ഇൻഡിഗോ വിമാനത്തിൽ പ്രത്യേക സ്വാഗതം ലഭിച്ചെന്ന് ശശി തരൂർ
|'നന്ദി തരൂർ, വാക്കുകളുടെ രാജാവിനെ ഞങ്ങളുടെ വിമാനത്തിൽ ലഭിച്ചത് മഹത്തരമായി';കുറിപ്പിന് താഴെ നന്ദിയുമായി ഇൻഡിഗോയെത്തി
ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രയിൽ കോൺഗ്രസ് നേതാവ് ശശി തരൂരിന് പ്രത്യേക സ്വാഗതം. കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിലൂടെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ശശി തരൂർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാന യാത്രയിൽ ചില അപ്രതീക്ഷിത നിമിഷങ്ങൾ, ക്യാപ്റ്റൻ ഇന്ദ്രപ്രീത് സിംഗ് എനിക്ക് പ്രത്യേക സ്വാഗതം പറഞ്ഞു. സഹയാത്രികർ അഭിനന്ദിച്ചു. വിമാനത്തിലെ അധിക സമയവും സെൽഫികൾക്കായി ചെലവിട്ടു. ചില യുവയാത്രികർ ഓട്ടോഗ്രാഫ് ബുക്കുകളുമായെത്തി' ചില ആരാധകരുടെ ഫോട്ടോ സഹിതം തരൂർ ട്വിറ്ററിൽ കുറിച്ചു.
കുറിപ്പിന് താഴെ നന്ദിയുമായി ഇൻഡിഗോയെത്തി. 'നന്ദി തരൂർ, വാക്കുകളുടെ രാജാവിനെ ഞങ്ങളുടെ വിമാനത്തിൽ ലഭിച്ചത് മഹത്തരമായി.
'നിങ്ങളൊരു കാന്തിക പ്രഭാവമുള്ള നേതാവാണ്, വളരെ വിനീതനും ബുദ്ധിജീവിയും' മറ്റൊരു ട്വിറ്റർ ഉപഭോക്താവ് കുറിച്ചു.
66കാരനായ തരൂർ കഴിഞ്ഞ ആഴ്ചയാണ് കോൺഗ്രസ് പ്രസിഡൻറ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഒക്‌ടോബർ 17നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒക്‌ടോബർ 19ന് ഫലം പുറത്തുവരും. മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയാണ് എതിരാളി.
അതേസമയം, മല്ലികാർജ്ജുൻ ഖാർഗെയെ കുറിച്ച് താൻ പറയാത്ത വാക്കുകൾ ന്യൂ ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ചെന്ന് ശശി തരൂർ എം.പി പറഞ്ഞു. അടിയന്തരമായി തിരുത്തൽ പ്രസിദ്ധീകരിക്കണമെന്നും തരൂർ ട്വിറ്ററിൽ ആവശ്യപ്പെട്ടു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളാണ് തരൂരും ഖാര്‍ഗെയും.'ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ഞാൻ ഉപയോഗിക്കാത്ത ഒരു വാക്കെടുത്ത് എന്റേതായി നൽകിയിട്ടുണ്ട്. ഖാർഗെയെ കുറിച്ച് 'ആൻ ഇഗ്നോറന്റ് ഏജന്റ് ഓഫ് ചെയ്ഞ്ച്' (മാറ്റത്തെ കുറിച്ച് അറിവില്ലാത്ത ഏജന്റ്) എന്ന് ഞാൻ വിളിച്ചു എന്നാണ് പത്രം പറയുന്നത്. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. അതിന്റെ അർത്ഥം എന്താണ് എന്നു പോലും എനിക്കറിയില്ല. അടിയന്തരമായ നടപടി ആവശ്യപ്പെടുന്നു' - എഡിറ്റർ പ്രഭു ചാവ്‌ലയെ ടാഗ് ചെയ്ത് തരൂർ ആവശ്യപ്പെട്ടു.
തരൂർ ഹൈദരാബാദിൽ എത്തിയ വേളയിൽ മാധ്യമങ്ങളോട് സംസാരിച്ചതാണ് പത്രം വാർത്തയാക്കിയത്. താനും ഖാർഗെയും തമ്മിൽ പ്രത്യയശാസ്ത്രപരമായ ഭിന്നതകളില്ലെന്നും ബിജെപിയെ നേരിടാൻ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ടതുണെന്നും തരൂർ അഭിപ്രായപ്പെട്ടിരുന്നു.
