സർക്കാർ സ്‌കൂളുകളിൽ വിദ്യാർഥികളെ ഹിന്ദു മതഗ്രന്ഥങ്ങൾ പഠിപ്പിക്കും: മധ്യപ്രദേശ് മുഖ്യമന്ത്രി
|ആദരണീയ ഗ്രന്ഥങ്ങളെ അപമാനിക്കാൻ ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുമെന്നും ശിവരാജ് സിംഗ് ചൗഹാൻ
ഭോപ്പാൽ: സർക്കാർ സ്‌കൂളുകളിൽ വിദ്യാർത്ഥികളെ ഹിന്ദു മതഗ്രന്ഥങ്ങൾ പഠിപ്പിക്കുമെന്നും ആദരണീയ ഗ്രന്ഥങ്ങളെ അപമാനിക്കാൻ ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. രാമായണത്തെ ആസ്പദമാക്കിയുള്ള ഹിന്ദു മതഗ്രന്ഥമായ രാമചരിതമാനസിനെക്കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില രാഷ്ട്രീയ നേതാക്കൾ നടത്തിയ വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
പുരാതന ഹിന്ദു ഇതിഹാസങ്ങൾ അമൂല്യമായ വിശുദ്ധ ഗ്രന്ഥങ്ങളാണെന്നും അവ മനുഷ്യന്റെ ധാർമ്മിക സ്വഭാവം കെട്ടിപ്പടുക്കാൻ സഹായിക്കുമെന്നും ഭോപ്പാലിൽ ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് ചൗഹാൻ പറഞ്ഞു.''രാമായണം, മഹാഭാരതം, വേദങ്ങൾ, ഉപനിഷത്തുകൾ, ഭഗവദ്ഗീത എന്നിവ നമ്മുടെ അമൂല്യമായ ഗ്രന്ഥങ്ങളാണ്. ഒരു മനുഷ്യനെ ധാർമ്മികവും സമ്പൂർണ്ണവുമാക്കാനുള്ള കഴിവ് ഈ ഗ്രന്ഥങ്ങൾക്കുണ്ട്. ഞങ്ങൾ മറ്റ് വിഷയങ്ങൾക്കൊപ്പം ഈ മതഗ്രന്ഥങ്ങളും സർക്കാർ സ്‌കൂളുകളിൽ പഠിപ്പിക്കും''- ശിവരാജ് സിംഗ് ചൗഹാൻ കൂട്ടിച്ചേർത്തു. എന്തുകൊണ്ടാണ് ഇവ അതുവരെ പഠിപ്പിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
രാമചരിതമാനസ് പോലൊരു ഇതിഹാസം രചിച്ചതിന് പതിനാറാം നൂറ്റാണ്ടിലെ ഭക്തി കവി തുളസീദാസിനെ ശിവരാജ് സിംഗ് ചൗഹാൻ പ്രകീർത്തിച്ചു. രാമായണം പോലുള്ള ഗ്രന്ഥങ്ങൾ നമുക്ക് നൽകിയ തുളസീദാസ് ജിയെ നമിക്കുന്നു. ഈ മഹാന്മാരെ അപമാനിക്കുന്നവരെ പൊറുപ്പിക്കില്ല. മധ്യപ്രദേശിൽ ഈ വിശുദ്ധ ഗ്രന്ഥങ്ങൾ പഠിപ്പിച്ചുകൊണ്ട് നമ്മുടെ കുട്ടികളെ ധാർമ്മികരാക്കുകയും അവരുടെ സർവതോന്മുഖമായ വികസനം ഉറപ്പാക്കുകയും ചെയ്യുമെന്നും ചൗഹാൻ വ്യക്തമാക്കി.
രാംചരിതമാനസിന്റെ ചില ഭാഗങ്ങൾ ജാതിയുടെ അടിസ്ഥാനത്തിൽ സമൂഹത്തിലെ വലിയൊരു വിഭാഗത്തെ അധിക്ഷേപിക്കുന്നുണ്ട്. ഇവ നിരോധിക്കണമെന്ന് ഉത്തർപ്രദേശിലെ സമാജ്വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ ആവശ്യപ്പെട്ടിരുന്നു. ഹിന്ദു ഇതിഹാസത്തിലെ ചില വാക്യങ്ങൾ സാമൂഹിക വിവേചനം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ബിഹാർ വിദ്യാഭ്യാസ മന്ത്രിയും ആർജെഡി നേതാവുമായ ചന്ദ്ര ശേഖരും ആരോപിച്ചിരുന്നു.