India
പാർലമെന്റിൽ താരനിര; ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ രാഹുൽ ഗാന്ധി; അറിയാം ഇന്നത്തെ എക്സ് ട്രെൻഡിങ്സ്..
India

പാർലമെന്റിൽ താരനിര; ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ രാഹുൽ ഗാന്ധി; അറിയാം ഇന്നത്തെ എക്സ് ട്രെൻഡിങ്സ്..

Web Desk
|
21 Sep 2023 2:52 PM GMT

പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ക്ഷണിക്കാത്ത കേന്ദ്രസർക്കാർ നടപടിക്ക് നേരെ വിമർശനം ഉയർന്നിരുന്നു

കങ്കണ, തമന്ന, ഇഷ...പാർലമെന്റിൽ താരനിര; രാഷ്ട്രപതി എവിടെ?

പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ക്ഷണിക്കാത്ത കേന്ദ്രസർക്കാർ നടപടിക്ക് നേരെ വിമർശനം. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങൾ അടക്കമുള്ളവരെ സർക്കാർ ക്ഷണിച്ച സാഹചര്യത്തിലാണ് വിഷയം സജീവ ചർച്ചയാകുന്നത്. ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ പരസ്യമായി വിഷയം ഉന്നയിച്ചു.

രണ്ടു ദിവസങ്ങളിലായി കങ്കണ റണൌട്ട്, ഇഷ ഗുപ്ത ഷഹനാസ് ഗിൽ, തമന്ന ഭാട്ടിയ, ദിവ്യ ദത്ത, സപ്‌ന ചൗധരി, ഭൂമി പട്‌നേക്കർ, ഫാഷൻ ഡിസൈനർ റിന ധാക്ക തുടങ്ങിയവരാണ് പാർലമെന്റ് കാണാനെത്തിയത്. എല്ലാവരും വനിതാ സംവരണ ബില്ലിനെ പ്രകീർത്തിച്ച് സംസാരിക്കുകയും ചെയ്തു.

പ്രധാനമന്ത്രി വനിതാ സംവരണ ബിൽ കൊണ്ടുവന്ന ദിവസം, ന്യൂനപക്ഷങ്ങളെ കുറിച്ചും ഗോത്രവിഭാഗങ്ങളെ കുറിച്ചും സംസാരിച്ച ദിവസം, രാഷ്ട്രപതിയെ ആ ചടങ്ങിൽനിന്ന് മാറ്റി നിർത്തുകയായിരുന്നു എന്നാണ് തൃണമൂൽ നേതാവ് ഡെറക് ഒബ്രയാൻ ആരോപിച്ചത്. പഴയ പാർലമെന്റിലെ സെൻട്രൽ ഹാളിലെ സംയുക്ത സമ്മേളനത്തിലായിരുന്നു വനിതാ സംവരണ ബിൽ അവതരണം. ചടങ്ങിലേക്ക് രാഷ്ട്രപതി ക്ഷണിക്കപ്പെട്ടിരുന്നില്ല.

നേരത്തെ, മെയ് മാസത്തിൽ നടന്ന പുതിയ പാർലമെൻറ് മന്ദിരത്തിൻറെ ഉദ്ഘാടനച്ചടങ്ങിലേക്കും രാഷ്ട്രപതിയെ കേന്ദ്രം ക്ഷണിച്ചിരുന്നില്ല. രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ചൂണ്ടിക്കാട്ടി കോൺഗ്രസ് അടക്കമുള്ള 21 പ്രതിപക്ഷ കക്ഷികൾ ചടങ്ങിൽനിന്ന് വിട്ടുനിന്നിരുന്നു. പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണ് പാർലമെന്റ് ഉദ്ഘാടനം ചെയ്യേണ്ടത് എന്നായിരുന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നത്.

