India
Speeding car plows into 5 bikes in Maharashtra’s Kolhapur, 3 killed
India

പൂനെ മോഡലിൽ അമിതവേ​ഗത്തിലെത്തി അ‍ഞ്ച് ബൈക്കുകളെ ഇടിച്ചുതെറിപ്പിച്ച് 17കാരൻ ഓടിച്ച കാർ; മൂന്ന് പേർക്ക് ദാരുണാന്ത്യം

Web Desk
|
3 Jun 2024 1:44 PM GMT

അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന 17കാരനെ കൂടാതെ മരിച്ച മറ്റ് രണ്ട് പേരിൽ പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയും ഉൾപ്പെടുന്നു.

മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിൽ 17കാരനോടിച്ച പോർഷെ കാറിടിച്ച് യുവ ടെക്കികൾ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പ് കോലാപൂരിലും സമാന ദുരന്തം. പ്രായപൂർത്തിയാവാത്ത ആൺകുട്ടി അമിതവേ​ഗത്തിലോടിച്ച കാർ അഞ്ച് ബൈക്കുകളെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ഡ്രൈവറായ ആൺകുട്ടിയടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം.

സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാഞ്ഞുവരുന്ന കാർ ആദ്യം മുന്നിൽ സഞ്ചരിച്ച മൂന്ന് ബൈക്കുകളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട കാർ റോഡരികിൽ വച്ചിരുന്ന ബാരിക്കേഡിലും ഒരു ഓട്ടോയിലും മറ്റ് രണ്ട് ബൈക്കുകളിലും കൂടി ഇടിച്ചു. തുടർന്ന് സിഗ്നൽ തൂൺ തകർത്ത് സൈഡ് ഡിവൈഡറിൽ ഇടിച്ച് ഒരു വശത്തേക്ക് മറിയുകയും ചെയ്തു.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികർ തെറിച്ചുവീഴുന്നത് ദൃശ്യങ്ങളിൽ കാണാം. അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന 17കാരനെ കൂടാതെ മരിച്ച മറ്റ് രണ്ട് പേരിൽ പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയും ഉൾപ്പെടുന്നു.

മേയ് 19 ഞായാറാഴ്ച പുലർച്ചെ 3.15നാണ് പൂനെയിൽ രണ്ടു പേർ കൊല്ലപ്പെട്ട കാറപകടം ഉണ്ടായത്. 12ാം ക്ലാസ് വിജയിച്ചതിന്‍റെ ആഘോഷം നടത്തി പബ്ബിൽ നിന്നും മദ്യപിച്ച് ലക്കുകെട്ട് മണിക്കൂറിൽ 200 കിലോമീറ്ററിലേറെ വേഗതയിൽ 17കാരൻ കാറോടിക്കുകയായിരുന്നു. ബൈക്ക് യാത്രികരായ അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് കൊല്ലപ്പെട്ടത്.

17കാരനെ പ്രദേശത്തുണ്ടായിരുന്നവർ കാറിൽ നിന്നും പിടികൂടി പൊലീസിലേൽപ്പിച്ചെങ്കിലും പ്രായപൂർത്തിയായില്ലെന്ന് കാട്ടി മണിക്കൂറുകൾക്കകം പൊലീസ് ജാമ്യം നൽകിയത് വിവാദമായി. പൊലീസ് നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമുയർന്നു. 17കാരനെ വിട്ടയക്കാൻ ഭരണപക്ഷത്തിന്‍റെ ഇടപെടലുണ്ടായെന്ന പ്രതിപക്ഷ ആരോപണത്തോടെ സംഭവം രാഷ്ട്രീയ വിവാദമായി. തുടർന്ന് കൗമാരക്കാരന്‍റെ ജാമ്യം ജുവൈനൽ ജസ്റ്റിസ് ബോർഡ് റദ്ദാക്കി ചിൽഡ്രൻ ഒബ്സർവേഷൻ സെന്ററിലേക്ക് മാറ്റി.

അപകടശേഷം ഒളിവിൽ പോയ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ പിതാവ് വിശാൽ അഗർവാളിനെയും പ്രായപൂർത്തിയാവാത്തയാൾക്ക് മദ്യം നൽകിയ ബാറുടമകളേയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. വാഹനമോടിച്ചത് താനാണെന്ന് പറയാൻ ഡ്രൈവറെ നിർബന്ധിച്ച കുറ്റത്തിന് 17കാരന്‍റെ മുത്തച്ഛൻ സുരേന്ദ്ര അഗർവാളും അറസ്റ്റിലായി.

കൗമാരക്കാരന്‍റെ രക്ത പരിശോധനയിൽ മദ്യത്തിന്‍റെ അംശം നെഗറ്റീവ് ആണെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, അപകടം നടക്കുംമുമ്പ് കൗമാരക്കാരൻ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ, രക്ത സാമ്പിളുകളുടെ ഫലത്തിൽ കൃത്രിമം കാണിച്ച പൂനെ സാസൂൺ ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും ക്രൈംബ്രാഞ്ചിന്റെ പിടിയിലായി.

ആശുപത്രിയിലെ പ്യൂൺ ഇടനിലക്കാരനായി നിന്ന് ഡോക്ടർമാർക്ക് മൂന്ന് ലക്ഷം രൂപ 17കാരന്‍റെ കുടുംബത്തിൽ നിന്നും കൈക്കൂലിയായി വാങ്ങി നൽകിയെന്നും പൂനെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. അപകടശേഷമുള്ള രക്ത പരിശോധനയ്ക്ക് തന്‍റെ രക്തം മാറ്റി നൽകിയെന്ന കുറ്റത്തിന് പൂനെ സിറ്റി പൊലീസ് കൗമാരക്കാരന്റെ അമ്മയെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. 17കാരന്‍റെ രക്ത സാമ്പിൾ മാറ്റാൻ മഹാരാഷ്ട്ര മന്ത്രിയും എം.എൽ.എയും ഇടപെട്ടെന്ന് ആശുപത്രി ഡീൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അമ്മയുടെ അറസ്റ്റുണ്ടായത്.





Similar Posts