'രാജ്യത്തെ വിഭജിക്കുന്നത് നിർത്തണം; വിമതശബ്ദങ്ങളെ അടിച്ചമർത്തരുത്'-ഗോദ്രേജ് ഇൻഡസ്ട്രീസ് തലവൻ നാദിർ ഗോദ്രേജ്
|വളർന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുതയും വിദ്വേഷക്കുറ്റകൃത്യങ്ങളും രാജ്യത്തിന്റെ വളർച്ചയെ ബാധിക്കുമെന്ന് മുന്പ് നാദിറിന്റെ സഹോദരനും ഗോദ്രേജ് ഗ്രൂപ്പ് തലവനുമായ ആദി ഗോദ്രേജും തുറന്നടിച്ചിരുന്നു
മുംബൈ: രാജ്യത്തെ വിഭജിക്കുന്നത് അവസാനിപ്പിക്കണമെന്ന് ശതകോടീശ്വരനും ഗോദ്രേജ് ഇൻഡസ്ട്രീസ് മാനേജിങ് ഡയരക്ടറുമായ നാദിർ ഗോദ്രേജ്. സർക്കാരിനും വ്യവസായ സ്ഥാപനങ്ങൾക്കും ഇക്കാര്യത്തിൽ കൂടുതൽ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിനിടെ വാർത്താ ഏജൻസിയായ പി.ടി.ഐയോട് സംസാരിക്കുകയായിരു്നു നാദിർ.
സാമ്പത്തികരംഗത്ത് രാജ്യം മികച്ച പ്രകടനമാണ് നടത്തുന്നത്. ധന, വിദ്യാഭ്യാസ രംഗങ്ങളിൽ ക്ഷേമപ്രവർത്തനങ്ങളും നടത്തുന്നുണ്ട്. എന്നാൽ, രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകേണ്ടതുണ്ട്. രാജ്യത്തെ വിഭജിക്കുന്നത് നിർത്തണം-നാദിർ ആവശ്യപ്പെട്ടു.
ഇക്കാര്യം വളരെ പ്രധാനമാണ്. സാമ്പത്തിക വളർച്ചയ്ക്ക് രാജ്യം ഐക്യത്തോടെ നിലനിൽക്കൽ വളരെ പ്രധാനമാണെന്ന കാര്യം സർക്കാരും സമ്മതിക്കുമെന്നാണ് ഞാൻ കരുതുന്നത്. അക്കാര്യത്തിൽ നാം കൂടുതൽ ശ്രദ്ധ പതിക്കേണ്ടതുണ്ട്. വ്യവസായ സ്ഥാപനങ്ങൾക്കും ഇക്കാര്യത്തിൽ പലതും ചെയ്യാനുണ്ട്. സർക്കാരും കൂടുതൽ ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമുണ്ടാകേണ്ടതുണ്ടെന്ന് പുസ്തക പ്രകാശന ചടങ്ങിലും നാദിർ വ്യക്തമാക്കിയിരുന്നു. ഭരണകൂടകരങ്ങൾ വിമതശബ്ദങ്ങളെയും വിയോജിപ്പുകളെയും അടിച്ചമര്ത്തുന്ന സാഹചര്യമുണ്ടാകരുത്. കരുത്തിനു പകരം കൃത്യത കൊണ്ട് ആശയങ്ങൾ ജയിക്കുന്ന തരത്തിൽ സജീവമായ സംവാദ മണ്ഡലം ഇവിടെ നിലനിൽക്കേണ്ടതുണ്ട്. നമ്മുടെ ചിന്തകൾ വർഗീയമാകുന്നതിനു പകരം മനുഷ്യത്വപരമാകണം. അഭിനന്ദിക്കാനും ആഹ്ലാദിക്കാനും കുറേകാര്യങ്ങളുണ്ടെങ്കിലും കാര്യങ്ങൾ കൃത്യമായ വഴിയിലല്ല സഞ്ചരിക്കുന്നതെന്ന ഭീതിയും നിലനിൽക്കുന്നുണ്ടെന്നും നാദിർ ഗോദ്രേജ് കൂട്ടിച്ചേർത്തു.
മോദി സർക്കാർ അധികാരത്തിലേറിയ ശേഷം രാജ്യത്തെ രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കാൻ വ്യവസായികൾ മടിക്കുമ്പോഴാണ് നാദിർ ഗോദ്രേജിന്റെ പ്രതികരണം പുറത്തുവരുന്നത്. 2019ൽ അന്തരിച്ച വ്യവസായി രാഹുൽ ബജാജും രാജ്യത്ത് പിടിമുറുക്കുന്ന അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെക്കുറിച്ച് സമാനമായ പ്രതികരണം നടത്തിയിരുന്നു. രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്നായിരുന്നു മുതിർന്ന ബി.ജെ.പി നേതാക്കളെ മുന്നിൽനിർത്തി രാഹുൽ ബജാജിന്റെ വിമർശനം. ഇതിനുമുൻപ് നാദിറിന്റെ ജ്യേഷ്ഠനും ഗോദ്രേജ് ഗ്രൂപ്പ് തലവനുമായ ആദി ഗോദ്രേജും സമാനമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയിരുന്നു. വളർന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുതയും വിദ്വേഷക്കുറ്റകൃത്യങ്ങളും രാജ്യത്തിന്റെ വളർച്ചയെ ബാധിക്കുമെന്നായിരുന്നു ആദിയുടെ പ്രതികരണം.
Summary: ''Stop dividing the country and would like to see more free speech where the state's long arm doesn't reach and crushes voices that oppose'', Says Billionaire Nadir Godrej, MD of Godrej Industries and chairman of Godrej Agrovet