India
The speed with which Rahul Gandhi was disqualified, should be the same to reinstate him.
India

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കുന്നതിൽ നിന്ന് സ്പീക്കർ ഒഴിഞ്ഞുമാറുന്നുവെന്ന് കോൺഗ്രസ്

Web Desk
|
5 Aug 2023 11:28 AM GMT

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വേഗത അദ്ദേഹത്തെ തിരിച്ചെടുക്കുന്നതിലും വേണമെന്ന് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു.

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കുന്നതിൽ നിന്ന് സ്പീക്കർ ഒഴിഞ്ഞുമാറുകയാണെന്ന് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി. രാഹുലിന്റെ അയോഗ്യത നീക്കാനുള്ള രേഖകൾ നേരിട്ട് കൈപ്പറ്റിയില്ല. രേഖകൾ സെക്രട്ടറി ജനറലിന് കൈമാറാനാണ് സ്പീക്കർ നിർദേശിച്ചത്. സെക്രട്ടറി ജനറലിനെ വിളിച്ചപ്പോൾ ഓഫീസ് അവധിയാണെന്നും കത്ത് സ്പീക്കർക്ക് കൈമാറാനും പറഞ്ഞു. കത്ത് തപാലിൽ അയച്ചെങ്കിലും അതിൽ സീൽവെക്കാൻ അവർ തയ്യാറായില്ലെന്നും അധിർ രഞ്ജൻ ചൗധരി പറഞ്ഞു.

മോദി പരാമർശത്തിൽ ഇന്നലെയാണ് സുപ്രിംകോടതി രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് കോടതിയുടെ ശിക്ഷ സ്‌റ്റേ ചെയ്തത്. പരമാവധി ശിക്ഷ വിധിക്കാൻ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ശിക്ഷ സ്‌റ്റേ ചെയ്തത്.

2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ, ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്?’ എന്നു നടത്തിയ പരമാർശമാണ് കേസിനടിസ്ഥാനം. പൂർണേശ് മോദി നൽകിയ പരാതിയില്‍ മാർച്ച് 23നു സൂറത്ത് മജിസ്ട്രേട്ട് കോടതി രാഹുലിന് രണ്ടു വർഷം തടവും പിഴയും വിധിച്ചു. ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ജില്ലാ കോടതിയേയും ഗുജറാത്ത് ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

Similar Posts