വരുമാനനഷ്ടം ഭയന്ന് സംസ്ഥാനങ്ങൾ എതിർത്തു; പെട്രോളും ഡീസലും ഉടൻ ജി.എസ്.ടിയിൽ ഉൾപ്പെടുത്തില്ലെന്ന് കേന്ദ്രം
|കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ ജി.എസ്.ടി നികുതിയിളവ് ഡിസംബർ 31 വരെ
പെട്രോളും ഡീസലും ഉടൻ ജി.എസ്ടിയിൽ ഉൾപ്പെടുത്തില്ലെന്നും കേരള ഹൈക്കോടതിയോട് കൂടുതൽ സമയം ചോദിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഉത്തർപ്രദേശ്, കേരളം, മഹാരാഷ്ട്ര, ബംഗാൾ, ബിഹാർ എന്നീ സംസ്ഥാനങ്ങൾ ഒന്നിച്ചെതിർത്തതോടെയാണ് ലഖ്നൗവിൽ ചേർന്ന ജി.എസ്.ടി കൗൺസിലിൽ സർക്കാർ നിലപാടറിയിച്ചത്.
പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഇന്ധനവില ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ വരുമാന നഷ്ടമുണ്ടാകുമെന്ന് ബി.ജെ.പി ഭരിക്കുന്ന ഉത്തർ പ്രദേശടക്കം നിലപാടെടുത്തതോടെ കേന്ദ്രം വിഷയം പിന്നീട് പരിഗണിക്കാനായി മാറ്റി. കേരള ഹൈക്കോടതി നിർദേശപ്രകാരം ജി.എസ്.ടി കൗൺസിൽ വിഷയം പരിഗണിച്ചെന്ന് വരുത്തിതീർക്കുകയായിരുന്നു. കൗൺസിൽ തീരുമാനം കേരള ഹൈക്കോടതിയെ അറിയിക്കും. നേരത്തെ കേരളം മാത്രമാണ് ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിനെ പരസ്യമായി എതിർത്തിരുന്നത്.
കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ ജി.എസ്.ടി നികുതിയിളവ് ഡിസംബർ 31 വരെ തുടരുന്നതടക്കം നിരവധി തീരുമാനങ്ങൾ ജി.എസ്.ടി കൗൺസിൽ കൈകൊണ്ടു. 11 മരുന്നുകൾക്കാണ് ഇളവ് ഉണ്ടാകുക. എസ്.എം.എ മരുന്നുകൾക്ക് ജി.എസ്.ടി ഒഴിവാക്കി. 16 കോടി രൂപയുടെ മരുന്നാണ് ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കിയത്. സോൾജിൻസ്മ, വിൽടോപ്സോ എന്നീ മരുന്നുകളുടെ വിലയാണ് ഇതോടെ കുറയുക.
മറ്റു തീരുമാനങ്ങൾ:
കാൻസർ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽനിന്ന് അഞ്ചാക്കി കുറച്ചു.
എണ്ണ കമ്പനികൾക്കുള്ള നികുതി 12 ൽ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചു
വ്യോമ, കപ്പൽ മാർഗ്ഗമുള്ള ചരക്ക് നീക്കത്തിനും ജി.എസ്.ടി ഇളവ് നൽകും
വെളിച്ചെണ്ണയിലെ നികുതി വ്യത്യാസം ഒഴിവാക്കി. ഒരു ലിറ്ററിന് താഴെ വെളിച്ചെണ്ണയ്ക്ക് അധിക നികുതി ഏർപ്പെടുത്താനുള്ള നിർദേശം മരവിപ്പിച്ചു. കേരളത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി. കേരള ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ വെളിച്ചെണ്ണയുടെ അധിക നികുതിയെ എതിർത്തിരുന്നു.
ജി.എസ്.ടി നഷ്ടപരിഹാര സെസ് ജൂലൈയ്ക്ക് ശേഷവും തുടരും. ഈ തുക സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം നികത്താൻ എടുത്ത വായ്പ തിരിച്ചടയ്ക്കാൻ ഈ തുക ഉപയോഗിക്കും.
യോഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷത വഹിച്ചു. രണ്ടുവർഷത്തിൽ ആദ്യമായാണ് ജി.എസ്.ടി നേരിട്ടുള്ള യോഗം നടക്കുന്നത്.