ചൈത്രയിൽനിന്ന് രണ്ടു കോടിയുടെ സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളും 76 ലക്ഷം രൂപയും പിടിച്ചെടുത്തു

ബി.ജെ.പി നിയമസഭാ ടിക്കറ്റ് തട്ടിപ്പുകേസിൽ മുഖ്യപ്രതിയും സംഘ്പരിവാർ യുവനേതാവുമായ ചൈത്ര കുന്ദാപുരയുടെ വീട്ടിൽനിന്ന് രണ്ടു കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തെന്ന് പൊലീസ്. ഇതിനു പുറമെ 76 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. ബംഗളൂരു പൊലീസ് കമ്മിഷണർ ബി. ദയാനന്ദയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രണ്ടു കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളാണു പിടിച്ചെടുത്തത്. ഇതിനു പുറമെയാണ് മുക്കാൽ കോടി രൂപയുടെ കറൻസി നോട്ടുകളും പിടികൂടിയത്. കേസിൽ അറസ്റ്റിലായ പുരോഹിതൻ അഭിനവ ഹാലാശ്രീയുടെ മഠത്തിൽനിന്ന് 56 ലക്ഷവും ഇയാളുമായി ബന്ധമുള്ള മറ്റൊരാളിൽനിന്ന് 20 ലക്ഷം രൂപയും പിടിച്ചെടുത്തതായി കമ്മിഷണർ അറിയിച്ചു.

കൃഷിഭൂമി പാട്ടത്തിനെടുക്കാനായി അഭിനവ മറ്റൊരാൾക്കു നൽകിയ 20 ലക്ഷം രൂപയും കണ്ടെടുത്തു. കേസിൽ കുറ്റാരോപിതരുടെ ബാങ്ക് അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചിട്ടുണ്ട്. ഇവരെല്ലാം ആഡംബരജീവിതം നയിക്കുകയായിരുന്നുവെന്നും അടുത്തിടെയാണ് ഇവരുടെ ജീവിതശൈലിയെല്ലാം മാറിയതെന്നും പൊലീസ് പറഞ്ഞു. കേസിൽ എട്ടുപേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ചോദ്യംചെയ്യാനായി ഹാജരാകാൻ ആവശ്യപ്പെട്ടു നാലുപേർക്ക് നോട്ടിസും നൽകിയിട്ടുണ്ട്.

ബ്ലാസ്‌റ്റേഴ്‌സ് അങ്കത്തിനിറങ്ങുമ്പോൾ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് വ്യാഴാഴ്ച വൈകിട്ട് കൊച്ചിയിൽ തിരശ്ശീല ഉയരുകയാണ്. പതിവു പോലെ ഉദ്ഘാടന മത്സരത്തിൽ കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ. എതിരാളികളായി നിലവിലെ റണ്ണേഴ്‌സ് അപ്പായ ബംഗളൂരു എഫ്‌സി. കഴിഞ്ഞ സീസണിൽ സുനിൽ ഛേത്രി നേടിയ വിവാദ ഗോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വഴി മുടക്കിയവരാണ് ബംഗളൂരു. അതുകൊണ്ടു തന്നെ ഇന്നത്തെ പോരാട്ടം ബ്ലാസ്‌റ്റേഴ്‌സിന് വെറും കളിയല്ല, പഴയ പറ്റുപുസ്തകത്തിലെ കണക്കു ചോദിക്കാനുള്ള അവസരം കൂടിയാണ്. അന്ന് ക്ഷുഭിതനായി ടീമിനെ കളത്തിൽനിന്ന് കയറ്റിക്കൊണ്ടുപോയതിന്റെ ശിക്ഷയിലാണ് കേരളത്തിന്റെ ആശാൻ ഇവാൻ വുകുമനോവിച്ച്. ആദ്യ നാലു മത്സരങ്ങളിൽ കളത്തിനു പുറത്തുനിന്ന് തന്ത്രം മെനയാനേ കോച്ചിനാകൂ. കുമ്മായവരക്കിപ്പുറത്ത് ആശാനുണ്ടാകില്ല എന്ന പോരായ്മ നിലനിൽക്കുമ്പോഴും അതിനെ മറികടക്കാൻ പന്ത്രണ്ടാമനായി ഗ്യാലറിയുണ്ടാകും. ബ്ലാസ്‌റ്റേഴ്‌സിന്റെ യഥാർത്ഥ ശക്തി!


വലകുലുക്കി ഛേത്രി; ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ

ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിലെ നിർണായക മത്സരത്തിൽ ഇന്ത്യക്ക് ജയം. ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തകർത്തത്. പെനാൽട്ടിയിലൂടെ നായകൻ സുനിൽ ഛേത്രിയാണ് ഇന്ത്യക്കായി വലകുലുക്കിയത്.

