ഓഹരി വിപണിയിലെ തകർച്ച; മോദിയും അമിത്ഷായും ജനങ്ങളെ വഞ്ചിതരാക്കിയെന്ന് കോൺഗ്രസ്
|തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം 1290 പോയിൻ്റാണ് നിഫ്റ്റി കൂപ്പുകുത്തിയത്.
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വേളയിലെ ഓഹരി വിപണി ചാഞ്ചാട്ടത്തിൽ വൻ നഷ്ടമാണ് ചെറുകിട ഓഹരിയുടമകൾക്ക് ഉണ്ടായത്. വിപണിയിൽ വൻകുതിപ്പുണ്ടാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും വാക്കുകളിൽ അവർ വഞ്ചിതരായി എന്നാണ് കോൺഗ്രസ് ആരോപണം. ഫലപ്രഖ്യാപന ദിവസം 1290 പോയിൻ്റാണ് നിഫ്റ്റി കൂപ്പുകുത്തിയത്.
ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള ബിസിനസ് ചാനലായ എൻ.ഡി.ടി.വി പ്രോഫിറ്റിൽ രണ്ടു തവണ നൽകിയ അഭിമുഖത്തിലും ജൂൺ നാലിന് വരാനിരിക്കുന്ന ഓഹരിക്കുതിപ്പിനെ കുറിച്ച് അമിത് ഷാ പറയുന്നുണ്ട്.തുടർന്ന് ഇതേ ചാനലിൽ നരേന്ദ്ര മോദിയും ഇക്കാര്യം അവകാശപ്പെടുന്നു.തുടർന്ന് കണ്ടത് ഓഹരി വിപണിയിലെ കുതിപ്പാണ്.
മെയ് 31 ന് നിഫ്റ്റി സൂചിക അവസാനിച്ചത് 22,473 ലാണ്. ജൂൺ ഒന്നിന് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. ജൂൺ മൂന്നിന് വിപണി തുറന്നപ്പോൾ നിഫ്റ്റി സൂചിക 23,305 ലെത്തി. അതായത് 832 പോയിന്റിന്റെ കുതിപ്പ്. ജൂൺ നാലിന് 23,200 ൽ ആരംഭിച്ച വിപണി തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം അവസാനിച്ചത് 21,910 ലാണ്. അതായത് 1290 പോയിന്റ് കൂപ്പുകുത്തി. ഇത് ചെറുകിട നിക്ഷേപകർക്ക് കോടികളുടെ നഷ്ടമുണ്ടാക്കി. എന്നാൽ നാലിന് വിപണി തുറക്കും മുമ്പെ അദാനിയുടേതടക്കമുള്ള കമ്പനികൾ ഓഹരികൾ വിറ്റ് ലാഭമുണ്ടാക്കിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.