വോട്ടിനായി തമിഴ്‌നാടിനെയും തമിഴരേയും അപകീർത്തിപ്പെടുത്തുന്നത് പ്രധാനമന്ത്രി അവസാനിപ്പിക്കണം; എം.കെ സ്റ്റാലിൻ
|'ഒരു ക്ഷേത്രത്തിലെ നിധി മോഷ്ടിക്കുന്ന കള്ളന്മാരെന്ന് തമിഴ്‌നാട്ടിലെ ജനങ്ങളെ ഇകഴ്ത്താനാണ് പ്രധാനമന്ത്രിയുടെ ശ്രമം'.
ചെന്നൈ: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൻ്റെ താക്കോൽ തമിഴ്‌നാട്ടിലേക്ക് പോയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ. വോട്ടിന് വേണ്ടി തമിഴരെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും തമിഴർക്കെതിരായ ഇത്തരം പ്രസ്താവനകൾ മോദി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'നഷ്‌ടമായ ഭണ്ഡാര താക്കോലുകളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശം കോടിക്കണക്കിന് പേർ ആരാധിക്കുന്ന ഭഗവാൻ ജഗന്നാഥനെ അപമാനിക്കുന്നതിന് തുല്യമാണ്. ഒഡീഷയുമായി നല്ല ബന്ധവും സൗഹൃദവുമുള്ള തമിഴ്‌നാട്ടിലെ ജനങ്ങളെ അപമാനിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്'- സ്റ്റാലിൻ പറഞ്ഞു.
'ഒരു ക്ഷേത്രത്തിലെ നിധി മോഷ്ടിക്കുന്ന കള്ളന്മാരെന്ന് തമിഴ്‌നാട്ടിലെ ജനങ്ങളെ ഇകഴ്ത്താനാണ് പ്രധാനമന്ത്രിയുടെ ശ്രമം. അത് തമിഴ്‌നാടിനെ അപമാനിക്കുന്നതിന് തുല്യമാണ്. എന്തിനാണ് തമിഴരോട് ഇത്രയും വെറുപ്പും വെറുപ്പും'- സ്റ്റാലിൻ ചോദിച്ചു.
രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ വോട്ട് ചോദിക്കുമ്പോൾ തമിഴരെ മോശമാക്കി സംസാരിക്കുകയും തമിഴ്‌നാട്ടിലെത്തുമ്പോൾ തമിഴിനെയും തമിഴ്നാട്ടിലെ ജനങ്ങളെയും പുകഴ്ത്തുകയും ചെയ്യുന്ന മോദിയുടെ ഇരട്ടത്താപ്പ് ജനങ്ങൾക്ക് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടിനായി തമിഴ്‌നാടിനെയും തമിഴരെയും അപകീർത്തിപ്പെടുത്തുന്നത് പ്രധാനമന്ത്രി അവസാനിപ്പിക്കണമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച ഒഡീഷയിലെ നവീൻ പട്‌നായിക്കിൻ്റെ നേതൃത്വത്തിലുള്ള ബിജെഡി സർക്കാരിനെതിരെ ആക്ഷേപമുന്നയിച്ച പ്രധാനമന്ത്രി, പുരിയിലെ ജഗന്നാഥ ക്ഷേത്രം പോലും ഈ സർക്കാരിൻ്റെ കൈകളിൽ സുരക്ഷിതമല്ലെന്നും കഴിഞ്ഞ ആറ് വർഷമായി ഭഗവാൻ ജഗന്നാഥൻ്റെ ഖജനാവിന്റെ താക്കോലുകൾ കാണാനില്ലെന്നും ആരോപിച്ചിരുന്നു.
കേസിൽ ബിജെഡിയുടെ പങ്ക് സംശയാസ്പദമാണെന്നും ബിജെപി സർക്കാർ ജൂൺ 10ന് അധികാരത്തിൽ വന്നശേഷം റിപ്പോർട്ട് പരസ്യമാക്കുമെന്നും ഭണ്ഡാരത്തിന്റെ താക്കോൽ തമിഴ്‌നാട്ടിലേക്ക് പോയെന്നും മോദി ആരോപിച്ചു. ഇതാണ് സ്റ്റാലിനെ ചൊടിപ്പിച്ചത്. മോദി വിദ്വേഷ പ്രസംഗങ്ങളിലൂടെ ജനങ്ങൾക്കിടയിൽ ശത്രുതയും സംസ്ഥാനങ്ങൾക്കിടയിൽ രോഷവും സൃഷ്ടിക്കുകയാണെന്നും സ്റ്റാലിൻ തുറന്നടിച്ചു.