മരിച്ചെന്ന് വിശ്വസിപ്പിക്കാൻ മറ്റൊരാളെ കൊന്ന് പൊലീസിനെ കബളിപ്പിച്ചു; ഡൽഹിയിലെ 'സുകുമാരക്കുറുപ്പ്' പിടിയിൽ
|കേരളത്തിലെ കുറുപ്പ് പിടികിട്ടാപ്പുള്ളിയായി തുടരുന്നുണ്ടെങ്കിലും ഗാസിയാബാദിലെ 'കുറുപ്പ് ' പൊലീസ് പിടിയിലായി.
മലയാളികൾക്ക് ഏറ്റവും ' സുപരിചിതനായ' പിടികിട്ടാപ്പുള്ളിയാണ് സുകുമാര കുറുപ്പ്. കുറുപ്പിന്റെ ജീവിതകഥയും കേരളത്തിൽ വർഷങ്ങളായി പ്രചരിക്കുന്നതാണ്. അടുത്തിടെ കുറുപ്പിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി സിനിമയും പുറത്തിറങ്ങിയിരുന്നു.
താൻ മരിച്ചെന്ന് വരുതിത്തീർക്കാൻ മറ്റൊരാളെ കൊന്ന സുകുമാര കുറുപ്പിന്റെ ജീവിതം പോലെ മറ്റൊരു സംഭവമുണ്ടായിരിക്കുകയാണ് ഡൽഹിയിലെ ഗാസിയാബാദിൽ. പക്ഷേ കുറുപ്പ് പിടികിട്ടാപ്പുള്ളിയായി തുടരുന്നുണ്ടെങ്കിലും ഗാസിയാബാദിലെ 'കുറുപ്പ് ' പൊലീസ് പിടിയിലായി.
സംഭവം ഇങ്ങനെ, നവംബർ 20ന് ഗാസിയാബാദിലെ ലോണി പ്രദേശത്ത് നിന്ന് മുഖം കത്തിക്കരിഞ്ഞ നിലയിൽ ഗാസിയാബാദ് പൊലീസ് ഒരു മൃതദേഹം കണ്ടെത്തുന്നു. മൃതദേഹം പരിശോധിച്ചപ്പോൾ സുദേഷ് എന്നയാളുടെ ആധാർ കാർഡ് കിട്ടി. മൃതദേഹത്തിലെ വസ്ത്രം സുദേഷിന്റെ ഭാര്യയെ കാണിച്ചപ്പോൾ ഭാര്യ മൃതദേഹം സുദേഷിന്റേതാണെന്ന് അവകാശപ്പെട്ടു.
അന്വേഷണത്തിൽ 2018 ൽ 13 വയസുള്ള സ്വന്തം മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വ്യക്തിയാണ് സുദേഷ് എന്ന വിവരം ലഭിച്ചു. കേസിൽ തടവ് അനുഭവിക്കുന്ന സുദേഷ് അപ്പോൾ പരോളിലായിരുന്നു.
സുദേഷിന്റെ മരണത്തിൽ സംശയം തോന്നിയ പൊലീസ് കേസിന്റെ അന്വേഷണം അതിവേഗം മുന്നോട്ടുകൊണ്ടുപോയി. അതിനിടെ സുദേഷ് ജീവിച്ചിരിക്കുന്നുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചു. സുദേഷിന്റെ വീടിന് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സുദേഷിന്റെ രൂപസാദൃശ്യമുള്ള വ്യക്തി സൈക്കിളിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ടു.
സുദേഷ് തന്റെ ഭാര്യയെ കാണാൻ വരാറുണ്ടെന്ന സൂചന ലഭിച്ച പൊലീസ് സുദേഷിന്റെ വീട് റെയ്ഡ് ചെയ്തു സുദേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്നുണ്ടായ ചോദ്യം ചെയ്യലിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. 2018 മുതൽ ജയിലിൽ കഴിയുന്ന സുദേഷിന് കോവിഡിനെ തുടർന്ന് തടവുകാർക്ക് പരോൾ അനുവദിച്ചപ്പോൾ പരോൾ ലഭിച്ചിരുന്നു. പരോൾ അടുത്ത് തന്നെ തീരുമെന്നും താൻ ജയിലിലേക്ക് മടങ്ങേണ്ടി വരുമെന്നും സുദേഷ് ഭയപ്പെട്ടിരുന്നു.
അങ്ങനെയാണ് തനിക്ക് പകരം മറ്റൊരാളെ കൊന്ന് താൻ മരിച്ചെന്ന് വരുതിത്തീർക്കാൻ സുദേഷ് ശ്രമിച്ചത്. തന്റെ പ്ലാൻ നടപ്പിലാക്കാൻ വീട് നന്നാക്കാൻ ആണെന്ന വ്യാജേന വീട്ടിലേക്ക് ഒരു തൊഴിലാളിയെ വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലെത്തിയ തൊഴിലാളിയെ മദ്യപിക്കാൻ നിർബന്ധിക്കുകയും, അമിതമായി മദ്യപിച്ച് ബോധം നശിച്ച തൊഴിലാളിയെ മരത്തടികൊണ്ട് നിരവധി പ്രാവശ്യം തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മരിച്ചെന്ന് ഉറപ്പാക്കിയശേഷം തൊഴിലാളിയുടെ മുഖം കരിച്ച ശേഷം ഒഴിഞ്ഞസ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. കുറ്റകൃത്യത്തിന് കൂട്ടുനിന്നതിന് സുദേഷിന്റെ ഭാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തുടർ അന്വേഷണത്തിൽ പ്രദേശത്ത് നിന്ന് തൊഴിലാളിയെ കാണാനില്ല എന്ന പരാതി ലഭിച്ചതായി പൊലീസിന് മനസിലായി. പരാതിക്കാർ കൊല്ലപ്പെട്ട തൊഴിലാളിയുടെ മൃതദേഹം തിരിച്ചറിയുകയായിരുന്നു.
പ്രതികളെ കുടുക്കിയ പൊലീസുകാർക്ക് പാരിതോഷികം നൽകുമെന്ന് ഗാസിയബാദ് എസ്പി ഇറാജ് രാജ പറഞ്ഞു.
Summary: Man Commits 2nd Murder To Fake Death, Escape Jail In Grisly Plot: Police like Sukumara kurup