മൂന്ന് കോടി ഇന്ത്യക്കാരുടെ പാൻ നമ്പരും മൊബൈൽ നമ്പരും ഒന്നരക്കോടി രൂപക്ക് വിൽപ്പനക്ക്; വിവരങ്ങൾ ചോർന്നത് സ്റ്റാർ ഹെൽത്തിൽ നിന്ന്
|മലയാളികളടക്കമുള്ളവരുടെ പേര്, പാൻ നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ജനനത്തീയതി, വിലാസം, പോളിസി നമ്പറുകൾ തുടങ്ങിയവയാണ് ഒന്നേകാൽ കോടിരൂപക്ക് വിൽപനക്ക് വെച്ചിരിക്കുന്നത്
ഡൽഹി: സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് മൂന്ന് കോടി ഉപഭോക്താക്കളുടെ പാൻ നമ്പരും ഇ മെയിൽ ഐഡിയും മൊബൈൽ നമ്പരുമടക്കമുള്ള സുപ്രധാന സ്വകാര്യ വിവരങ്ങൾ ചൈനീസ് ഹാക്കർ ചോർത്തി വിൽപ്പനക്ക് വെച്ചു. രാജ്യത്ത് നടന്ന ഏറ്റവും വലിയ വിവരച്ചോർച്ചയെന്നാണ് ടെക് മേഖലയിലുള്ളവർ വിലയിരുത്തുന്നത്. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങളാണ് ചോർന്നതും വിൽപ്പനക്ക് വെച്ചതും.‘xenZen’ എന്നറിയപ്പെടുന്ന ഹാക്കറാണ് 3.12 കോടി ഉപഭോക്താക്കളുടെ അതീവ സ്വകാര്യവിവരങ്ങൾ ചോർത്തിയത്. സ്വകാര്യവിവരങ്ങളുൾപ്പെടുന്ന 7.24 ടിബി ഡാറ്റ ഒന്നേകാൽ കോടിരൂപക്ക് (150,000 ഡോളർ) വെബ്സൈറ്റിൽ വിൽപ്പനക്ക് വെച്ചിരിക്കുകയാണ് ഹാക്കർ. ഒരുലക്ഷം പേരുടെ സ്വകാര്യവിവരങ്ങൾ എട്ട് ലക്ഷം രൂപക്ക് നൽകാമെന്ന വാഗ്ദാനവുമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറസ് കമ്പനിയിലുണ്ടായ വിവരച്ചോർച്ച ഇന്ത്യയിലെ ഡാറ്റ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
പേര്, പാൻ നമ്പറുകൾ, മൊബൈൽ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ, ജനനത്തീയതി, താമസസ്ഥല വിലാസങ്ങൾ, പോളിസി നമ്പറുകൾ,ആരോഗ്യ കാർഡിലെ വിവരങ്ങൾ, ആരോഗ്യ വിവരങ്ങൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ കൈയിലുണ്ടെന്നാണ് ഹാക്കർ അവകാശപ്പെടുന്നത്.അതേസമയം, സ്റ്റാർ ഹെൽത്ത് തനിക്ക് നേരിട്ട് ഡാറ്റ വിറ്റതാണെന്ന് ഹാക്കർ അവകാശപ്പെട്ടു. സ്റ്റാർ ഹെൽത്തിൻ്റെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ അമർജീത് ഖനൂജ 150,000 ഡോളറിന് ഡാറ്റ വിറ്റതായി ഹാക്കർ അവകാശപ്പെട്ടു. ഇതിന്റെ തെളിവുകൾ മെൻലോ വെഞ്ച്വേഴ്‌സിലെ വെഞ്ച്വർ ക്യാപിറ്റലിസ്റ്റായ ഡീഡി ദാസ് എന്ന വ്യക്തി എക്സിലൂടെ പുറത്തിവിടുകയും ചെയ്തു. ഹാക്കറും ഖനൂജയും തമ്മിലുള്ള ഇമെയിൽ ചർച്ചയുടെ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
എന്നാൽ ഇത് വ്യാജ ആരോപണമാണെന്ന് കമ്പനി വ്യക്തമാക്കി രംഗത്തെത്തി.കമ്പനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായെന്ന് കമ്പനി സ്ഥിരീകരിച്ചു. കമ്പനിക്ക് നേരെ വൈറസ് ആക്രമണം ഉണ്ടായെന്നും ഫോറൻസിക് അന്വേഷണം നടക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അന്വേഷണത്തെ സഹായിക്കാൻ സ്വതന്ത്ര സൈബർ സുരക്ഷാ വിദഗ്ധരെ ഏർപ്പെടുത്തിയിട്ടുണ്ട്. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളും ഏജൻസികളും അന്വേഷണം നടത്തുകയാണ്. ചോർത്തിയ വിവരങ്ങൾ വ്യാപകമായി ഷെയർ ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമായ ടെലിഗ്രാമിനുമെതിരെ പരാതി നൽകിയിട്ടുണ്ട്. ചോർന്ന നിരവധിപേരുടെ വിവരങ്ങൾ ടെലഗ്രാം അക്കൗണ്ടുകൾ വഴി ഷെയർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ വ്യക്തത വരുത്താനായി സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി അധികൃതർ പ്രസ്താവന പുറത്തിറക്കി. കമ്പനി പൂർണമായും പ്രവർത്തനക്ഷമമാണെന്നും ഉപഭോക്താക്കളുടെ സേവനങ്ങളെ ബാധിക്കില്ല. സൈബർ സുരക്ഷാ ടീമിൻ്റെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്.ഉപഭോക്തൃ ഡാറ്റ സുരക്ഷിതമാണെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അതിനായി സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുകയാണെന്നും കമ്പനി പറഞ്ഞു. ഉപഭോക്തൃ ഡാറ്റ അനധികൃതമായി കൈകാര്യം ചെയ്യുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമാണെന്നും കമ്പനി വ്യക്തമാക്കി.അതേസമയം,ചോർത്തിയ വിവരങ്ങൾ വിൽക്കാൻവെച്ച വെബ്‌സൈറ്റിൽ ഹാക്കർ ചാറ്റ്ബോട്ടുകൾ ആരംഭിച്ചു. ചാറ്റ്ബോട്ടുകളുമായി സംവദിച്ച് ഡാറ്റയുടെ ഭാഗങ്ങൾ ഉപയോക്താക്കൾക്ക് കാണാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.