സി.എ.എക്കെതിരെ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾ കസ്റ്റഡിയിൽ
|എം.എസ്.എഫ്, ഫ്രറ്റേണിറ്റി, ബാപ്‌സ തുടങ്ങിയ വിദ്യാർഥി സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ന്യൂഡൽഹി: സി.എ.എക്കെതിരെ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധം തുടങ്ങുന്നതിന് മുമ്പ് തന്നെ പലരെയും കസ്റ്റഡിയിലെടുത്തതായി വിദ്യാർഥികൾ പറഞ്ഞു. വൈകിട്ട് മൂന്ന് മണിയോടെയാണ് വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംഘ്പരിവാർ അജണ്ട നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് ഒരു വിദ്യാർഥിനിയെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തതെന്ന് വിദ്യാർഥികൾ പറഞ്ഞു. എം.എസ്.എഫ്, ഫ്രറ്റേണിറ്റി, ബാപ്‌സ തുടങ്ങിയ വിദ്യാർഥി സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സർവകലാശാലക്ക് അകത്തുകയറിയാണ് വിദ്യാർഥിനികളെ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തത്. ജെ.എൻ.യുവിലും ജാമിഅ മില്ലിയ്യയിലും കഴിഞ്ഞ ദിവസം വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി സർവകലാശാലയിലും വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചത്.