആൺകുഞ്ഞിന് ജന്മം നൽകാൻ പ്രത്യേക പൂജ; യുവതിയെ പൊതുമധ്യത്തിൽ നഗ്നയായി കുളിക്കാൻ നിർബന്ധിച്ച സംഭവത്തിൽ കേസ്
|പല അവസരങ്ങളിലും ഭർതൃ വീട്ടുകാർ തന്നെ ദുർമന്ത്രവാദത്തിന് ഇരയാക്കിയിട്ടുണ്ടെന്നും യുവതി പൊലീസിന് മൊഴി നൽകി
പൂനെ: മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയായ യുവതിയെ പൊതുമധ്യത്തിൽ നഗ്നയായി കുളിക്കാൻ നിർബന്ധിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ആൺകുട്ടിക്ക് ജന്മം നൽകാൻ വേണ്ടി നടത്തിയ പ്രത്യേക പൂജയുടെ ഭാഗമായാണ് യുവതിയോട് പൊതുമധ്യത്തിൽ കുളിക്കാൻ മന്ത്രവാദി ആവശ്യപ്പെട്ടത്. യുവതിയുടെ പരാതിയെ തുടർന്ന് പൂനെ പോലീസ് ഭർത്താവും മന്ത്രവാദിയുൾപ്പെടെയുള്ള നാല് പേർക്കെതിരെയും കേസെടുത്തു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തതായി പൂനെയിലെ ഭാരതി വിദ്യാപീഠ് പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്പെക്ടർ ജഗന്നാഥ് കലാസ്കർ പറഞ്ഞു. 2013 മുതൽ സ്ത്രീധനത്തിന്റെ പേരിലും ആൺകുഞ്ഞിന് ജന്മം നൽകാത്തതിന്റെ പേരിലും ഭർതൃവീട്ടുകാർ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. പല അവസരങ്ങളിലും ഭർതൃ വീട്ടുകാർ തന്നെ ദുർമന്ത്രവാദത്തിന് ഇരയാക്കിയിട്ടുണ്ടെന്നും യുവതി പൊലീസിന് മൊഴി നൽകി. ബിസിനസ് ആവശ്യങ്ങൾക്കാണെന്ന് പറഞ്ഞ് ഭർത്താവ് വ്യാജ ഒപ്പിട്ട് തന്റെ വസ്തു പണയപ്പെടുത്തി 75 ലക്ഷം രൂപ കൈപ്പറ്റിയതായും യുവതി ആരോപിച്ചു. യുവതിയുടെ പരാതിയിൽ പൂനെ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. അടുത്തിടെ റായ്ഗഡിൽ ഒരു മന്ത്രവാദി വെള്ളച്ചാട്ടത്തിനടിയിൽ സ്ത്രീകളോട് പൊതുമധ്യത്തിൽ നഗ്നരായി കുളിക്കാൻ ആവശ്യപ്പെട്ടിരുന്നു. ആചാരങ്ങൾ പാലിച്ച് മുന്നോട്ട് പോയാൽ അവർക്ക് ആൺകുഞ്ഞിന് ജന്മം നൽകാൻ കഴിയുമെന്നും അയാൾ ഉറപ്പുനൽകി.