‘ലൗ ജിഹാദ്’ കേസുകൾ കൈകാര്യം ചെയ്യാൻ ഹെൽപ്പ് ലൈനുമായി ശ്രീരാമ സേന
|‘മുസ്ലിം സ്ത്രീ സ്വമേധയാ ഹിന്ദുവായി മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ സംരക്ഷിക്കും’
മംഗളൂരു: കർണാടകയിലെ ‘ലൗ ജിഹാദ്’ കേസുകൾ കൈകാര്യം ചെയ്യാൻ ഹെൽപ്പ് ലൈൻ ആരംഭിച്ച് തീവ്ര ഹിന്ദുത്വ സംഘടനയായ ശ്രീരാമ സേന. ബുധനാഴ്ച മുതൽ ഹെൽപ്പ് ലൈൻ പ്രവർത്തനക്ഷമമായെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദ് ഷെട്ടി അഡയാർ പറഞ്ഞു.
9090443444 എന്നതാണ് നമ്പർ. ഹുബ്ബള്ളി ആസ്ഥാനമായാണ് ഹെൽപ്പ് ലൈൻ പ്രവർത്തിക്കുക. ഉപദേഷ്ടാക്കൾ, കൗൺസിലർമാർ, മുൻ പൊലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ എന്നിവർ ഹെൽപ്പ് ലൈൻ സംഘത്തിലുണ്ടാകുമെന്നും ശ്രീരാമ സേന അറിയിച്ചു.
രാജ്യത്തും കർണാടകയിലും ലൗ ജിഹാദ് കേസുകൾ വർധിച്ചതായി ആനന്ദ് ഷെട്ടി പറഞ്ഞു. ‘ലൗ ജിഹാദിൽ അകപ്പെട്ട് യുവതികൾക്ക് ജീവിതം നഷ്ടപ്പെടുകയാണ്. ചില സ്ത്രീകൾ മയക്കുമരുന്ന് കടത്ത്, തീവ്രവാദം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് തള്ളിവിടപ്പെട്ടു. പല അവസരങ്ങളിലും സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവരുടെ വിഷമങ്ങൾ കുടുംബാംഗങ്ങളുമായി പങ്കുവെക്കാൻ കഴിയാറില്ല. തങ്ങളുടെ ഹെൽപ്പ് ലൈൻ അവരുടെ ദുരിതങ്ങൾ പങ്കുവെക്കാനും മാർഗനിർദേശം നേടാനും സഹായിക്കും’ -ആനന്ദ് ഷെട്ടി പറഞ്ഞു.
‘2020-23 കാലഘട്ടത്തിൽ 153 സ്ത്രീകൾക്കാണ് ഉത്തരേന്ത്യയിൽ ലൗ ജിഹാദിന് ഇരയായി ജീവൻ നഷ്ടമായത്. ഇതിൽ 27.5 ശതമാനം പേർ പ്രായപൂർത്തിയാകാത്തവരും 15 ശതമാനം പേർ ദലിതരുമായിരുന്നു. 62 ശതമാനം കേസുകളിലും മുസ്ലിം പുരുഷന്മാരുടെ വിവരങ്ങൾ വെളിപ്പെട്ടിട്ടില്ല. 172 സ്ത്രീകളെയാണ് ദിവസവും രാജ്യത്ത് കാണാതാകുന്നത്’ -ആനന്ദ് ഷെട്ടി ആരോപിച്ചു.
‘ഫോൺ ലഭിച്ചുകഴിഞ്ഞാൽ ഞങ്ങളുടെ ടീം കേസിന്റെ വസ്തുത പരിശോധിക്കും. ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് കൗൺസിലിങ് നടത്തി എല്ലാ സഹായവും നൽകും. വിളിക്കുന്നവരുടെ വ്യക്തിത്വം വെളിപ്പെടുത്തില്ല.
ഹെൽപ്പ് ലൈൻ 24 മണിക്കൂറും ലഭ്യമാകും. ശ്രീരാമ സേന ഒരിക്കലും നിയമം കയ്യിലെടുക്കില്ല. പൊലീസിന്റെ സഹായം തേടുകയാണ് തങ്ങൾ ചെയ്യുക. ഹെൽപ്പ് ലൈനിന്റെ പേരിൽ സദാചാര പൊലീസിങ് നടത്തില്ല. ഞങ്ങൾ രാജ്യത്തിൻറെ ഭരണഘടനയിൽ വിശ്വസിക്കുന്നുണ്ട്. ഒരു മുസ്ലിം സ്ത്രീ സ്വമേധയാ ഹിന്ദുവായി മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ അവരെ സ്വാഗതം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യും’ -ആനന്ദ് ഷെട്ടി കൂട്ടിച്ചേർത്തു.