ജാർഖണ്ഡിന് വീണ്ടും ഹേമന്തകാലം; ഇത് സോറന്റെ വിജയം
|സോറനെ നെഞ്ചോടുചേർത്ത് ജാർഖണ്ഡ്
റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായ ജാർഖണ്ഡിൽ മിന്നും വിജയം സ്വന്തമാക്കി ഇൻഡ്യാ മുന്നണി. ഹേമന്ത് സോറന്റെ ജെഎംഎം പാർട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച മുന്നണി 81ൽ 56 സീറ്റുകളും നേടിയെടുത്ത് വെന്നിക്കൊടി പാറിച്ചു. 24 സീറ്റുകൾ മാത്രമാണ് എൻഡിഎയ്ക്ക് സ്വന്തമാക്കാനായത്. ശേഷിക്കുന്ന ഒരു സീറ്റിൽ ജയിച്ചത് സ്വതന്ത്രനാണ്.
ഹേമന്ത് സോറനെ ജയിലിലടച്ചതും, തീവ്ര വർഗീയ പരമർശങ്ങൾ സംസ്ഥാനത്തുപയോഗിച്ചതും ബിജെപിക്ക് തിരിച്ചടിയായി.
ഇൻഡ്യാ മുന്നണിക്കായി 81 സീറ്റിൽ 41 സീറ്റുകളിലും മത്സരിച്ചത് ജെഎംഎം തന്നെയാണ് ഇതിൽ 34 സീറ്റുകളിലും പാർട്ടിക്ക് വിജയിക്കാനായി. 30 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ജയിച്ചത് 16 സീറ്റുകളിലാണ്. ആറ് സീറ്റുകളിൽ മത്സരിച്ച ആർജെഡി നാല് സീറ്റുകളിലും നാല് സീറ്റുകളിൽ മത്സരിച്ച സിപിഐഎംഎൽ രണ്ട് സീറ്റുകളിലുമാണ് വിജയിച്ചത്.
21 സീറ്റുകളിലാണ് എൻഡിഎക്കായി ബിജെപിക്ക് വിജയിക്കാനായത്. എജെഎസ്‌യുപി ഒന്ന്, എൽജെപിആർവി ഒന്ന്, ജനതാ ദൾ ഒന്ന് എന്ന കണക്കിലാണ് എൻഡിഎയുടെ വിജയക്കണക്ക്.
2019ൽ 46 സീറ്റുകളാണ് കോൺഗ്രസിനും മറ്റ് ഘടകകക്ഷികൾക്കുമൊപ്പം ചേർന്ന് ജെഎംഎമ്മിന് നേടാനായിരുന്നത്. എൻഡിഎയ്ക്ക് ആകെ 30 സീറ്റുകളാണ് നേടാനായത്. മറ്റു സീറ്റുകൾ പ്രാദേശിക പാർട്ടികളാണ് നേടിയത്.
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ജെഎംഎമ്മിന്റെ ഹേമന്ത് സോറൻ തന്നെയായിരിക്കും വീണ്ടും അധികാരത്തിലെത്തുക എന്നാണ് നിഗമനം. 39,791 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സോറന്റെ വിജയം.
2,000ത്തിലെ സംസ്ഥാനരൂപീകരണത്തിന് ശേഷം ഇതുവരെ കാണാത്ത വിജയത്തിലേക്ക് പാർട്ടിയെ എത്തിച്ചതിന് തന്റെ പത്‌നിയോടും അനുയായികളോടും നന്ദി പറഞ്ഞാണ് സോറൻ തന്റെ വിജയത്തിൽ പ്രതികരിച്ചത്. തന്റെ എക്‌സ് അക്കൗണ്ടിൽ സോറൻ തന്റെ ശക്തി എന്ന അടിക്കുറിപ്പോടെ മക്കളോടൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചു. തങ്ങളുടെ ലക്ഷ്യത്തിനായി കൃത്യമായി ഗൃഹപാഠം ചെയ്തിട്ടുണ്ട്. ഇത് വളരെ ബുദ്ധിമുട്ടുള്ള തെരഞ്ഞെടുപ്പാകുമെന്ന് തനിക്ക് അറിയാമായിരുന്നു. ജയിക്കുക എന്ന ലക്ഷ്യത്തിനായി തങ്ങൾ ധാരാളം അധ്വാനിച്ചിട്ടുണ്ടെന്ന് പറഞ്ഞ സോറൻ തങ്ങൾ പറയാനുദ്ദേശിക്കുന്നത് ജനങ്ങളിലെത്തിക്കുന്നതിൽ വിജയിച്ചെന്നും വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 14ൽ അഞ്ച് സീറ്റുകൾ മാത്രമാണ് തങ്ങൾക്ക് നേടാനായത്, താൻ ജയിലിലല്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ നേടാനാവുമായിരുന്നു. എന്നാൽ എന്റെ കുറവ് മനസിലാക്കി എന്റെ ഭാര്യ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. ഇത്തവണ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചെന്നും സോറൻ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് സമയത്ത് തന്റെയുള്ളിൽ രക്തം വാർന്നുവരുന്നത് പോലെയാണ് അനുഭവപ്പെട്ടത്. വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഇതുപൊലൊരു തെരഞ്ഞെടുപ്പ് താൻ കണ്ടിട്ടില്ലെന്നും ഇനി കാണില്ലെന്നും സോറൻ കൂട്ടിച്ചേർത്തു.
