India
ആരോപണങ്ങൾ ഗുരുതരം; പ്രതിഷേധിക്കുന്ന കായിക താരങ്ങളെ കായികമന്ത്രി നേരിൽ കാണും
India

'ആരോപണങ്ങൾ ഗുരുതരം'; പ്രതിഷേധിക്കുന്ന കായിക താരങ്ങളെ കായികമന്ത്രി നേരിൽ കാണും

Web Desk
|
19 Jan 2023 4:02 PM GMT

റെസ്‌ലിങ് ഫെഡറേഷനോട് കായികമന്ത്രാലയം വിശദീകരണം തേടിയിരുന്നു.

ന്യൂഡൽഹി: റെസ്‌ലിങ് ഫെഡറേഷൻ പ്രസിഡന്റിനെതിരെ ഗുസ്തി താരങ്ങൾ ഉന്നയിച്ച പ്രശ്‌നങ്ങൾ ഗൗരവമായാണ് കാണുന്നതെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ. ഡൽഹിയിൽ തിരിച്ചെത്തിയാൽ ഇന്ന് രാത്രി തന്നെ താരങ്ങളെ നേരിൽ കാണുമെന്നും മന്ത്രി പറഞ്ഞു. റെസ്‌ലിങ് ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ വനിതാ ഗുസ്തി താരങ്ങളോട് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് താരങ്ങൾ ഡൽഹിയിൽ പ്രതിഷേധിക്കുന്നത്.

ഒളിമ്പ്യൻമാരായ വിനേഷ് ഫൊഗട്ട്, രവി കുമാർ ദാഹിയ, ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബ്രിജ് ഭൂഷണെതിരെ ഡൽഹിയിൽ താരങ്ങൾ പ്രതിഷേധിക്കുന്നത്. ലഖ്‌നോവിൽ നടന്ന ദേശീയ ക്യാമ്പിനിടെ ചില കോച്ചുമാരും ബ്രിജ് ഭൂഷണും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് വിനേഷ് ഫൊഗട്ട് വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ ആരോപിച്ചത്.

തങ്ങളുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കപ്പെടുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ഗുസ്തി താരങ്ങൾ വ്യക്തമാക്കിയിരുന്നു. ബ്രിജ് ഭൂഷണെ പുറത്താക്കണമെന്നും ദേശീയ റെസ്‌ലിങ് ഫെഡറേഷനെയും നിരവധി സംസ്ഥാന അസോസിയേഷനുകളെയും പിരിച്ചുവിടണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു.

ആരോപണം സംബന്ധിച്ച് റെസ്‌ലിങ് ഫെഡറേഷനോട് കായികമന്ത്രാലയം വിശദീകരണം തേടിയിരുന്നു. 72 മണിക്കൂറിനകം വിശദീകരണം നൽകിയില്ലെങ്കിൽ പിരിച്ചുവിടുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

Similar Posts