ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ ഇന്ത്യയിലെത്തി ശ്രീലങ്കൻ യുവതി; സ്വന്തം നാട്ടിലേക്ക് മടങ്ങില്ലെന്ന് യുവതി
|ടൂറിസ്റ്റ് വിസയുടെ കാലാവധി ആഗസ്റ്റ് 15 ന് തീരുമെന്നും അതിനിടയിൽ രാജ്യം വിടണമെന്നും പൊലീസ് അറിയിച്ചു
വിജയവാഡ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അന്ധ്ര പ്രദേശ് സ്വദേശിയെ വിവാഹം കഴിക്കാൻ ഇന്ത്യയിലെത്തി ശ്രീലങ്കൻ യുവതി.ശിവകുമാരി വിഘ്‌നേശ്വരി(25) ആണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ലക്ഷ്മണനെ (28) വിവാഹം കഴിക്കാൻ ഇന്ത്യയിലെത്തിയത്. ആറുവർഷമായി ഫേസ്ബുക്ക് സുഹൃത്തുക്കളായിരുന്നു ഇരുവരും.
ജൂലൈ എട്ടിനാണ് വിഘ്നേശ്വരി ആന്ധ്രാപ്രദേശിലെത്തിയത്. ടൂറിസ്റ്റ് വിസയിലാണ് യുവതി ചിറ്റൂരിൽ എത്തിയത്. ജൂലൈ 20ന് ചിറ്റൂർ ജില്ലയിലെ വി കോട്ടയിലുള്ള ക്ഷേത്രത്തിൽവെച്ച് ഇരുവരും വിവാഹിതരായി. അരിമാകുളപ്പള്ളി സ്വദേശിയായ ലക്ഷ്മൺ 2017ലാണ് വിഘ്നേശ്വരിയെ ഫേ സ്ബുക്കിലൂടെ പരിചയപ്പെട്ടത്. ലക്ഷ്മണിന്റെ വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും വിവാഹിതരായത്. തുടർന്ന് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.
ശനിയാഴ്ച ഇവരുടെ വിവാഹ വാർത്ത സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചു.ഇതോടെ സംഭവത്തിൽ പൊലീസ് ഇടപെട്ടു. യുവതിയുടെ ടൂറിസ്റ്റ് വിസയുടെ കാലാവധി ആഗസ്റ്റ് 15 ന് തീരുമെന്നും അതിനിടയിൽ രാജ്യം വിടണമെന്നും പൊലീസ് അറിയിച്ചു. ഇല്ലെങ്കിൽ വിസാ കാലാവധി നീട്ടി നൽകണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
താൻ സ്വന്തം രാജ്യത്തേക്ക് മടങ്ങില്ലെന്നും ഭർത്താവിനൊപ്പം ഇന്ത്യയിൽ താമസിക്കാൻ സൗകര്യമൊരുക്കണമെന്നും സർക്കാറിനോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് യുവതി പറഞ്ഞു. ഇന്ത്യൻ പൗരത്വം ലഭിക്കാൻ വിഘ്‌നേശ്വരി ശ്രമിക്കുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. വിഘ്നേശ്വരി ശ്രീലങ്കയിലെ വേലാങ്കുടി സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു. ഭാവിയിൽ സാധ്യമായ നിയമപരമായ കുരുക്കുകൾ ഒഴിവാക്കാൻ വിവാഹം രജിസ്റ്റർ ചെയ്യണമെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്.