ഗോൾരഹിതമായ ഒന്നാം പകുതിക്ക് ശേഷം മത്സരത്തിന്റെ 83ാം മിനിറ്റിലാണ് ഇന്ത്യയുടെ വിജയഗോൾ പിറന്നത്. ഇന്ത്യൻ താരം ബ്രൈസ് മിറാൻഡയെ ബോക്‌സിൽ വീഴ്ത്തിയതിനാണ് റഫറി ഇന്ത്യക്ക് അനുകൂലമായി പെനാൽട്ടി വിധിച്ചത്. കിക്കെടുത്ത സുനിൽ ഛേത്രിക്ക് പിഴച്ചില്ല. നിർണായക വിജയത്തോടെ ഇന്ത്യ പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി. ഗ്രൂപ്പ് എയിൽ മ്യാന്മറുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.


കാനഡയിൽ ഖലിസ്ഥാൻ നേതാവ് സുഖ ദുനേക കൊല്ലപ്പെട്ടു

കാനഡയിൽ ഖലിസ്ഥാൻ നേതാവ് സുഖ്ദൂൽ സിംഗ് എന്ന സുഖ ദുനേക വെടിയേറ്റ് കൊല്ലപ്പെട്ടു. 2017 ലാണ് വ്യാജരേഖ ചമച്ച് ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് സുഖ്ദൂൽ സിംഗ് പോയത്. രണ്ടു ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സുഖ ദുനേകക്കെതിരെ ഏഴു ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇന്ത്യയിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.

ഖലിസ്ഥാൻ നേതാവ് ഹർദീപ്സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ നയന്ത്ര ബന്ധം വളഷാകുന്ന സാഹചര്യത്തിലാണ് പുതിയ കൊലപാതക വാർത്ത പുറത്ത് വന്നത്. ഹർദീപ്സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം അതീവ ഗുരുതരമെന്ന് അമേരിക്കയും പ്രതികരിച്ചു. വിഷയത്തിൽ അന്വേഷണം നടത്താനുള്ള കാനഡയുടെ നീക്കങ്ങളെ പിന്തുണയ്ക്കുമെന്നും ഇന്ത്യ ഇക്കാര്യത്തിൽ സഹകരിക്കണമെന്നും യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ കോ ഓർഡിനേറ്റർ ഫോർ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് ജോൺ കിർബി പറഞ്ഞു.


ഇന്ത്യൻ സൂപ്പർ ലീഗിന് കൊടിയേറി

ഇന്ത്യൻ സൂപ്പർ ലീഗിൻറെ പത്താം പതിപ്പിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ നിലവിലെ റണ്ണറപ്പായ ബെംഗളൂരു എഫ്‍സി കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. രാത്രി എട്ടുമണിക്ക് കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.

ഉദ്ഘാടന മത്സരത്തിന് ബ്ലാസ്റ്റേഴ്സ് എന്ന പതിവ് ഇത്തവണയും തെറ്റിയില്ല. എതിരാളികളായി ചിരവൈരികൾ കൂടിയായ ബെംഗളൂരു എത്തുമ്പോൾ മത്സരാവേശം കൊടുമുടി കയറും. യുവനിരയുമായി കളം പിടിക്കാനുള്ള തയ്യാറെടുപ്പുകൾ ബ്ലാസ്റ്റേഴ് നടത്തിക്കഴിഞ്ഞു.മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദ് ടീം വിട്ടെങ്കിലും കരുത്തുറ്റ വിദേശ താരങ്ങളെയും മോഹൻ ബഗാൻ നായകൻ പ്രീതം കോട്ടൽ അടക്കമുള്ള ഇന്ത്യൻ സൂപ്പർതാരങ്ങളെയും ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചിട്ടുണ്ട്.

