India
madras iit pro palestine and anti israel speech

ധനഞ്ജയ് ബാലകൃഷ്ണൻ

India

‘ഗസ്സയിൽ നടക്കുന്നത് കൂട്ട വംശഹത്യ’; മദ്രാസ് ഐ.ഐ.ടി ബിരുദദാന ചടങ്ങിൽ ഫലസ്തീൻ ഐക്യദാർഢ്യവുമായി വിദ്യാർഥി

Web Desk
|
19 July 2024 4:25 PM GMT

ജോലിയുടെ അനന്തരഫലങ്ങളെക്കുറിച്ച് എൻജിനീയർമാർ ബോധവാൻമാരാകണമെന്ന് ധനഞ്ജയ് ബാലകൃഷ്ണൻ

ചെന്നൈ: മദ്രാസ് ഐ.​ഐ.ടി ബിരുദദാന ചടങ്ങിനിടെ ഫലസ്തീൻ ഐക്യദാർഢ്യവുമായി വിദ്യാർഥി. ഗവർണറുടെ പുരസ്കാരത്തിന് അർഹനായ ധനഞ്ജയ് ബാലകൃഷ്ണനാണ് ഗസ്സയിൽ നടക്കുന്ന വംശഹത്യക്കെതിരെ പ്രതിഷേധമുയർത്തിയത്. മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ ധനഞ്ജയ് പഠനത്തിലും പാഠ്യേതര പ്രവർത്തനത്തിലുമുള്ള ആൾറൗണ്ട് പ്രകടനത്തിനാണ് പുരസ്കാരം നേടിയത്.

ഇത്തരമൊരു പരിപാടിയിൽ ​പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കുന്നില്ലെങ്കിൽ അത് അനീതിയാകുമെന്ന് പറഞ്ഞാണ് ധനഞ്ജയ് പ്രസംഗം ആരംഭിച്ചത്. ‘ഇത് പ്രവർത്തിക്കാനുള്ള ആഹ്വാനമാണ്. ഫലസ്തീനിൽ കൂട്ട വംശഹത്യയാണ് നടക്കുന്നത്. വലിയതോതിൽ ആളുകൾ മരിക്കുന്നു. ഇതിനൊരു അവസാനം കാണുന്നില്ല. നമ്മൾ എന്തിന് ഇതിനെക്കുറിച്ച് ചിന്തിക്കണമെന്ന് നിങ്ങൾ ചോദിച്ചേക്കാം. ശാസ്ത്രം, സാ​ങ്കേതികവിദ്യ, എൻജിനീയറിങ്, കണക്ക് എന്നിവയെല്ലാം ഇസ്രായേൽ പോലുള്ള സാമ്രാജ്യത്വ ശക്തിക​ളുടെ ഗൂ​ഢലക്ഷ്യങ്ങളെ മുന്നോട്ടുകൊണ്ടുപോകാൻ ചരിത്രപരമായി ഉപയോഗിച്ചു എന്നതാണ് അതിന് കാരണം’ -ധനഞ്ജയ് പറഞ്ഞു.

യുദ്ധത്തിൽ സാ​ങ്കേതിക ഭീമൻമാരുടെ പങ്കിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ‘എൻജിനീയറിങ് വിദ്യാർഥികളെന്ന നിലയിൽ ടെക് ഭീമൻമാരുടെ ഉയർന്ന ജോലികൾ ചെയ്യാൻ നമ്മൾ ശ്രമിക്കും. വലിയ ആനുകൂല്യങ്ങളും മറ്റുമാണ് അവർ വാഗ്ദാനം ചെയ്യുക. ഈ ടെക് ഭീമൻമാരാണ് നമ്മുടെ ജീവിതത്തിന്റെ വിവിധ വശങ്ങൾ നിയന്ത്രിക്കുന്നതെന്ന് മ​റ്റാരെക്കാളും നിങ്ങൾക്ക് അറിയാവുന്നതാണ്. ഈ അഭിമാനകരമായ പല കമ്പനികളും നേരിട്ടും അല്ലാതെയും ഫലസ്തീനെതിരായ യുദ്ധത്തിൽ പങ്കാളിയാണ്. ജനങ്ങളെ കൊല്ലാനുള്ള സാ​ങ്കേതിക വിദ്യയടക്കം അവർ ഇസ്രായേലിന് നൽകുന്നു’ -ധനഞ്ജയ് വ്യക്തമാക്കി.

‘ഇതിന് എളുപ്പത്തിലുള്ള പരിഹാരമില്ല. കൂടാതെ എന്റെ അടുത്ത് ഇതിനുള്ള എല്ലാ ഉത്തരവുമില്ല. എന്നാൽ, നാം ചെയ്യുന്ന ജോലിയുടെ അനന്തരഫലങ്ങളെക്കുറിച്ച് ബോധവാൻമാരാകണമെന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് ഒരു എൻജിനീയറെന്ന നിലയിൽ എനിക്കറിയാം. അധികാര അസന്തുലിതാവസ്ഥയുടെ ഈ സങ്കീർണ സംവിധാനത്തിൽ നമ്മുടെ സ്ഥാനം ചോദ്യം ചെയ്യുക എന്നത് നമ്മുടെ കടമയാണ്.