ഏറെ നേരം പിന്നിലായിരുന്ന ഗാണ്ഡെ സ്ഥാനാർഥിയും മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യയുമായ കൽപ്പന സോറൻ ഞൊടിയിടയിലാണ് തന്റെ ലീഡ് ഉയർത്തി വിജയത്തിലേക്കെത്തിയത്. 16,960 വോട്ടിന് മുകളിൽ ഭൂരിപക്ഷത്തിലാണ് കൽപ്പനയുടെ വിജയം. വോട്ടെണ്ണലിന്റെ തുടക്കം തൊട്ടേ കൽപ്പന ഏറെ പിന്നിലായിരുന്നു എന്നാൽ അവസാന റൗണ്ടുകൾ എണ്ണിത്തുടങ്ങിയതോടെ കൽപ്പന തന്റെ ലീഡുയർത്തുകയായിരുന്നു. ജനം തെരഞ്ഞെടുത്തത് വികസനത്തിന്റെ പാതയെന്നാണ് സംസ്ഥാനത്തിൽ വിജയമുറപ്പിച്ചതിന് പിന്നാലെ കൽപ്പന പറഞ്ഞത്. ജെഎംഎം വിട്ട് ബിജെപിയിൽ ചേർന്ന ഇടക്കാല മുഖ്യമന്ത്രി ചമ്പൈ സോറൻ 20,447 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മുൻ ബിജെപി മുഖ്യമന്ത്രി ബാബുലാൽ മറാണ്ടി 25,000ലധികം ഭൂരിപക്ഷവും നേടി.
രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡിൽ 67.55 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2019 ൽ ഇത് 65.18 ആയിരുന്നു.
എക്‌സിറ്റ് പോളുകളെ നിലംപരിശാക്കിയാണ് ഇൻഡ്യ മുന്നണിയുടെ വിജയമെന്നതും ഏറ്റവും കൗതുകകരമായ കാര്യമാണ്.
എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രകാരം എൻഡിഎക്കാണ് സംസ്ഥാനത്ത് മുൻതൂക്കം. എന്നാൽ ഉയർന്ന പോളിങ് ശതമാനം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ഇൻഡ്യാ സഖ്യം.ജാർഖണ്ഡിൽ 1,213 സ്ഥാനാർഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്.
തെരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാലെ ഇൻഡ്യ മുന്നണിയുടെ വിജയം അംഗീകരിച്ച് ബിജെപി ദേശീയധ്യക്ഷൻ ജെ.പി നദ്ദ രംഗത്തുവന്നു. ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നെന്നും, ജനങ്ങളുടെ താൽപര്യത്തിനായി പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് ഇനിയും തുടരുമെന്നായിരുന്നു നദ്ദയുടെ പ്രതികരണം.
ജെഎംഎമ്മിനെ അഭിനന്ദിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങൾക്കായി തന്റെ പാർട്ടി മുന്നോട്ടുവരുമെന്നും മോദി പറഞ്ഞു. എക്‌സിലൂടെയാണ് രണ്ട് നേതാക്കളും രംഗത്തുവന്നത്.
അടുത്തിടെ നിരവധി രാഷ്ട്രീയ ട്വിസ്റ്റുകൾക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് ജാർഖണ്ഡ്. ഭൂമി കുംഭകോണ കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലായതും ജയിലിലായതും പിന്നീട് പുറത്തിറങ്ങി വീണ്ടും മുഖ്യമന്ത്രിയായതുമെല്ലാം ജാർഖണ്ഡിലെ തെരഞ്ഞെടുപ്പിലുടനീളം ചർച്ചയായിരുന്നു.കൂടാതെ, ജെഎംഎമ്മിന് കനത്ത തിരിച്ചടി നൽകിക്കൊണ്ടാണ് ചംപെയ് സോറൻ പാർട്ടി വിട്ട് ബിജെപിയിൽ ചേക്കേറിയത്. മഹാരാഷ്ട്രയിലെ തോൽവിക്കിടയിലും ജാർഖണ്ഡിലെ വിജയം ഇൻഡ്യാ മുന്നണിക്ക് ആത്മവിശ്വാസം നൽകുന്നത് തന്നെയാണ്.