'മാറിനിൽക്കൂ, ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കൂ': സിദ്ധരാമയ്യയോട് വൊക്കലിഗ പുരോഹിതൻ
|മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും നോക്കിനിൽക്കെയാണ് പ്രസ്താവന
ബംഗളൂരു: കർണാടക മുഖ്യമന്ത്രിസ്ഥാനം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് കൈമാറണമെന്നാവശ്യപ്പെട്ട് വൊക്കലിഗ സമുദായത്തിന്റെ മുഖ്യപുരോഹിതൻ കുമാര ചന്ദ്രശേഖരനാഥ സ്വാമി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും നോക്കിനിൽക്കെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബെംഗളൂരു സ്ഥാപകൻ കെംപെഗൗഡയുടെ 515-ാം ജന്മവാർഷികാഘോഷത്തിനിടെയാണ് പ്രസ്താവന. ബംഗളൂരു ആസ്ഥാനമായ വിശ്വ വൊക്കലിഗ മഹാസംസ്ഥാന മഠത്തിന്റെ തലവനാണ് കുമാര ചന്ദ്രശേഖരനാഥ സ്വാമി.
'എല്ലാവരും മുഖ്യമന്ത്രിയായിട്ടുണ്ട്, അധികാരത്തിന്റെ രുചി അറിയുകയും ചെയ്തു. ഡികെ ശിവകുമാർ മാത്രം മുഖ്യമന്ത്രിയായിട്ടില്ല. സിദ്ധരാമയ്യ മനസ്സുവെച്ചാൽ മാത്രമേ ഇത് സംഭവിക്കകയുള്ളു. അതിനാൽ ദയവായി ശിവകുമാറിനെ മുഖ്യമന്ത്രിയാക്കൂ.'- എന്നാണ് കുമാര ചന്ദ്രശേഖരനാഥ സ്വാമി പറഞ്ഞത്. മുതിർന്ന വൊക്കലിഗ പുരോഹിതൻമാരായ നിർമ്മലാനന്ദനാഥ സ്വാമി(ആദി ചുഞ്ചുനഗിരി മഠം), നഞ്ചവധൂത സ്വാമി(സ്പടികപുരി മഠം) എന്നിവരും വേദിയിൽ ഉണ്ടായിരുന്നു. ചന്നഗിരിയിലെ കോൺഗ്രസ് എംഎൽഎ ബസവരാജു ശിവഗംഗയും ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
'ശിവകുമാർ കഠിനാധ്വാനം ചെയ്യുകയും പാർട്ടിയെ സംഘടിപ്പിച്ച് കോൺഗ്രസിന് 135 സീറ്റുകൾ ഉറപ്പാക്കുകയും ചെയ്തു. ശിവകുമാറിനെപ്പോലെ സിദ്ധരാമയ്യ അധ്വാനിച്ചിട്ടില്ല. സിദ്ധരാമയ്യ നേരത്തെ തന്നെ അധികാരം ആസ്വദിച്ചിട്ടുള്ളതിനാൽ ശിവകുമാർ മുഖ്യമന്ത്രിയായാൽ നന്നായിരിക്കും.'-പരിപാടിക്ക് ശേഷം ചന്ദ്രശേഖരനാഥ സ്വാമി മാധ്യമങ്ങളോട് പറഞ്ഞു. സ്വാമിയുടെ പരസ്യ പ്രസ്താവന ഭരണകക്ഷിയായ കോൺഗ്രസിൽ അങ്കലാപ്പുണ്ടാക്കിയിരിക്കുകയാണ്.
കഴിഞ്ഞ വർഷം സർക്കാർ രൂപീകരിച്ചതു മുതൽ നേതൃമാറ്റത്തെക്കുറിച്ചുള്ള ചർച്ച കോൺഗ്രസിനെ വേട്ടയാടിയിരുന്നു. സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ അധികാരം പങ്കിടൽ കരാറിൽ ഏർപ്പെട്ടതായി വരെ അഭ്യൂഹങ്ങൾ പരന്നിരുന്നു. സർക്കാർ രൂപീകരിക്കുന്നതിന് മുമ്പ് ഇരുവരും തമ്മിൽ മുഖ്യമന്ത്രിക്കസേരയ്ക്കായി പിടിവലി നടന്നിരുന്നു. ഒടുവിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചു.
അതിനിടെ, മൂന്ന് ഉപമുഖ്യമന്ത്രിമാർ കൂടി വേണമെന്ന ആവശ്യം കർണാടക മന്ത്രസഭയിൽ വീണ്ടുമുയർന്നിരുന്നു. നിലവിൽ ഡി.കെ ശിവകുമാർ മാത്രമാണ് ഉപമുഖ്യമന്ത്രി പദവിയിലുള്ളത്. അദ്ദേഹം വൊക്കലിഗ സമുദായാംഗമാണ്. വീരശൈവ-ലിംഗായത്, എസ്.സി/എസ്.ടി, ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്ന് കൂടി ഉപമുഖ്യമന്ത്രിമാർ വേണമെന്നാണ് ചില മന്ത്രിമാർ ഉയർത്തുന്ന ആവശ്യം. ഹൈക്കമാൻഡാണ് വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു ഡി.കെ ശിവകുമാറിന്റെ പ്രതികരണം.
ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവനകൾ നടത്തുന്നത് നിർത്താൻ സിദ്ധരാമയ്യ മന്ത്രിമാരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സിദ്ധരാമയ്യ സഹകരണ മന്ത്രി കെ എൻ രാജണ്ണയുമായി ഫോണിൽ സംസാരിക്കുകയും വിഷയത്തിൽ കൂടുതൽ പ്രസ്താവനകൾ നടത്തരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. അധിക ഉപമുഖ്യമന്ത്രിമാരെക്കുറിച്ചുള്ള പ്രസ്താവനകൾ സർക്കാരിനെയും പാർട്ടിയെയും പ്രതികൂലമായി ബാധിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.