വെറുപ്പ് പടര്‍ത്തുന്നവര്‍ക്കുള്ള മറുപടി; ഭാരത് ജോഡോ യാത്രക്കൊപ്പം അണിചേരാന്‍ ശിവസേനയും
|യാത്രയ്ക്ക് പിന്തുണ അറിയിച്ച് ജമ്മുവിൽ നടക്കുന്ന മാർച്ചിൽ പങ്കെടുക്കുമെന്ന് ശിവസേന നേതാവ് മനീഷ് സാഹ്നി പറഞ്ഞു
ജമ്മു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാനൊരുങ്ങി ശിവസേനയും. അടുത്തയാഴ്ച ജമ്മു കശ്മീരിൽ പ്രവേശിക്കാനിരിക്കുന്ന യാത്രയ്ക്ക് പിന്തുണ അറിയിച്ച് ജമ്മുവിൽ നടക്കുന്ന മാർച്ചിൽ പങ്കെടുക്കുമെന്ന് ശിവസേന നേതാവ് മനീഷ് സാഹ്നി പറഞ്ഞു.
ശിവസേനയുടെ (ഉദ്ധവ് ബാലാസാഹേബ് താക്കറെ) ജെ-കെ യൂണിറ്റ് പ്രസിഡന്‍റ് കൂടിയായ സാഹ്നി വിദ്വേഷത്തിന്‍റെയും മതത്തിന്‍റെയും രാഷ്ട്രീയം പടര്‍ത്തുന്നവര്‍ക്ക് ഉചിതമായ മറുപടിയാണ് ഭാരത് ജോഡോ യാത്ര നല്‍കുന്നതെന്നും മാർച്ചിൽ അണിചേരാൻ ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു. '' പാർട്ടി ദേശീയ സെക്രട്ടറിയും എം.പിയുമായ അനിൽ ദേശായിയുടെ നിർദsശപ്രകാരം ക്ഷേത്രങ്ങളുടെ നഗരത്തിൽ എത്തുമ്പോൾ ഭാരത് ജോഡോ യാത്രയെ ഞങ്ങൾ സ്വാഗതം ചെയ്യുകയും അതിൽ ചേരുകയും ചെയ്യും. നിരാശയുടെയും വെറുപ്പിന്‍റെയും ഈ കാലഘട്ടത്തിൽ സാഹോദര്യത്തിന്‍റെ സന്ദേശം വഹിക്കുന്ന യാത്രയാണ് രാജ്യത്തിന്, പ്രത്യേകിച്ച് ജമ്മു കശ്മീരിൽ ഏറ്റവും ആവശ്യം'' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക ഞെരുക്കം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ മതവും ജാതീയതയും തിരുകിക്കയറ്റുകയാണെന്ന് സാഹ്നി ആരോപിച്ചു. " ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും (2019 ഓഗസ്റ്റിൽ) ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളയുകയും ചെയ്തതിന് ശേഷം ദുരിതമനുഭവിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷമായി ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി ആളുകൾ കാത്തിരിക്കുകയാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ ഭീകരാക്രമണങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്തംബര്‍ 7ന് കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച യാത്ര ജനുവരി 30ന് ശ്രീനഗറില്‍ സമാപിക്കും. തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലൂടെയാണ് മാര്‍ച്ച് ഇതുവരെ കടന്നുപോയത്.