India
ചിന്നസേലത്തെ വിദ്യാർഥിനിയുടെ മരണം; പ്രതികളെ പിടികൂടുമെന്ന ഉറപ്പുനല്‍കി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ
India

ചിന്നസേലത്തെ വിദ്യാർഥിനിയുടെ മരണം; പ്രതികളെ പിടികൂടുമെന്ന ഉറപ്പുനല്‍കി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

Web Desk
|
17 July 2022 10:31 AM GMT

ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും ചിന്നസേലത്തേക്ക് തിരിച്ചു

ചെന്നൈ: തമിഴ്‌നാട് ചിന്നസേലം കള്ളക്കുറിച്ചിയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയുടെ മരണത്തിന് കാരണക്കാരായവരെ പിടികൂടുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉറപ്പ് നൽകി. സ്ഥലത്തെ സാഹചര്യം നിയന്ത്രണവിധേയമാക്കാൻ ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും ചിന്നസേലത്തേക്ക് തിരിച്ചു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മകളുടെ ആത്മഹത്യയിൽ നീതി ആവശ്യപ്പെട്ട് ഒരു കുടുംബം നടത്തുന്ന പോരാട്ടത്തിൽ ഒരു നാടാകെ ഒന്നു ചേരുന്ന കാഴ്ചക്കാണ് ചിന്നസേലം സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സമാധാനപരമായി ദേശീയ പാത ബഹിഷ്‌ക്കരിച്ച് പ്രതിഷേധമറിയിച്ചവർ ഇന്ന് നേരിട്ട് വിദ്യാലയത്തിലേക്കെത്തി.

പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. 30 ഓളം സ്‌കൂൾ ബസുകൾക്ക് തീയിട്ടു. സ്‌കൂൾ കെട്ടിടം അക്രമിച്ചു. ടിപ്പർ ഉപയോഗിച്ച് വാഹനങ്ങൾ അടിച്ചു തകർത്തു. പൊലീസ് ആകാശത്തിലേക്ക് വെടിയുതിർത്തു. എങ്കിലും സ്‌കൂൾ മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.

വിദ്യാർഥിനിയുടെ ആത്മഹത്യക്ക് കാരണം സ്‌കൂളിലെ 2 അധ്യാപകരാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അധ്യാപകർ തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നുവെന്ന ് വ്യക്തമാക്കുന്ന പെൺകുട്ടിയുടെ ആത്മഹത്യാകുറിപ്പും കണ്ടെത്തിയിരുന്നു. എന്നാൽ പഠനത്തിൽ മികവ് പുലർത്തണമെന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്ന് അധ്യാപകർ പൊലീസിന് മൊഴി നൽകി. വിദ്യാർഥിയുടെ ആത്മഹത്യയിൽ അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴാചയാണ് പെരിയൻസലൂർ സ്വദേശി രാമലിംഗത്തിന്റെ മകളായ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി ചിന്നസേലത്തെ സ്വകാര്യ ബോർഡിങ് സ്‌കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. ബുധനാഴ്ച മുതൽ പ്രതിഷേധം ആരംഭിച്ചെങ്കിലും ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം കൈമാറാൻ പൊലീസ് കുടുംബത്തെ സമീപിച്ചതാണ് പ്രതിഷേധം സംഘർഷത്തിൽ കലാശിക്കാൻ കാരണം. സ്‌കൂൾ മാനേജ്‌മെന്റിനെതിരെ നടപടി സ്വീകരിക്കാതെ മൃതദേഹം സ്വീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കുടുംബം.

Similar Posts