അവസാന സീസണിൽ അത്യുഗ്രൻ പ്രകടനം കാഴ്ചവച്ച മുൻ ചാമ്പ്യന്മാർ കൂടിയായ ബെംഗളൂരു എഫ് സി കരുത്തുറ്റ ടീമുമായാണ് ഇത്തവണയും എത്തുന്നത്. ഇന്ത്യൻ ടീമിനൊപ്പം ഏഷ്യൻ ഗെയിംസിനു പോയതിനാൽ നായകൻ സുനിൽ ഛേത്രി ആദ്യ മത്സരത്തിനു ഉണ്ടാവില്ല. ഐ ലീഗിൽ നിന്നും യോഗ്യത നേടിയെത്തിയ റൗണ്ട് ഗ്ലാസ് പഞ്ചാബ് ഉൾപ്പെടെ ശക്തരായ 12 ടീമുകൾ ആകും ഇത്തവണ ഐഎസ്എല്ലിൽ ഏറ്റുമുട്ടുക.



പെട്ടി ചുമന്ന്, ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ രാഹുൽ ഗാന്ധി

ഡൽഹി: ഡൽഹി ആനന്ദ വിഹാറിലെ റെയിൽവേ ചുമട്ടുതൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചുമട്ടുതൊഴിലാളികളുടെ ബാഡ്ജും യൂണിഫോമും ധരിച്ചാണ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത് .

Rahul Gandhi ji Next Prime Minister of India on meeting Hardworking Coolie at Anand Vihar Railway station 🔥🔥🔥 pic.twitter.com/NOANWNinXI

— Ashish Singh (@AshishSinghKiJi) September 21, 2023

വ്യാഴാഴ്ചയാണ് ആനന്ദ് വിഹാർ റെയിൽവെ സ്റ്റേഷനിൽ രാഹുൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. ചുവപ്പ് യൂണിഫോം അണിഞ്ഞാണ് തൊഴിലാളികളുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞത്. പെട്ടി ചുമന്നുകൊണ്ടുപോകുന്ന കോൺഗ്രസ് നേതാവിൻറെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.പെട്ടി തലയിലേറ്റി ചുമന്നുകൊണ്ടുപോകുന്ന രാഹുലിനെ ചുറ്റുംകൂടിയ നൂറുകണക്കിന് തൊഴിലാളികൾ കയ്യടിയോടെയാണ് സ്വീകരിച്ചത്. തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നതിനും പിന്തുണ തേടി ഒരു കൂട്ടം ചുമട്ടുതൊഴിലാളികൾ തങ്ങളെ കാണണമെന്ന് അഭ്യർത്ഥിച്ചതിന് മാസങ്ങൾക്ക് ശേഷമാണ് രാഹുലിൻറെ സന്ദർശനം.

The bag that Rahul Ghandhy took on his head today at Anand Vihar Station, is a wheeled trolley bag🤣 pic.twitter.com/vZ4L7RPGoX

— Tejinder Pall Singh Bagga (@TajinderBagga) September 21, 2023

അതേസമയം രാഹുലിൻറെ വീഡിയോക്കെതിരെ ബി.ജെ.പി രംഗത്തെത്തി. വീലുകളുള്ള ട്രോളി ബാഗാണ് രാഹുൽ ചുമന്നതെന്നായിരുന്നു ബി.ജെ.പിയുടെ പരിഹാസം.

'സാധാരണക്കാരെ രാഷ്ട്രീയത്തിലിറങ്ങാൻ പ്രേരിപ്പിക്കുന്നതാണ് വനിതാ സംവരണ ബിൽ'; തമന്ന ഭാട്ടിയ

സാധാരണക്കാരെ രാഷ്ട്രീയത്തിൽ ഇറങ്ങാൻ പ്രേരിപ്പിക്കുന്നതാണ് വനിതാ സംവരണ ബില്ലെന്ന് തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ. 'ഇക്കാര്യത്തിൽ ബോധവൽക്കരണം ഉണ്ടാകേണ്ടതുണ്ട്. രാഷ്ട്രീയത്തിലിറങ്ങുന്നത് ബുദ്ധിമുട്ടാണ് എന്നാണ് സിനിമാ മേഖലയിലുള്ളവർ കരുതുന്നത്. എന്നാൽ വനിതാ സംവരണ ബിൽ സാധാരണക്കാരെ രാഷ്ട്രീയത്തിലിറങ്ങാൻ പ്രേരിപ്പിക്കുന്നതാണ്' - തമന്ന ഭാട്ടിയ

Similar Posts