12 വർഷം ഒപ്പം നിന്നു; പ്രിയ കാറിനെ സംസ്‌കരിച്ച് കർഷക കുടുംബം
|നാല് ലക്ഷം ചെലവിട്ട് നടത്തിയ സംസ്‌കാരത്തിൽ 1,500 ആളുകൾ പങ്കെടുത്തു
ഗുജറാത്ത്: മനുഷ്യർ മരണപ്പെട്ടാൽ സാധാരണ നടപടി സംസ്‌കരിക്കലാണ്. മരിച്ച ആളുടെ വിശ്വാസത്തിനനുസരിച്ച് ആയിരിക്കും സംസ്‌കാര നടപടി. അരുമയായ വളർത്തുമൃഗങ്ങളെയും ചത്തുകഴിഞ്ഞാൽ സംസ്‌കരിക്കാറുണ്ട്. എന്നാൽ വ്യത്യസ്തമായ ഒരു സംസ്‌കാരം നടത്തി വൈറലായിരിക്കുകയാണ് ഗുജറാത്തിലെ ഒരു കുടുംബം.
12 വർഷം മുൻപാണ് ഗുജറാത്ത് അമ്രേലിയിലെ കർഷക കുടുംബം ഒരു മാരുതി സുസൂക്കി വാഗൺ ആർ കാർ വാങ്ങുന്നത്. കാർ വാങ്ങിയ സഞ്ജയ് പോളാരയ്ക്ക് പിന്നീട് വച്ചടി വച്ചടി കയറ്റമായിരുന്നു.
ബിസിനസിൽ വളർച്ചയുണ്ടായി, കുടുംബത്തിന് ഐശ്വര്യം കൊണ്ടുവന്നു ആളുകൾ ബഹുമാനിക്കാൻ തുടങ്ങി എന്നെല്ലാമാണ് കാറിനെക്കുറിച്ച് പോളാര പറയുന്നത്. എന്നാൽ കാലക്രമേണ കാർ പ്രവർത്തനരഹിതമായിത്തുടങ്ങിയതോടെ വിൽക്കാൻ തോന്നിയില്ല. കാരണം അത്രയ്ക്കുണ്ടായിരുന്നു കാറുമായി അയാൾക്ക് അടുപ്പം.
വെറുതെ നിർത്തിയിട്ടാൽ കൺമുന്നിലിരുന്ന് ദ്രവിച്ചു പോകും, അതും അംഗീകരിക്കാനായില്ല.
ഒടുവിലാണ് കുടുംബത്തിലെ വളരെ പ്രാധാന്യമുള്ള അംഗത്തെ സംസ്‌കരിക്കാൻ പോളാര തീരുമാനിച്ചു.
ഹൈന്ദവാചാര പ്രകാരം ഒരു മനുഷ്യന് കൊടുക്കാവുന്ന പരമാവധി ബഹുമതികളുമായാണ് തന്റെ പ്രിയപ്പെട്ട കാറിനെ സംസ്‌കരിച്ചത്. കഴുകി വൃത്തിയാക്കിയാണ് കാറിനെ സംസ്കരിച്ചത്.
15 അടി താഴ്ചയുള്ള കുഴിയിൽ കാർ ഇറക്കി. പൂക്കൾ കൊണ്ട് മാലയണിഞ്ഞു. പോളാരയുടെ കുടുംബം കാറിന് മുകളിൽ റോസാ പൂക്കൾ വിതറി. തുടർന്ന് കാറിന് മുകളിൽ പച്ച തുണി കൊണ്ട് മൂടി.
കുടുംബത്തിന് പുറമെ അന്ത്യ പൂജയ്ക്കായി പുരോഹിതന്മാരും 1,500ഓളം ക്ഷണിക്കപ്പെട്ട അതിഥികളും സംസ്‌കാരത്തിൽ പങ്കെടുത്തു. ഒടുവിൽ കാറിനെ എന്നെന്നേക്കുമായി മണ്ണിട്ട് മൂടുകയായിരുന്നു.
നാല് ലക്ഷം രൂപയാണ് സംസ്‌കാരത്തിനായി ചെലവാക്കിയത്.
ഭാവി തലമുറകൾ കുടുംബത്തിന് നേട്ടം ഉണ്ടാക്കിയ കാറിനെ ഓർക്കാൻ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ തോന്നി എന്നാണ് സംസ്‌കാരത്തിന് ശേഷം പോളാര പറഞ്ഞത്.
പ്രിയപ്പെട്ട കാറിനെ സംസ്‌കരിച്ച സ്ഥലത്ത് ഓർമയ്ക്കായി ഒരു മരം നടാനും തീരുമാനിച്ചിട്ടുണ്ട്.