India
ഇന്ത്യയെ ഹിന്ദ്യയാക്കാനുള്ള ശ്രമം അവസാനിപ്പിക്കണം; അമിത് ഷാക്ക് മറുപടിയുമായി എം.കെ  സ്റ്റാലിൻ
India

'ഇന്ത്യയെ ഹിന്ദ്യയാക്കാനുള്ള ശ്രമം അവസാനിപ്പിക്കണം'; അമിത് ഷാക്ക് മറുപടിയുമായി എം.കെ സ്റ്റാലിൻ

Web Desk
|
15 Sep 2022 4:25 AM GMT

ഹിന്ദി ദിനത്തിന് പകരം ഇന്ത്യൻ ഭാഷാ ദിനമാണ് ആഘോഷിക്കേണ്ടതെന്നും സ്റ്റാലിൻ

ചെന്നൈ:ഹിന്ദി ഭാഷയെക്കുറിച്ചുള്ള കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിന് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇന്ത്യയെ ഹിന്ദ്യയാക്കാനുള്ള ശ്രമങ്ങൾ ബിജെപി അവസാനിപ്പിക്കണമെന്ന് സ്റ്റാലിൻ പറഞ്ഞു. '22 ഭാഷകളെയും ഔദ്യോഗിക ഭാഷകളായി സർക്കാർ പ്രഖ്യാപിക്കണം. ഹിന്ദി ദേശീയ ഭാഷയോ ഔദ്യോഗിക ഭാഷയോ അല്ല'. ഹിന്ദി ദിനത്തിന് പകരം ഇന്ത്യൻ ഭാഷാ ദിനമാണ് ആഘോഷിക്കേണ്ടതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

'ഹിന്ദിയുടെയും മറ്റ് ഭാഷകളുടെയും വികസനത്തിനായി ചെലവഴിക്കുന്ന പണത്തിലെ വലിയ വ്യത്യാസം കേന്ദ്രം പരിഹരിക്കണം. ഹിന്ദിയും സംസ്‌കൃതവും മാത്രമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹിന്ദി പ്രാദേശിക ഭാഷകളുടെ എതിരാളിയല്ല , മറിച്ച് ഒരു സുഹൃത്താണെന്നായിരുന്നു അമിത് ഷായുടെ പരാമർശം. കഴിഞ്ഞദിവസം സൂറത്തിൽ നടന്ന ഓൾ ഇന്ത്യ ഒഫീഷ്യൽ ലാംഗ്വേജ് കോൺഫറൻസിൽ സംസാരിക്കുമ്പോഴായിരുന്നു അമിത്ഷായുടെ അഭിപ്രായപ്രകടനം. ഹിന്ദിയും-ഗുജറാത്തിയും, ഹിന്ദിയും-തമിഴും, ഹിന്ദിയും-മറാത്തിയും മത്സരാർത്ഥികളാണെന്ന തരത്തിൽ ചിലർ തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഹിന്ദി രാജ്യത്തെ മറ്റേതൊരു ഭാഷയ്ക്കും എതിരാളിയല്ല. നിങ്ങൾ അത് മനസിലാക്കണം. ഹിന്ദി രാജ്യത്തെ എല്ലാ ഭാഷകളുടെയും സുഹൃത്താണ്', എന്നാണ് അമിത് ഷാ പറഞ്ഞത്.

ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നതായി തമിഴ്നാട് കാലങ്ങളായി ആരോപിക്കുന്ന കാര്യമാണ്. സ്‌കൂളുകളിൽ ഹിന്ദി മൂന്നാം ഭാഷയായി കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ പദ്ധതിയ്ക്കെതിരെ സംസ്ഥാനം രംഗത്ത് വന്നിരുന്നു.

Similar Posts