ഗുസ്തി താരങ്ങളുടെ സമരം; പുതിയ പാർലമെന്റ് മന്ദിരം വളയാൻ വനിതകൾ
|ഉദ്ഘാടന ദിവസം പുതിയ പാർലമെന്റ് വളപ്പിൽ വനിതാ മഹാ പഞ്ചായത്ത് നടത്തുമെന്ന് ഖാപ്പ് പഞ്ചായത്ത് അറിയിച്ചു
ഡല്‍ഹി: ഗുസ്തി താരങ്ങളുടെ സമരം ശക്തിയാർജ്ജിക്കുന്നു. പുതിയ പാർലമെന്റ് മന്ദിരം വളയാനൊരുങ്ങുകയാണ് വനിതകൾ. ഉദ്ഘാടന ദിവസം പുതിയ പാർലമെന്റ് വളപ്പിൽ വനിതാ മഹാ പഞ്ചായത്ത് നടത്തുമെന്ന് ഖാപ്പ് പഞ്ചായത്ത് അറിയിച്ചു.
മെയ് 27നുള്ളിൽ ബ്രിജ്ഭുഷനെ അറസ്റ്റ് ചെയ്തില്ലെങ്കിലാണ് പാർലിമെന്റ് വളയുക. ഇന്ന് ചേർന്ന ഖാപ്പ് പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം. മെയ് 28 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ ജന്തർമന്തറിൽ ധർണ നടത്തും.
ഹരിയാനയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കായിക താരങ്ങളുടെ സമരത്തിന് കർഷക പിന്തുണ വർധിക്കുന്നത് ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
ഹരിയാന കായിക മന്ത്രിക്ക് എതിരെയും കായിക താരങ്ങൾ ലൈംഗിക പീഡന പരാതി ഉന്നയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഫലത്തെ പോലും ഗുസ്തി താരങ്ങളുടെ സമരം സ്വാധീനിച്ചേക്കാം എന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. എന്നാൽ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്താൽ ഉത്തർപ്രദേശിൽ അത് ബി.ജെ.പിക്ക് രാഷ്ട്രീയ തിരിച്ചടി കൂടിയാകും.