ക്ലാസിൽ ചൂളമടിച്ചെന്ന് ആരോപിച്ച് പ്രധാനാധ്യാപിക വിദ്യാർഥികളുടെ മുടി മുറിച്ചെന്ന് പരാതി
|അരിയാദഹ കലാചന്ദ് ബോയ്‌സ് ഹൈസ്‌കൂളിലെ പ്രധാനാധ്യാപിക ഇന്ദ്രാണി മജുംദാറിനെതിരെയാണ് ആരോപണം. ഇവർക്കെതിരെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി.
കൊൽക്കത്ത: ക്ലാസിൽ ചൂളമടിച്ചെന്നാരോപിച്ച് പ്രധാനാധ്യാപിക വിദ്യാർഥികളുടെ മുടി മുറിച്ചതായി പരാതി. കൊൽക്കത്തയിലെ ദക്ഷിണേശ്വറിനടുത്തുള്ള ഹൈസ്‌കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ആറ് വിദ്യാർഥികളുടെ മുടി മുറിച്ചെന്നാണ് പരാതി.
അരിയാദഹ കലാചന്ദ് ബോയ്‌സ് ഹൈസ്‌കൂളിലെ പ്രധാനാധ്യാപിക ഇന്ദ്രാണി മജുംദാറിനെതിരെയാണ് ആരോപണം. ഇവർക്കെതിരെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. വെള്ളിയാഴ്ച ഫിസിക്കൽ സയൻസ് ക്ലാസിനിടെയാണ് സംഭവം.
ആരാണ് ചൂളമടിച്ചതെന്ന ക്ലാസ് ടീച്ചറുടെ ചോദ്യത്തിന് ആരും ഉത്തരം നൽകിയില്ല. തുടർന്ന് സംശയമുള്ള ആറു കുട്ടികളെ പ്രധാനാധ്യാപികയുടെ മുറിയിലേക്ക് കൊണ്ടുപോയി. എന്നാൽ പ്രധാനാധ്യാപികയുടെ ചോദ്യത്തിനും മറുപടി ഇല്ലാതായതോടെ കത്രികയെടുത്ത് ആറു കുട്ടികളുടെയും മുടി മുറിക്കുകയായിരുന്നു. സംഭവം വളരെ ഗൗരവമായാണ് കാണുന്നതെന്ന് സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗമായ അസിം ദത്ത പറഞ്ഞു.