വിമാനം പറത്തുന്നതിനിടെ കോക്പിറ്റിൽ ഹോളി ആഘോഷിച്ച് പൈലറ്റുമാർ; നടപടി
|സംഭവത്തിൽ അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് ഉചിതമായ തുടർ നടപടി സ്വീകരിക്കുമെന്ന് സ്പൈസ്ജെറ്റ് വക്താവ് പറഞ്ഞു.
ഡൽഹി: ഡൽഹി-ഗുവാഹത്തി സ്പൈസ്ജെറ്റ് വിമാനത്തിൽ ഡ്യൂട്ടിക്കിടെ കോക്പിറ്റിൽ ഹോളി ആഘോഷിച്ച പൈലറ്റുമാർക്കെതിരെ നടപടി. രണ്ട് പൈലറ്റുമാർക്കെതിരെയാണ് ഇന്ത്യൻ എയർലൈൻ സ്‌പൈസ്‌ജെറ്റിന്റെ നടപടി. ഇരുവരേയും ജോലിയിൽ നിന്ന് ഒഴിവാക്കി.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഫ്ലൈറ്റ് ഡെക്കിന്റെ സെന്റർ കൺസോളിന് മുകളിൽ ഇരുവരും ഒരു കപ്പ് കട്ടൻ കാപ്പി വയ്ക്കുകയും ഗുജിയ (ഒരു തരം പലഹാരം) കഴിക്കുകയുമായിരുന്നു. ഇതിന്റെ ചിത്രങ്ങൾ പുറത്തുവരികയും വിമർശനം ശക്തമാവുകയും ചെയ്തതിനു പിന്നാലെയാണ് നടപടി.
ചെറിയ തോതിൽ പോലും വെള്ളം ഈ സ്ഥലത്ത് വീഴുന്നത് വിമാനത്തിന്റെ പ്രവർത്തനത്തേയും യാത്രക്കാരുടെ സുരക്ഷിതത്വത്തേയും ബാധിക്കും എന്നിരിക്കെയായിരുന്നു പൈലറ്റുമാരുടെ നിരുത്തരവാദ നടപടി. പൈലറ്റുമാരുടെ നിരുത്തരവാദിത്തം കാണിക്കുന്ന ചിത്രം സോഷ്യൽമീഡിയകളിൽ വൈറലായിരുന്നു. പൈലറ്റുമാർ ഗുജിയയും ഒരു ഗ്ലാസ് കാപ്പിയും കൺസോളിൽ സൂക്ഷിച്ചിരിക്കുന്നത് ചിത്രത്തിൽ കാണാം.
സംഭവത്തിൽ അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് ഉചിതമായ തുടർ നടപടി സ്വീകരിക്കുമെന്ന് സ്പൈസ്ജെറ്റ് വക്താവ് പറഞ്ഞു. "പൈലറ്റുമാർക്കെതിരായ അന്വേഷണം നടക്കുകയാണ്. സ്‌പൈസ്ജെറ്റിന് കോക്‌പിറ്റിനുള്ളിൽ ഭക്ഷണം കഴിക്കുന്നതിന് കർശനമായ നയമുണ്ട്. അത് എല്ലാ ജീവനക്കാരും പാലിച്ചുവരുന്നു. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് ഇവർക്കെതിരെ ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കും"- അദ്ദേഹം കൂട്ടിച്ചേർത്തു.
പൈലറ്റുമാരുടെ പെരുമാറ്റത്തിൽ വിമർശനവുമായി നിരവധി പേരാണ് ട്വിറ്ററിലൂടെ രംഗത്തുവന്നത്. പൈലറ്റുമാരുടേത് ഭയനാകവും അങ്ങേയറ്റം പ്രൊഫഷണൽ അല്ലാത്തതുമായ പെരുമാറ്റവുമാണെന്ന് ഒരു ട്വിറ്റർ ഉപഭോക്താവ് കുറിച്ചു. കാപ്പി താഴെ വീണാൽ അത് ഇലക്ട്രോണിക്സ് ഷോർട്ട് സർക്യൂട്ടിന് കാരണമാവുകയും മറ്റ് സംവിധാനങ്ങളെ ബാധിക്കുകയും വിമാനത്തിന്റെ സുരക്ഷയ്ക്ക് അപകടം സൃഷ്ടിക്കുകയും ചെയ്യും- അദ്ദേഹം ചൂണ്ടിക്കാട്ടി.