![സ്പെഷ്യൽ ട്രെയിനുകൾ ഇന്നുമുതൽ; ഡൽഹി മലയാളികളുടെ യാത്രാക്ലേശത്തിന് ഇനിയും പരിഹാരമായില്ല സ്പെഷ്യൽ ട്രെയിനുകൾ ഇന്നുമുതൽ; ഡൽഹി മലയാളികളുടെ യാത്രാക്ലേശത്തിന് ഇനിയും പരിഹാരമായില്ല](https://www.mediaoneonline.com/h-upload/2022/12/22/1340915-7.webp)
സ്പെഷ്യൽ ട്രെയിനുകൾ ഇന്നുമുതൽ; ഡൽഹി മലയാളികളുടെ യാത്രാക്ലേശത്തിന് ഇനിയും പരിഹാരമായില്ല
![](/images/authorplaceholder.jpg?type=1&v=2)
ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള വിമാന നിരക്ക് 28000 രൂപ വരെ ഉയർന്നു
ന്യൂ ഡൽഹി: ക്രിസ്തുമസ് -പുതുവത്സര അവധിയോട് അനുബന്ധിച്ച് അധിക ട്രെയിനുകൾ പ്രഖ്യാപിച്ചെങ്കിലും ഡൽഹി മലയാളികളുടെ യാത്രാക്ലേശത്തിന് ഇനിയും പരിഹാരമായില്ല . നാട്ടിലേക്ക് പോകാൻ പലർക്കും ഇതുവരെ ടിക്കറ്റ് ലഭിച്ചില്ല . 51 അധിക ട്രെയിനുകളുടെ സർവീസ് ഇന്ന് മുതൽ ആരംഭിക്കും. ഇന്നു രാത്രി 11 മണി മുതലാണ് ട്രെയിനുകള്‍ സർവീസ് ആരംഭിക്കുക. ചെന്നൈ ,ഹൈദരാബാദ്, മുംബൈ ,ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുമാണ് ട്രയിൻ അനുവദിച്ചിരിക്കുന്നത്. എന്നാൽ ഡൽഹി മലയാളികൾക്ക് ഇപ്പോഴും ടിക്കറ്റ് കിട്ടാക്കനിയായി തുടരുകയാണ്.
ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള വിമാന നിരക്ക് 28000 രൂപ വരെ ഉയർന്നു. ഇതേ സമയം വിമാനക്കമ്പനികളുടെ യാത്രാ നിരക്ക് വർധനവിനെതിരായ കെ.മുരളീധരന്റെ അടിയന്തര പ്രമേയ അനുമതി നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു.
51 സ്‌പെഷ്യൽ ട്രെയിനുകളിൽ 17 എണ്ണവും സൗത്ത് ഇന്ത്യൻ റെയിൽവേയാണ് അനുവദിച്ചിരിക്കുന്നത്. ചെന്നൈ ,എഗ്മൂർ ,വേളാങ്കണ്ണി ,താമ്പരം എന്നീ സ്ഥലങ്ങളിൽ നിന്നും എറണാകുളം ,കൊല്ലം ,പാലക്കാട് എന്നീ സ്റ്റേഷനുകളിലേക്കാണ് 17 സർവീസ് അനുവദിച്ചിരിക്കുന്നത്. ജനുവരി 2 വരെ സ്പെഷ്യൽ സർവീസ് തുടരും. ക്രിസ്‌തുമസ് -പുതുവത്സര അവധിക്കു ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർലമെന്റിൽ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്. സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചതിൽ വടക്കൻ കേരളത്തിനെ ഒഴിവാക്കിയതിലും പ്രതിഷേധമുണ്ട്. മലബാറിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന് എം.കെ രാഘവൻ റെയിൽ മന്ത്രി അശ്വനി വൈഷണവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
'സാധാരണ ഉള്ളതിന്‍റെ അഞ്ചിരട്ടി വരെ ട്രെയിൻ നിരക്ക് ഉയർന്നു. ജനത്തിന് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്നാൽ മന്ത്രി പറയുന്നത് അത് സീസണായത് കൊണ്ടാണെന്നാണ്. സീസണായാൽ ആളുകളെ കൊള്ളയടിക്കുകയല്ല കേന്ദ്ര സർക്കാർ ചെയ്യേണ്ടതെന്ന് കെ.മുരളീധരൻ പറഞ്ഞു.