ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ ഭാര്യയുടെ കാർ കണ്ടെത്തി; രണ്ട് പേർ അറസ്റ്റിൽ
|മാർച്ച് 19നാണ് ജെ.പി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ ഉടമസ്ഥതയിലുള്ള ടൊയോട്ട ഫോർച്ച്യൂണർ കാർ ഡൽഹിയിൽ നിന്ന് കാണാതായത്
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയുടെ ഭാര്യയുടെ മോഷണം പോയ എസ്.യു.വി കാർ പോലീസ് കണ്ടെത്തി. ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്നാണ് കാർ കണ്ടെടുത്തത്. സംഭവത്തിൽ ഫരീദാബാദ് സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
മാർച്ച് 19നാണ് ജെ.പി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ ഉടമസ്ഥതയിലുള്ള ടൊയോട്ട ഫോർച്ച്യൂണർ കാർ ഡൽഹിയിൽ നിന്ന് കാണാതായത്. കാർ സർവീസ് ചെയ്ത് മടങ്ങുന്നതിനിടെ ഡ്രൈവർ ഭക്ഷണം വാങ്ങാനായി നിർത്തി ഇറങ്ങിയപ്പോഴാണ് കാർ കാണാതായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് നടത്തിയ വ്യാപകമായ തിരച്ചിലിലാണ് വാരാണസിയില്‍നിന്ന് വാഹനം കണ്ടെത്തിയത്. മോഷ്ടിച്ച വാഹനം നാഗാലാന്‍ഡിലേക്ക് കടത്താനായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഹിമാചല്‍ രജിസ്ട്രേഷനിലുള്ള വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചശേഷമാണ് പ്രതികള്‍ വാഹനവുമായി കറങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഡല്‍ഹിയില്‍നിന്ന് ബദ്ഖലിലേക്ക് പോയ ഇരുവരും പിന്നീട് അലിഗഢ്, ലഖിംപുര്‍ ഖേരി, സിതാപുര്‍, ലഖ്നൗ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് വാരാണസിയിലെത്തിയത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹിമാചല്‍ രജിസ്ട്രേഷനിലുള്ള ഫോര്‍ച്യൂണര്‍ മോഷ്ടിക്കപ്പെട്ട അതേ വാഹനമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.