അഗ്‌നിപഥിനെ പിന്തുണച്ച് ശ്രീ ശ്രീ രവിശങ്കർ; പഴയ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയയുടെ പൊങ്കാല
|നരേന്ദ്ര മോദി അധികാരത്തിലെത്തിയാൽ ഇന്ത്യൻ രൂപ കരുത്താർജിക്കുമെന്ന് 2014ൽ ശ്രീ ശ്രീ രവിശങ്കർ ട്വീറ്റ് ചെയ്തിരുന്നു
ബംഗളൂരു: അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം കൊടുമ്പിരി കൊള്ളുന്നതിനിടെ കേന്ദ്ര സർക്കാരിനു പിന്തുണയുമായി ആർട്ട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും മികച്ച പദ്ധതിയാണ് അഗ്‌നിപഥ് എന്നാണ് രവിശങ്കർ വിശദീകരിച്ചത്. മറ്റു പ്രചാരണങ്ങളിൽ വഞ്ചിതരാകാതെ രാജ്യസേവനത്തിനുള്ള അവസരമായി ഇതിനെയെടുക്കാനും അദ്ദേഹം ട്വിറ്ററിൽ ആഹ്വാനം ചെയ്യുന്നുണ്ട്. അതേസമയം, 2014ൽ രവിശങ്കർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് കുത്തിപ്പൊക്കി ട്വീറ്റിനു താഴെ വൻ പൊങ്കാലയാണ് നടക്കുന്നത്.
ലോകത്ത് സ്വിറ്റ്‌സർലൻഡിനെയും സിംഗപ്പൂരിനെയും പോലുള്ള ചെറിയ രാജ്യങ്ങളിൽ പോലും ഒന്നോ രണ്ടോ വർഷം സൈനിക സേവനം നിർബന്ധമാണെന്നും ഇതിനോട് താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ പുതിയ സൈനികസേവന പദ്ധതി ഏറ്റവും മികച്ചതാണെന്നുമായിരുന്നു രവിശങ്കറിന്റെ ട്വീറ്റ്. ആത്മത്യാഗത്തിന്റെ ഊർജത്തിൽനിന്ന് രാജ്യത്തെ സംരക്ഷിക്കാനായി സ്വയം സമർപ്പിച്ച യുവാക്കൾക്ക് ഇതൊരു അവസരമാണ്. വഞ്ചിതരാകാതെ, കൃത്യമായി ചിന്തിച്ച് ലഭ്യമായ പരിശീലന, സൗകര്യങ്ങളെല്ലാം ഉപയോഗിച്ച് സ്വന്തത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കായി പ്രവർത്തിക്കൂവെന്നും ട്വീറ്റിൽ രവിശങ്കർ തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെയെല്ലാം ടാഗ് ചെയ്തായിരുന്നു ട്വീറ്റ്.
എന്നാൽ, 2014ൽ നരേന്ദ്ര മോദി അധികാരമേൽക്കുന്നതിനു മുൻപ് രവിശങ്കർ ട്വിറ്ററിലിട്ട ഒരു കുറിപ്പ് ഓർമിപ്പിക്കുകയാണ് സോഷ്യൽ മീഡിയ. മോദി അധികാരത്തിലെത്തിയാൽ ഒരു ഡോളറിന് 40 രൂപയായി (രൂപ) കരുത്താർജിക്കുമെന്ന് അറിയുന്നത് ആശ്വാസകരമാണെന്നായിരുന്നു പഴയ ട്വീറ്റ്. ദേശീയ മാധ്യമമായ 'സീ ന്യൂസി'ന്റെ ഒരു റിപ്പോർട്ട് പങ്കുവച്ചായിരുന്നു രവിശങ്കറിന്റെ കുറിപ്പ്. ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി നിൽക്കുമ്പോഴാണ് 2014 മാർച്ച് 21ന് മോദിയെ പിന്തുണച്ചിട്ട ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ പൊങ്കാലയിടുന്നത്.
ഈ വർഷം ജനുവരി മുതൽ ഡോളറിനെതിരെയുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപ താഴോട്ട് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ വർഷമാദ്യം വിനിമയ നിരക്ക് 74.25ൽനിന്ന് 78.17 രൂപയായി മാറി. നിലവിൽ ഒരു ഡോളറിന് 77.97 രൂപയാണ് ഇന്നത്തെ നിരക്ക്. രൂപയുടെ മൂല്യമിടിയുന്നത് ആഭ്യന്തര എണ്ണവിലയെയും പ്രതികൂലമായി ബാധിക്കും. നിലവിൽ 120 ഡോളറിന് മുകളിലാണ് രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില.
ഡോളറിൽ പണം നൽകിയാണ് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നത്. മൂല്യമിടിയുന്നതോടെ ഇതിനായി കൂടുതൽ ഡോളർ മുടക്കേണ്ടി വരും. ഇത് പെട്രോൾ-ഡീസൽ വില വർധനയ്ക്ക് കാരണമാകും. വിപണിയിൽ വിലക്കയറ്റത്തിനുള്ള സാഹചര്യവുമാണ് വരാനിരിക്കുന്നത്.
Summary: Sri Sri Ravi Shankar supports Agnipath amid nation wide protest; Social Media reminds his old tweet