കാര്‍ ഗതാഗതക്കുരുക്കില്‍; ശസ്ത്രക്രിയ നടത്താനായി മൂന്നു കി.മീ ഓടി ആശുപത്രിയിലെത്തി ഡോക്ടര്‍
|സർജാപുര റോഡ് മണിപ്പാൽ ആശുപത്രിയിലെ ഗാസ്ട്രോ എൻട്രോളജിസ്റ്റാണ് ഡോ.ഗോവിന്ദ്
ബെംഗളൂരു: ചില ഡോക്ടര്‍മാരെ കാണുമ്പോള്‍ ദൈവത്തെ കണ്ട പോലെയാണെന്ന് നമ്മള്‍ പറയാറില്ലേ..അതെ ഭൂമിയിലെ ദൈവങ്ങളാണ് ഡോക്ടര്‍മാര്‍. മരണത്തിന്‍റെ വക്കില്‍ നിന്നും രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന ഡോക്ടര്‍മാരെ കാണുമ്പോള്‍ നാം തൊഴുതുപോകാറുണ്ട്. അത്തരത്തിലൊരു ഡോക്ടറാണ് ലോകത്തിന്‍റെ കയ്യടി നേടിക്കൊണ്ടിരിക്കുന്നത്. രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ബെംഗളൂരുവിലെ ഡോക്ടറായ ഗോവിന്ദ് നന്ദകുമാര്‍ ചെയ്ത സാഹസത്തെക്കുറിച്ച് അറിഞ്ഞാല്‍ ആരായാലും എഴുന്നേറ്റു നിന്നു കയ്യടിച്ചു പോകും. കാര്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടപ്പോള്‍ അടിയന്തര ശസ്ത്രക്രിയ നടത്താനായി മൂന്നു കി.മീ ഓടിയാണ് ഗോവിന്ദ് ആശുപത്രിയിലെത്തിയത്.
സർജാപുര റോഡ് മണിപ്പാൽ ആശുപത്രിയിലെ ഗാസ്ട്രോ എൻട്രോളജിസ്റ്റാണ് ഡോ.ഗോവിന്ദ്. പിത്താശയ രോഗം മൂലം കഠിന വേദനയനുഭവിക്കുന്നയാൾക്കാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. ഡ്രൈവർ ഓടിച്ചിരുന്ന കാർ സർജാപുര– മാറത്തഹള്ളി റോഡിൽ എത്തിയപ്പോൾ കുടുങ്ങി. ആശുപത്രിയിലേക്കെത്താന്‍ 10 മിനിറ്റ് മതിയായിരുന്നു. എന്നാൽ ട്രാഫിക് ബ്ലോക്കായതോടെ ഈ ദൂരം പിന്നിടാൻ 45 മിനിറ്റെങ്കിലും വേണ്ടിവരുമെന്നു മനസ്സിലായതോടെ കാറിൽ നിന്നിറങ്ങി ഡോക്ടര്‍ ഓടുകയായിരുന്നു. ''ഡ്രൈവര്‍ ഉണ്ടായിരുന്നതുകൊണ്ടാണ് കാര്‍ അവിടെ ഉപേക്ഷിച്ച് എനിക്ക് ഓടാന്‍ സാധിച്ചത്. സ്ഥിരമായി വ്യായാമം ചെയ്യുന്നതിനാല്‍ ഓടാന്‍ എളുപ്പമായിരുന്നു. മൂന്നു കിലോമീറ്റര്‍ ഓടി ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ശസ്ത്രക്രിയക്ക് സമയമായിരുന്നു'' ഡോക്ടര്‍ പറയുന്നു. ശസ്ത്രക്രിയക്ക് ശേഷം രോഗി സുഖം പ്രാപിച്ചുവരികയാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
ഇതാദ്യമായിട്ടല്ല ഗോവിന്ദ് ഇത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നത്. ഗതാഗതക്കുരുക്ക് മൂലം ബെംഗളൂരുവിലെ പല സ്ഥലങ്ങളിലും കാല്‍നടയായി യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. ''ഒരു രോഗിയെ നന്നായി പരിചരിക്കുന്നതിന് ആവശ്യമായ ജീവനക്കാരുൂം അടിസ്ഥാന സൗകര്യങ്ങളും ഞങ്ങളുടെ ആശുപത്രിയിൽ ഉള്ളതിനാൽ ഞാൻ ഉത്കണ്ഠപ്പെട്ടില്ല. എന്നാല്‍ ചെറിയ ആശുപത്രികളുടെ സ്ഥിതി സമാനമാകണമെന്നില്ല. രോഗികളും അവരുടെ കുടുംബങ്ങളും ഡോക്ടര്‍മാരെ കാത്തിരിക്കുന്നു. ആംബുലൻസിലുള്ള ഒരു രോഗി ട്രാഫിക്കിൽ കുടുങ്ങിയാലോ? ആംബുലൻസിന് കടന്നുപോകാൻ പോലും സ്ഥലമില്ലായിരുന്നു'' ഡോക്ടര്‍ പറഞ്ഞു.