India
ഹിപ്പോക്രാറ്റിക് പ്രതിജ്ഞക്ക് പകരം  മഹർഷി ചരക് ശപത് ചൊല്ലി മെഡിക്കൽ വിദ്യാർഥികൾ; വിവാദം, ഡീനിനെ സ്ഥലം മാറ്റി
India

ഹിപ്പോക്രാറ്റിക് പ്രതിജ്ഞക്ക് പകരം ' മഹർഷി ചരക് ശപത്' ചൊല്ലി മെഡിക്കൽ വിദ്യാർഥികൾ; വിവാദം, ഡീനിനെ സ്ഥലം മാറ്റി

Web Desk
|
2 May 2022 4:09 AM GMT

അന്വേഷണത്തിന് ഉത്തരവിട്ട് തമിഴ്നാട് ആരോഗ്യമന്ത്രി

മധുര: മെഡിക്കൽ വിദ്യാർഥികൾ ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞയ്ക്ക് പകരം സംസ്‌കൃതത്തിലുള്ള ' ചരക് ശപത്' ചൊല്ലിയത് വിവാദത്തിൽ. തമിഴ്‌നാട്ടിലെ മധുരയിലെ സർക്കാർ മെഡിക്കൽ കോളജിലാണ് സംഭവം. വിവാദമായതോടെ കോളജ് ഡീനെ സ്ഥലം മാറ്റി. ശനിയാഴ്ച നടന്ന പ്രവേശന ചടങ്ങിനിടെയാണ് മെഡിക്കൽ വിദ്യാർഥികൾ 'ചരക് ശപത് ' ചൊല്ലിയത്. സംഭവം വിവാദമായതോടെ തമിഴ്നാട് ആരോഗ്യമന്ത്രി സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

അതേ സമയം വിദ്യാർഥികൾ സ്വന്തം നിലയിലാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഡീൻ അവകാശപ്പെട്ടു. ഡീനിനെ നീക്കാനുള്ള തീരുമാനം രാഷ്ട്രീയ നീക്കമാണെന്ന് ബി.ജെ.പിയും പ്രതികരിച്ചു. വർഷങ്ങളായി ഉപയോഗിച്ചുവരുന്ന ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞ മാത്രമേ ഉപയോഗിക്കാവൂ എന്ന് മെഡിക്കൽ കോളജുകൾക്കും ആശുപത്രികൾക്കും സംസ്ഥാന സർക്കാർ സർക്കുലർ നൽകിയിട്ടുണ്ട്. ഇത് ലംഘിച്ചുകൊണ്ടാണ് കോളജ് 'മഹർഷി ചരക് ശപത്' ചൊല്ലിയത്.

ചടങ്ങിൽ തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ, വാണിജ്യനികുതി വകുപ്പ് മന്ത്രി പി.മൂർത്തി, ജില്ലാ കലക്ടർ ഡോ.എസ്.അനീഷ് ശേഖർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എ.രതിനവേൽ എന്നിവരും പങ്കെടുത്തിരുന്നു. വിദ്യാർഥികൾ ചരക് ശപഥ് ചൊല്ലുന്നത് കേട്ട് ഞെട്ടിപ്പോയെന്ന് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പ്രതികരിച്ചു.

Similar Posts