ജാതി, വർഗം, മതം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ അടിച്ചമർത്തപ്പെട്ടവരെ മോചിപ്പിക്കാൻ നമുക്ക് എന്ത് ചെയ്യാനാകുമെന്ന് മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട് ഈ അവബോധം നമ്മുടെ ദൈനംദിന ജീവിതത്തിൽ കൂടുതൽ ഉൾപ്പെടുത്താൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരിക്കലും അവസാനിക്കാത്ത ദുരിതങ്ങളുടെ ചക്രം അവസാനിപ്പിക്കാനുള്ള ആദ്യ പടിയാണിത്’ -ധനഞ്ജയ് കൂട്ടിച്ചേർത്തു.

ജനങ്ങളെ ദുരിതത്തിൽനിന്ന് കരകയറ്റാനുള്ള ​പ്രവർത്തനങ്ങൾ ചെയ്യാൻ അദ്ദേഹം തന്റെ സഹപാഠികളോട് അഭ്യർഥിച്ചു. ‘താൻ പോകാൻ ആഗ്രഹിക്കുന്നിടത്തേക്ക് തന്നെ കൊണ്ടുപോകാൻ ഭീമൻമാരുടെ തോളിൽ നിൽക്കുകയാണെന്ന് ഐസക് ന്യൂട്ടൺ പറഞ്ഞിട്ടുണ്ട്. മഹത്തായ ഇന്ത്യൻ ജനതയുടെ മഹാമനസ്കതയുള്ള ചുമലിൽ നിന്നു​കൊണ്ട് ഞങ്ങൾ ഇവിടെയുണ്ടെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഓരോ വ്യക്തിയെയും അവരവരുടെ ദുരിതത്തിൽനിന്ന് കരകയറ്റാൻ ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. കുറ്റകൃത്യത്തിൽ പങ്കാളിയാകുന്നതിന് തുല്യമാണ് നിഷ്ക്രിയത്വം. നിങ്ങൾക്കും എനിക്കും നമു​ക്കുമെല്ലാവർക്കും ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുകയാണ്, അത് എത്ര കഠിനമാണെങ്കിലും’ -ധനഞ്ജയ് വ്യക്തമാക്കി. നിറഞ്ഞ കയ്യടിയോടെയാണ് അദ്ദേഹ​ത്തിന്റെ ​പ്രസംഗത്തെ സദസ്സ് സ്വീകരിച്ചത്.

മ​ദ്രാസ് ഐ.ഐ.ടിയുടെ 61ാമത് ബിരുദദാന ചടങ്ങാണ് വെള്ളിയാഴ്ച നടന്നത്. ചടങ്ങിൽ 444 ഗവേഷകർ ഉൾപ്പെടെ 2636 വിദ്യാർഥികൾക്ക് ഡിഗ്രി സമ്മാനിച്ചു. നൊബേൽ സമ്മാന ജേതാവ് ബ്രയാൻ കൊബ്ലിക്കയായിരുന്നു ചടങ്ങിലെ വിശിഷ്ടാതിഥി.

ധനഞ്ജയിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഗസ്സക്കെതിരായ യുദ്ധത്തിന്റെ തുടക്കം മുതൽ ഇന്ത്യൻ സർവകലാശാലകൾ ഇസ്രായേലി കോളജുകളുമായും ആയുധ കമ്പനികളുമായുള്ള ബന്ധം വർധിപ്പിച്ചിട്ടുണ്ടെന്ന് കഴിഞ്ഞയാഴ്ച റിപ്പോർട്ട് പുറത്തുവന്നിരുന്നു. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻറ്സ് തുടങ്ങിയ മേഖലയിലാണ് ഇന്ത്യൻ സർവകലാശാലകൾ ഇസ്രായേലുമായി പങ്കാളിത്തം വർധിപ്പിച്ചത്.

ഇസ്രായേലിലേക്ക് ആയുധം കയറ്റുമതി ചെയ്തെന്ന് ആരോപിക്കപ്പെടുന്ന കേന്ദ്ര സർക്കാറിന് കീഴിലുള്ള മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡ് കമ്പനി വെടിമരുന്ന് ഷെല്ലുകൾ വികസിപ്പിക്കാൻ മ​ദ്രാസ് ഐ.ഐ.ടിയുമായി സഹകരിക്കുമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ മ​ദ്രാസ് ഐ.ഐ.ടിക്ക് തെൽ അവീവ് സർവകലാശാലയുമായി തന്ത്രപരമായ പങ്കാളിത്തം തന്നെയുണ്ട്. ഈ സാഹചര്യത്തിലാണ് ധനഞ്ജയന്റെ ഫലസ്തീൻ ഐക്യദാർഢ്യ പ്രസംഗം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തത്.

Similar Posts