സുഭദ്രകുമാരി ചൗഹാന് 117ാം ജന്മദിനം; ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ
|സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലെ ആദ്യ വനിത സത്യാഗ്രഹിയെന്നാണ് സുഭദ്രകുമാരി ചൗഹാന്‍ അറിയപ്പെടുന്നത്.
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്‍റെ കരുത്തുറ്റ നേതാവും കവയിത്രിയുമായ സുഭദ്രകുമാരി ചൗഹാന്‍റെ 117ാം ജന്മദിനത്തില്‍ ആദരമര്‍പ്പിച്ചുകൊണ്ട് ഗൂഗിള്‍ ഡൂഡില്‍. ന്യൂസിലാൻഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യൻ വംശജ പ്രഭ മല്ല്യ രൂപകൽപ്പന ചെയ്ത ഡൂഡിലില്‍ പേനയും കടലാസുമായി ഇരിക്കുന്ന സുഭദ്രകുമാരിയുടെ ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്.
സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ ആദ്യ വനിത സത്യാഗ്രഹിയായാണ് സുഭദ്രകുമാരി ചൗഹാന്‍ അറിയപ്പെടുന്നത്. 1904 ആഗസ്റ്റ് 16ന് ഉത്തർപ്രദേശിലെ അലഹബാദ് ജില്ലയിലെ നിഹാൽപൂർ ഗ്രാമത്തിലാണ് ജനനം. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ ആകൃഷ്ടയായാണ് അവര്‍ സ്വാതന്ത്ര്യ സമരത്തിൽ സജീവമാകുന്നത്. ഭര്‍ത്താവ് ലക്ഷ്മൺ സിങ് ചൗഹാനും സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ പങ്കാളിയായിരുന്നു. ബ്രട്ടീഷുകാർക്കെതിരെ സമരം ചെയ്തതിന് 1923ലും 1942ലുമായി രണ്ടു തവണ സുഭദ്രകുമാരി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
തന്‍റെ കവിതകളിലൂടെ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിനും രാഷ്‌ട്രത്തിന്റെ പരമാധികാരത്തിനുംവേണ്ടി പോരാടാൻ അവര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഹിന്ദിയില്‍ കവിതകളെഴുതിയിരുന്ന അവര്‍ ലിംഗം, ജാതി എന്നീ വിവേചനങ്ങളെ തന്‍റെ കൃതികളിലൂടെ രൂക്ഷമായി വിമര്‍ശിച്ചു. ജാൻസി കീ റാണി എന്ന പേരിൽ സുഭദ്രകുമാരി രചിച്ച കവിത ഏറെ പ്രശസ്തമാണ്. റാണി ലക്ഷ്മി ഭായിയുടെ ജീവിതം പറയുന്ന കൃതി ഹിന്ദി സാഹിത്യത്തില്‍ ഇന്നും പ്രാധാന്യം പുലര്‍ത്തുന്നു. 1948ൽ ഒരു കാർ അപകടത്തിലാണ് സുഭദ്രകുമാരി ചൗഹാൻ കൊല്ലപ്പെട്ടത്.