'അദ്ദേഹം (ഖാർഗെ) മാറ്റത്തിന്റെ വക്താവാണ് എന്നായിരുന്നു ധാരണ. നേതൃത്വത്തിൽ നമ്മൾ മാറ്റങ്ങൾ കണ്ടിട്ടുണ്ട്. അദ്ദേഹം അതു ചെയ്യാത്തതു മുതൽ... അദ്ദേഹം മാറ്റത്തെ കുറിച്ച് അജ്ഞനായ വക്താവാണ്' - എന്നാണ് പത്രം പ്രസിദ്ധീകരിച്ചത്.
പ്രചാരണത്തിനായി ശശി തരൂർ ഇന്ന് കേരളത്തിലാണുള്ളത്. ഒരു സ്ഥാനാർത്ഥിക്കും പരസ്യ പിന്തുണ നൽകരുതെന്ന എഐസിസി മാർഗനിർദേശം തള്ളി ഖാർഗെയ്ക്ക് പിന്തുണ നൽകിയ കെപിസിസിയുടെ നടപടിയിൽ തരൂരിന് അതൃപ്തിയുണ്ട്. എന്നാൽ തരൂരിന്റെ അതൃപ്തി കാര്യമാക്കേണ്ടെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. എന്നാൽ സംസ്ഥാനത്തു നിന്നുള്ള നിരവധി യുവ നേതാക്കൾ തരൂരിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
സംസ്ഥാന കോൺഗ്രസിലെ മുതിർന്ന നേതാക്കൾ തനിക്കൊപ്പമില്ലെന്ന് ശശിതരൂർ പറഞ്ഞു. മുതിർന്ന നേതാക്കൾക്ക് വിവേചനമുണ്ട്. നേതാക്കൾ പക്ഷം പിടിക്കരുതെന്ന നിർദേശമുണ്ടെങ്കിലും വലിയ നേതാക്കളൊന്നും എനിക്കൊപ്പം കാണില്ല. നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ വലിയ നേതാക്കളൊന്നും തന്നെ തനിക്കൊപ്പമുണ്ടായിരുന്നില്ലെന്നും തരൂർ പറഞ്ഞു.പാർട്ടി പ്രവർത്തകരുടെ ആഗ്രഹങ്ങളെ മുന്നോട്ട് കൊണ്ടുപോകാനാണ് അധ്യക്ഷ സ്ഥാനത്ത് വേണ്ടി ഞാൻ മത്സരിക്കുന്നത്. ഭാരതം മുഴുവൻ ഇങ്ങനെയുള്ള ആൾക്കാരാണ് എനിക്ക് പിന്തുണ തരുന്നത്. ഞങ്ങൾക്ക് ഒരു മാറ്റം വേണം. നിങ്ങൾ നിൽക്കണം. ഒരിക്കലും പിൻവലിക്കരുത്. എല്ലാ വിധത്തിലും ഞങ്ങളുടെ പിന്തുണയുണ്ടാകുമെന്നു പറഞ്ഞാണ് ആളുകൾ വിളിക്കുന്നത്. അവരുടെ വിശ്വാസത്തെ ഞാൻ ഒരിക്കലും തകർക്കില്ല - തരൂർ പറഞ്ഞു.
പാർട്ടിയുടെ അകത്ത് ജനാധിപത്യം ഉണ്ടാവണം എന്ന് വിശ്വാസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. രാഹുൽ ഗാന്ധിയും അങ്ങനെതന്നെയാണ് വിശ്വസിക്കുന്നത്. അദ്ദേഹം പത്ത് വർഷം മുമ്പ് തന്നെ പറയാൻ തുടങ്ങിയ ഒരു കാര്യമാണ് പാർട്ടിയിൽ തെരഞ്ഞെടുപ്പ് വേണം എന്നത്. ഈ തീരുമാനം പാർട്ടിക്ക് ഗുണമേ ചെയ്യൂ. കോൺഗ്രസ് പാർട്ടിയുടെ ഒരു ശക്തിയാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.പാർട്ടിയുടെ അകത്തുള്ള ഐഡിയോളജിയെ കുറിച്ച് ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസമില്ല. ബിജെപിയുടെ വെല്ലുവിളികളെ നേരിടാനാണ് ഞങ്ങൾ ഇറങ്ങിത്തിരിച്ചത്. എന്നാൽ അത് എങ്ങനെ ചെയ്യണം, എങ്ങനെ ശക്തമാക്കണം എന്ന കാര്യത്തിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. ആര് ജയിച്ചാലും ശരിക്കുള്ള വിജയം പാർട്ടിയുടെ വിജയമായിരിക്കുമെന്നാണ് എൻറെ വിശ്വാസം. അവരവരുടെ മനസ്സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യട്ടെ എന്നും തരൂർ കൂട്ടിച്ചേർത്തു.
Special welcome to Congress leader Shashi Tharoor on Indigo flight from Hyderabad to Thiruvananthapuram.