അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്: ഇന്ത്യാ മുന്നണിയിലെ പാർട്ടികൾ മത്സരിക്കുന്നത് വെവ്വേറെ
|തെലങ്കാനയിൽ രണ്ട് സീറ്റുകൾ നൽകിയാൽ സിപിഎം കോൺഗ്രസിനൊപ്പം മത്സരിക്കും
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയിലെ പാർട്ടികളെ ഒരുമിച്ചു നിർത്താനുള്ള കോൺഗ്രസ് നീക്കം വിജയിച്ചില്ല. സമാജ് വാദി, ആം ആദ്മി, ജെഡിയു എന്നീ പാർട്ടികൾ വെവ്വേറെയാണ് മത്സരിക്കുന്നത്. തെലങ്കാനയിൽ കോൺഗ്രസുമായി ഒരുമിച്ചു മത്സരിക്കുന്ന കാര്യത്തിൽ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊള്ളും.
കഴിഞ്ഞ തവണ മധ്യപ്രദേശിൽ നിരവധി സീറ്റുകൾ കോൺഗ്രസിനു നഷ്ടമായത് ആയിരത്തിൽ താഴെ വോട്ടുകൾക്കായിരുന്നു. ഗ്വാളിയോർ സൗത്തിൽ 121, ജബൽപൂർ നോർത്തിൽ 578, ദാമോയിൽ 798, രഞ്ജഗറിൽ 732 എന്നിങ്ങനെ പോകുന്നു ബിജെപി ഭൂരിപക്ഷം. 51 സീറ്റിൽ മത്സരിച്ച സമാജ്വാദി പാർട്ടിക്കു ഒരു സീറ്റ് ലഭിച്ചിരുന്നു. സീറ്റുകൾ ഒന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും 66 ശതമാനം വോട്ട് ആം ആദ്മി പാർട്ടി സ്വന്തമാക്കി. ചെറുപാർട്ടികളുടെ പിന്തുണയുണ്ടെങ്കിൽ നേരിയ വോട്ടിനു നഷ്ടമായ സീറ്റുകൾ തിരികെ പിടിക്കാം എന്നായിരുന്നു കോൺഗ്രസ് പ്രതീക്ഷ. പ്രതിപക്ഷ പാർട്ടികൾ ഇത്തവണ വെവ്വേറെ മത്സരിക്കുന്നു എന്ന് മാത്രമല്ല കഴിഞ്ഞ തവണ മത്സരിക്കാതെ മാറിനിന്ന ജെഡിയു കൂടി അങ്കത്തട്ടിലുണ്ട്. അതുകൊണ്ടു തന്നെ പ്രതിപക്ഷ വോട്ട് കേന്ദ്രീകരിക്കാമെന്ന ലക്ഷ്യം നടന്നില്ല.
രാജസ്ഥാനിൽ രണ്ട് എംഎൽഎ മാറുള്ള സിപിഎം, കോൺഗ്രസുമായി സഖ്യത്തിനില്ല. തെലങ്കാനയിൽ രണ്ട് സീറ്റുകൾ നൽകിയാൽ സിപിഎം കോൺഗ്രസിനൊപ്പം മത്സരിക്കും. ഭദ്രാചലം, മിരിയാല ഗുഡ എന്നീ മണ്ഡലങ്ങൾ ആണ് സിപിഎം ചോദിച്ചത്. ഭദ്രാചചലം പട്ടിക വർഗ സീറ്റാണ്. നിലവിൽ കോൺഗ്രസിന്റെ സിറ്റിംഗ് മണ്ഡലമായതിനാൽ വിട്ടുനൽകിയില്ല. പകരം വാഗ്ദാനം ചെയ്ത ഹൈദരാബാദ് സിറ്റി സിപിഎം ഏറ്റെടുത്തതുമില്ല. ഇന്ന് വൈകുന്നേരത്തിനുള്ളിൽ ഖമ്മം, നൽകൊണ്ട ജില്ലകളിൽ രണ്ട് സീറ്റുകൾ നൽകിയാൽ കോൺഗ്രസ് മുന്നണിയിൽ മത്സരിക്കും. അല്ലാത്ത പക്ഷം സിപിഎം ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം.
state Elections: India Front parties are contesting separately