ഉദ്ഘാടനത്തിന് മുമ്പ് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്; ജനൽചില്ലുകൾ തകർന്നു
|19 ന് പ്രധാനമന്ത്രി സർവീസ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് കല്ലേറ്
അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്.തെലങ്കാനയിലെ സെക്കന്തരാബാദിനും വിശാഖപട്ടണത്തിനും ഇടയില്‍ സര്‍വീസ് നടത്താനായി തയ്യാറായിരിക്കുന്ന ട്രെയിനാണിത്. വിശാഖപട്ടണത്ത് നിർത്തിയിട്ടിരുന്ന വന്ദേഭാരത് എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ ട്രെയിനിന്‍റെ രണ്ട് ജനൽചില്ലുകൾ തകർന്നിട്ടുണ്ട്. ജനുവരി 19 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്യാനിരിക്കെയാണ് കല്ലേറുണ്ടായത്.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) പ്രതികളെ തിരിച്ചറിഞ്ഞതായും അവരെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചതായും ഇന്ത്യൻ റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് കല്ലേറുണ്ടായത്.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സെമി-ഹൈ സ്പീഡ് ട്രെയിനുകളുടെ പരമ്പരയിലെ എട്ടാമത്തേതാണിത്. ട്രെയിനിന് വാറങ്കൽ, ഖമ്മം, വിജയവാഡ, രാജമുണ്ട്രി സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ ചെന്നൈ-മൈസൂർ റൂട്ടിലാണ് ആരംഭിച്ചത്.