വീട്ടമ്മമാർക്ക് 1000 രൂപ വേതനം, സർക്കാർ ജീവനക്കാർക്ക് ഒരു വർഷത്തെ പ്രസവാവധി- വാഗ്ദാനങ്ങൾ നിറവേറ്റി സ്റ്റാലിൻ സർക്കാർ
|പെട്രോൾ ലിറ്ററിന് മൂന്നു രൂപ കുറയ്ക്കാനുളള സർക്കാർ തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു
സർക്കാറിന്റെ കന്നിബഡ്ജറ്റിൽ സ്ത്രീകൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റി സ്റ്റാലിൻ സർക്കാർ. സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ പ്രസവാവധി ഒൻപത് മാസമായിരുന്നത് ഒരു വർഷമായി ദീർഘിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലെ വീട്ടമ്മമാർക്ക് മാസംതോറും 1000 രൂപ ധനസഹായം നൽകുമെന്നും ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പ്രഖ്യാപിച്ചു. വനിതകളുടെ സൗജന്യ ബസ് യാത്രയ്ക്കായി 703 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
പെട്രോൾ ലിറ്ററിന് മൂന്നു രൂപ കുറയ്ക്കാനുളള സർക്കാർ തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. എണ്ണക്കമ്പനികൾ അടിക്കടി ഇന്ധന വില വർധിപ്പിക്കുന്നതിനിടെയാണ് എക്സൈസ് നികുതിയിനത്തിൽ ലഭിക്കേണ്ട മൂന്നു രൂപ തമിഴ്നാട് വേണ്ടെന്നു വച്ചത്. പ്രതിവർഷം 1160 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഇതുവഴി സർക്കാറിനുണ്ടാകുക. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിർദേശ പ്രകാരമാണ് പെട്രോളിന്റെ നികുതി കുറയ്ക്കുന്നതെന്ന് ബജറ്റ് അവതരണത്തിൽ മന്ത്രി പറഞ്ഞു. ഡീസൽ സബ്സിഡിയില് നിന്നുള്ള 750 കോടി പൊതുഗതാഗത സംവിധാനത്തിനായി മാറ്റിവയ്ക്കുമെന്നും ബജറ്റിൽ നിർദേശമുണ്ട്.
സംസ്ഥാനത്തിനായി പ്രത്യേക വിദ്യാഭ്യാസ നയവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുസ്ലിം, ക്രിസ്ത്യൻ ആരാധനാലയങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ആറു കോടി രൂപയും അനുവദിച്ചു. കോയമ്പത്തൂരിൽ അഞ്ഞൂറേക്കറിൽ പ്രതിരോധ പാർക്ക്, , ഭക്ഷ്യ സബ്സിഡിക്കായി എണ്ണായിരം കോടി, മുഖ്യമന്ത്രിയുടെ ഇൻഷുറൻസ് പദ്ധതിക്കായി 1046 കോടി, ജൽശക്തി പദ്ധതിക്കായി 2000 കോടി, ഗ്രാമീണ പാർപ്പിട പദ്ധതിക്കായി 3800 കോടി എന്നിങ്ങനെയാണ് മറ്റു പ്രധാന പ്രഖ്യാപനങ്ങൾ.