'മോദി, മോദി' എന്നു വിളിക്കുന്ന വിദ്യാർഥികളെ തല്ലണം-കർണാടക മന്ത്രി ശിവരാജ്
|മന്ത്രിയെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് തടയണമെന്നും ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ പരാതിയിൽ ആവശ്യപ്പെട്ടു
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടി മുദ്രാവാക്യം വിളിക്കുന്നവരെ തല്ലണമെന്ന് കർണാടക സാംസ്‌കാരിക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് തംഗഡഗി. രണ്ടു കോടി ജോലി വാഗ്ദാനം ചെയ്ത ബി.ജെ.പി എന്തെങ്കിലും ചെയ്‌തോ? ജോലി ചോദിക്കുമ്പോൾ പക്കവട വിൽക്കാനാണ് അവർ ആവശ്യപ്പെടുന്നതെന്നും മന്ത്രി വിമർശിച്ചു.
കൊപ്പൽ ജില്ലയിൽ കോൺഗ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അവർക്കു ലജ്ജയില്ലേ? ഏതു ഘട്ടത്തിലാണ് അവർ വോട്ട് ചോദിക്കാൻ പോകുന്നത്? ഒരൊറ്റ വികസന പ്രവർത്തനം നടത്താൻ അവർക്കായിട്ടില്ല. രണ്ടു കോടി ജോലി നൽകുമെന്ന് അവർ വാഗ്ദാനം ചെയ്തിരുന്നു. എന്തിട്ട് ആർക്കെങ്കിലും ജോലി നൽകിയോ? ജോലിയെക്കുറിച്ചു ചോദിക്കുമ്പോൾ പക്കവട വിൽക്കാനാണു പറയുന്നത്. അവർക്കു ലജ്ജയില്ലേ?'-മന്ത്രി ശിവരാജ് വിമർശിച്ചു.
ഇനിയും 'മോദി, മോദി' എന്നു വിളിക്കുന്ന വിദ്യാർഥികളെ തല്ലണം. ഇതിൽ ലജ്ജിക്കണം. ഇതൊരു ചെറിയ കാര്യമാണോ? ഒരു വർഷം രണ്ടു കോടി ജോലിയാണു വാഗ്ദാനം ചെയ്തത്. 10 വർഷത്തിനിടെ 20 കോടി ജോലി ആകേണ്ടതാണെന്നും മന്ത്രി ശിവരാജ് വിമർശിച്ചു.
മന്ത്രിയുടെ പരാമർശത്തിനെതിരെ ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായതോടെ തരംതാണ നിലയിലേക്കു പോകുകയാണ് കോൺഗ്രസെന്ന് ബി.ജെ.പി മുൻ ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏകാധിപതിയെന്നു വരെ വിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശിവരാജിനെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകിയിട്ടുണ്ട്. പെരുമാറ്റച്ചട്ട ലംഘനമാണു മന്ത്രി നടത്തിയത്. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് മന്ത്രിയെ തടയണമെന്നും ബി.ജെ.പി പരാതിയിൽ ആവശ്യപ്പെട്ടു.
Summary: Students raising ‘Modi, Modi’ slogans should be slapped: Karnataka Minister Shivaraj Tangadagi