'അമ്മ'യുടെ പടമുള്ള ബാഗുകള്‍ മാറ്റേണ്ട; ആ തുക കുട്ടികള്‍ക്ക്, തമിഴ്നാട് രാഷ്ട്രീയത്തില്‍ സ്റ്റാലിന്‍റെ വേറിട്ട പാത
|65 ലക്ഷത്തോളം സ്കൂൾ ബാഗുകളിലാണ് ജയലളിതയുടേയും എടപ്പാടിയുടെയും ചിത്രം പതിച്ച് കഴിഞ്ഞ സർക്കാർ സൗജന്യമായി വിതരണം ചെയ്തത്.
സ്കൂൾ കുട്ടികൾക്ക് കഴിഞ്ഞ സർക്കാർ നൽകിയ ജയലളിതയുടെയും എടപ്പാടി പളനിസ്വാമിയുടെയും ചിത്രമുള്ള സ്കൂൾ ബാഗുകൾ മാറ്റേണ്ടതില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ആ തുക വിദ്യാർഥികൾക്ക് ഗുണകരമാകുന്ന മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നും സ്റ്റാലിൻ നിർദേശിച്ചു.
ഇതിലൂടെ ഏകദേശം 13 കോടി രൂപയാണ് കുട്ടികളുടെ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുക. 65 ലക്ഷത്തോളം സ്കൂൾ ബാഗുകളിലാണ് ജയലളിതയുടേയും എടപ്പാടിയുടെയും ചിത്രം പതിച്ച് കഴിഞ്ഞ സർക്കാർ സൗജന്യമായി വിതരണം ചെയ്തത്.
അധികാര മാറ്റത്തിനനുസരിച്ച്, പൊതുജനത്തിന്റെ പണം ഉപയോഗിച്ച് നിർമിച്ച വൻപദ്ധതികൾ പോലും രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരിൽ അട്ടിമറിക്കപ്പെട്ടിടത്താണ് സ്റ്റാലിന്‍റെ നിര്‍ണായക തീരുമാനം വരുന്നത്. ചിത്രങ്ങൾ മാറ്റേണ്ടതില്ല എന്ന സർക്കാർ തീരുമാനം അണ്ണാ ഡി.എം.കെയുടെ മുതിർന്ന നേതാക്കളും സ്വാഗതം ചെയ്തു. എല്ലാവരെയും ഉൾക്കൊള്ളിച്ച് മുന്നോട്ടുപോകുന്ന ഭരണമാണ് തമിഴകത്ത് നടപ്പാക്കുന്നതെന്ന പ്രശംസയും സ്റ്റാലിന്‍ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.