'ഗവർണർമാർ മാലാഖമാരല്ല, മനുഷ്യരാണ്'; മഹാരാഷ്ട്രാ പ്രതിസന്ധിയിൽ സുപ്രിംകോടതിയിൽ ചൂടേറിയ വാദങ്ങൾ
|തിടുക്കപ്പെട്ടാണ് വിശ്വാസവോട്ടെടുപ്പ് നടത്താൻ ഗവർണർ തീരുമാനിച്ചതെന്ന് അഭിഷേക് സിങ്‌വി അറിയിച്ചെങ്കിലും കോടതി പരിഗണിച്ചില്ല
മഹാരാഷ്ട്രാ രാഷ്ട്രീയ പ്രതിസന്ധിയിൽ സുപ്രിംകോടതിയിൽ ചൂടേറിയ വാദങ്ങൾ. ഗവർണർമാർ മാലാഖമാരല്ലെന്നും മനുഷ്യരാണെന്നും മഹാരാഷ്ട്രാ സർക്കാറിനായി ഹാജരായ മനു അഭിഷേക് സിങ്‌വി പറഞ്ഞു. ബിജെപി നേതാക്കളുടെ ആവശ്യപ്രകാരം ഉദ്ദവ് താക്കറെയുടെ മഹാ വികാസ് അഘാഡി സർക്കാർ വിശ്വാസ വോട്ടെടുപ്പ് നാളെ നേരിടണമെന്ന് ഗവർണർ ഭഗത് സിങ് കോശിയാരി ഉത്തരവിട്ടതിനെ തുടർന്നാണ് കോടതിയിൽ കേസെത്തിയത്. ഈ സാഹചര്യത്തിലാണ് സിങ്‌വിയുടെ പരാമർശം.
'നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ച ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം തേടിയില്ല. ഗവർണർ ബന്ധിതനായിരുന്നുവെന്ന് ഞാൻ പറയുന്നില്ല. പക്ഷേ അദ്ദേഹം മുഖ്യമന്ത്രിയെ വിളിച്ചില്ല' സിങ്‌വി ചൂണ്ടിക്കാട്ടി.
തിടുക്കപ്പെട്ടാണ് വിശ്വാസവോട്ടെടുപ്പ് നടത്താൻ ഗവർണർ തീരുമാനിച്ചതെന്ന് അഭിഷേക് സിങ്‌വി അറിയിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. മന്ത്രിസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും സിങ്‌വി കോടതിയിൽ പറഞ്ഞു. എന്നാൽ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിച്ചൂടെ എന്നും വിശ്വാസ വോട്ടെടുപ്പ് ഏത് സമയം നടത്തണമെന്ന് ഭരണഘടനയിൽ ഉണ്ടോ എന്നും കോടതി ചോദിച്ചു.
വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുത്തവർക്ക് യോഗ്യതയില്ലെന്ന് കണ്ടെത്തിയാൽ പിന്നീടത് കോടതിക്ക് റദ്ദാക്കാൻ കഴിയുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ഗവർണറുടെ തീരുമാനം ചോദ്യം ചെയ്യാനുളള മാനദണ്ഡങ്ങൾ ഹർജിക്കാർ പാലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുതിരക്കച്ചവടം തടയാനുള്ള ഏറ്റവും വലിയ മാർഗം വിശ്വാസ വോട്ടെടുപ്പാണെന്നും വിശ്വാസ വോട്ടെടുപ്പ് എത്രത്തോളം നീളുന്നുവോ അത്രത്തോളം പരുക്ക് ഭരണഘടനക്കാണെന്നും ശിവസേനാ വിമതർക്കായി വാദിച്ച കൗൾ പറഞ്ഞു. ഉദ്ധവ് പക്ഷത്തിന് സഭയിൽ മാത്രമല്ല പാർട്ടിയിൽ പോലും ഭൂരിപക്ഷം നഷ്ടമായെന്നും ഡെപ്യൂട്ടി സ്പീക്കറുടെ നീക്കം നിയമവിധേയമാണോയെന്ന് പരിശോധിക്കുന്നത് വരെ എംഎൽഎമാർക്കെതിരെ നടപടി പാടില്ലെന്നും വാദിച്ചു. ഭരണഘടന വിധിപ്രകാരം അയോഗ്യതയ്ക്ക് മുമ്പ് തീരുമാനിക്കേണ്ടത് ഡെപ്യൂട്ടി സ്പീക്കർക്കെതിരായ അവിശ്വാസമാണെന്നും കൗൾ ചൂണ്ടിക്കാട്ടി. അയോഗ്യത പരിഗണയിലാണ് എന്നുള്ളത് വിശ്വാസ വോട്ടെടുപ്പ് നീട്ടിവെക്കുന്നതിന് കാരണമാവില്ലെന്നും പറഞ്ഞു.
Strong arguments in Supreme Court on the Maharashtra Political crisis