India
50 ശതമാനം പേരെ ന്യൂനപക്ഷം മതംമാറ്റും, 40 ശതമാനം പേരെ കൊല്ലും; വിദ്വേഷ പ്രസംഗത്തിലെ കൂടുതൽ ഭാഗം പുറത്ത്; അന്വേഷണത്തിനായി പ്രത്യേക സംഘം
India

50 ശതമാനം പേരെ ന്യൂനപക്ഷം മതംമാറ്റും, 40 ശതമാനം പേരെ കൊല്ലും; വിദ്വേഷ പ്രസംഗത്തിലെ കൂടുതൽ ഭാഗം പുറത്ത്; അന്വേഷണത്തിനായി പ്രത്യേക സംഘം

Web Desk
|
2 Jan 2022 5:45 AM GMT

വിദ്വേഷ പ്രസംഗത്തിൽ രണ്ട് പേർക്കെതിരെ കൂടി കുറ്റപത്രം രജിസ്റ്റർ ചെയ്തു

ഭൂരിപക്ഷ ജനതയിൽ 50 ശതമാനം പേരെ ന്യൂനപക്ഷം മതംമാറ്റും, 40 ശതമാനം പേരെ കൊല്ലും, പത്തു ശതമാനം മാത്രം ഹിന്ദുക്കളാണ് ബാക്കിയുണ്ടാകുകയെന്നും 20 വർഷം കൊണ്ട് ന്യൂനപക്ഷം ഭരിക്കുന്ന രാജ്യമായി ഇന്ത്യ മാറുമെന്നുമുള്ള വിദ്വേഷ പരാമർശങ്ങളും ഉത്തരാഖണ്ഡ് ഹരിദ്വാറിലെ വേദിയിൽ ധർമസൻസദ് മുഖ്യ സംഘാടകൻ യതി നരസിംഹാനന്ദ് നടത്തി. വിദ്വേഷ പ്രസംഗത്തിലെ കൂടുതൽ ഭാഗം പുറത്തു വന്നതോടെയാണ് രാജ്യത്തെ സമാധാനം നശിപ്പിക്കുന്ന വ്യാജപ്രചാരണങ്ങൾ പുറംലോകമറിഞ്ഞത്.

ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യാൻ ആഹ്വാനം നടത്തിയ ഹരിദ്വാർ വിദ്വേഷ പ്രസംഗം കഴിഞ്ഞു രണ്ടാഴ്ച പിന്നിടുമ്പോഴാണ് മുഖ്യസംഘാടകനായ യതി നരസിംഹാനന്ദ ഗിരിയുടെ പേരിൽ കുറ്റപത്രം പോലും രേഖപ്പെടുത്തുന്നത്. പ്രകോപനപരമായ പ്രസംഗം നടത്തിയ വാസിം റിസ്‌വിയെ മാത്രമാണ് ആദ്യം പ്രതിയാക്കിയത്. ന്യൂനപക്ഷങ്ങൾക്കെതിരെ കൊലവിളി നടത്തിയ ശേഷം നിയമനടപടി കൂടി അവർക്കെതിരെ വേണമെന്ന് ആവശ്യപ്പെട്ട് നരസിംഹാനന്ദയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സംഘപരിവാറിന്റെ ഈ നീക്കങ്ങൾക്കെതിരെ രാജ്യവ്യാപകമായി സമരം തുടങ്ങിയതോടെ ധർമദാസ്, സാധ്വി അന്നപൂർണ എന്നിവർക്കെതിരെ കേസെടുത്തു, അഞ്ചു മുൻസായുധ സേനാ തലവന്മാർ കത്തയക്കുകയും പ്രതിഷേധവുമായി ഉത്തരാഖണ്ഡ് പൊലീസ് ആസ്ഥാനവും സെക്രട്ടറിയേറ്റും മണിക്കൂറുകൾ ജനം ഉപരോധിക്കുകയും ചെയ്തു. ഇതോടെ നിവൃത്തിയില്ലാതെ നരസിംഹാനന്ദ, സാഗർ സിന്ധു എന്നീ വിവാദ സന്യാസികൾക്കെതിരെ കേസ് എടുക്കുകയായിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ ധാമിയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് മുഖ്യപ്രതിയായ നരസിംഹാനന്ദ. എസ്.പി.യുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘം പ്രത്യേകമായി കേസ് അന്വേഷിക്കുമെന്ന് ഗഡ്‌വാൾ ഡി.ഐ.ജി കരൺ സിങ് നാഗ്‌നയാൽ അറിയിച്ചു.

അതേസമയം, ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യാനുള്ള ആഹ്വാനം നൽകിയ ധർമ സൻസദ് കൂടുതൽ സ്ഥലങ്ങളിൽ നടത്താൻ സംഘാടകർ തയ്യാറെടുക്കുകയാണ്. ജനങ്ങൾക്കിടയിൽ വിദ്വേഷം വമിപ്പിക്കുന്ന ഇത്തരം സൻസദുകൾ തടയണമെന്ന പരാതികളിൽ നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. സംഭവത്തിൽ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം രാജ്യവ്യാപകമായി ഉയരുന്നു. ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യാൻ ആയുധമെടുക്കണമെന്ന വർഗീയവാദികളുടെ ആഹ്വാനത്തിന് നേരെ ഉത്തരാഖണ്ഡ് പൊലീസ് കണ്ണടച്ചതോടെ, കൂടുതൽ സംസ്ഥാനങ്ങളിൽ സമ്മേളനങ്ങൾ നടത്താൻ സംഘാടകർ തീരുമാനിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് സൻസദുകൾ ഹിന്ദു മഹാസഭ ആസൂത്രണം ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിലെ ഗാസിയബാദിലെ ഡാസ്‌നയിലെ ശിവശക്തി ക്ഷേത്രത്തിൽ ജനുവരി ഒന്ന്, രണ്ട് തിയ്യതികളിലാണ് സൻസദ്. ഈ സമ്മേളനത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകർ പരാതി നൽകിയെങ്കിലും ജില്ലാഭരണകൂടം നടപടിയെടുത്തിട്ടില്ല.

ഹരിയാനയിലെ കുരുക്ഷേത്ര, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് അടുത്ത സമ്മേളനങ്ങൾ. സമ്മേളനത്തിലെ മുഖ്യ പ്രസംഗികനായ യതി നരസിംഹ ഗിരിയുടെ പേരിൽ വിദ്വേഷ പ്രസംഗത്തിനും കേസെടുത്തില്ല. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ ധാമി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുമായി അടുപ്പം പുലർത്തുന്ന ആളാണ് നരസിംഹഗിരി. ന്യൂനപക്ഷ വിരുദ്ധ പ്രസംഗത്തിൽ ഉറച്ചു നിൽക്കുന്നതായി ആവർത്തിച്ചിട്ടും മൊഴി എടുക്കാനോ ഇയാളെ പ്രതിച്ചേർക്കാനോ പൊലീസ് തയ്യാറായിട്ടില്ല. നരസിംഹ ഗിരിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർ ഡൽഹിയിലെ ഉത്തരാഖണ്ഡ് ഭവൻ ഉപരോധിച്ചിരുന്നു. വംശഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന പ്രസംഗം നടത്തിയവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു 76 അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

Special team formed to probe hate speech at Dharmasansad in Haridwar, Uttarakhand

Similar Posts