‘രാഷ്ട്രീയ മോഹങ്ങൾക്കായി ചരിത്രത്തെ വളച്ചൊടിക്കരുത്’; ബി.ജെ.പിക്കെതിരെ സുഭാഷ് ചന്ദ്രബോസിന്റെ കുടുംബം
|‘നെഹ്റുവിനെയും കോൺഗ്രസിനെയും നേരിടാൻ നേതാജിയെ ഉപയോഗിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹം’
കൊൽക്കത്ത: സുഭാഷ് ചന്ദ്രബോസായിരുന്നു ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയെന്ന ബോളിവുഡ് നടിയും ബി.ജെ.പി സ്ഥാനാർഥിയുമായ കങ്കണ റണാവത്തിന്റെ പ്രസ്താവനക്കെതിരെ നേതാജിയുടെ കുടുംബം. ‘ബംഗാൾ-പഞ്ചാബ് വിഭജനത്തിനുശേഷം പൂർണാധികാരം ലഭിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു തന്നെയാണ്. ഇതാണ് ചരിത്രം. അത് ആർക്കും മാറ്റാനാകില്ല’ -സുഭാഷ് ചന്ദ്രബോസിന്റെ ബന്ധു ചന്ദ്രകുമാർ ബോസ് പറഞ്ഞു.
‘അവിഭക്തവും ഏകീകൃതവുമായ ഇന്ത്യയുടെ ആദ്യത്തെയും അവസാനത്തെയും പ്രധാനമന്ത്രിയായിരുന്നു ബോസ്. 1943 ഒക്ടോബർ 21-ന് സിംഗപ്പൂരിൽ രൂപീകരിക്കപ്പെട്ട പ്രവാസ സർക്കാറായ ആസാദ് ഹിന്ദിന്റെ പ്രധാനമന്ത്രിയായിരുന്നു നേതാജി’ -ചന്ദ്രകുമാർ ബോസ് വ്യക്തമാക്കി.
‘നെഹ്റുവിനെയും കോൺഗ്രസിനെയും നേരിടാൻ നേതാജിയെ ഉപയോഗിക്കുന്നു, ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. നെഹ്റു, ഗാന്ധി, ചിത്തരഞ്ജൻ ദാസ് എന്നിവർക്കൊപ്പം നേതാജി രണ്ട് പതിറ്റാണ്ടോളം (1921 മുതൽ 1941 വരെ) കോൺഗ്രസിൽ ഉണ്ടായിരുന്നു. നേതാജിയും നെഹ്റുവും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഇരുവർക്കും പരസ്പരം ബഹുമാനമുണ്ടായിരുന്നു. അങ്ങനെയായിരുന്നില്ലെങ്കിൽ, ആസാദ് ഹിന്ദ് ഫൗജിൻ്റെ ബ്രിഗേഡുകൾക്ക് നെഹ്റുവിൻ്റെയും ഗാന്ധിയുടെയും പേരുകൾ നേതാജി നൽകില്ലായിരുന്നു’ -ചന്ദ്രകുമാർ ബോസ് കൂട്ടിച്ചേർത്തു.
കങ്കണക്കെതിരെ നേതാജിയുടെ കുടുംബം രംഗത്തുവന്ന വാർത്ത ചന്ദ്രകുമാർ ബോസ് ‘എക്സി’ൽ പങ്കുവെച്ചു. രാഷ്ട്രീയമോഹത്തിന് വേണ്ടി ആരും ചരിത്രത്തെ വളച്ചൊടിക്കരുതെന്നും അദ്ദേഹം ഇതോടൊപ്പം കുറിച്ചു. പോസ്റ്റിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, കങ്കണ റണാവത്ത് എന്നിവരെ ടാഗ് ചെയ്തിട്ടുമുണ്ട്.
‘ഒരു രാഷ്ട്രീയ ചിന്തകൻ, സൈനികൻ, രാഷ്ട്രതന്ത്രജ്ഞൻ, ദീർഘദർശി, അവിഭക്ത ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചയാളാണ് നേതാജി സുഭാഷ് ചന്ദ്രബോസ് . ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടാൻ എല്ലാ സമുദായങ്ങളെയും ഭാരതീയരായി ഒന്നിപ്പിക്കാൻ കഴിയുന്ന ഒരേയൊരു നേതാവായിരുന്നു അദ്ദേഹം. എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രത്യയശാസ്ത്രം പിന്തുടർന്ന നേതാവിന് എല്ലാവിധ ആദരവും അർപ്പിക്കുന്നു’ -വിവാദത്തിന് പിന്നാലെ ചന്ദ്രകുമാർ ബോസ് ‘എക്സി’ൽ കുറിച്ച മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കി.
കങ്കണയുടെ പ്രസ്താവനക്കെതിരെ വലിയ വിമർശനവും ട്രോളുകളും ഉയർന്നെങ്കിലും താൻ അതിൽ ഉറച്ചുനിൽക്കുകയാണെന്ന് കാണിച്ച് അവർ വീണ്ടും രംഗത്തുവന്നിരുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് തന്നെയാണെന്നാണ് കങ്കണയുടെ വാദം. ഇതിന് തെളിവായി 1943ൽ ബോസ് സിംഗപ്പൂരിൽ ആസാദ് ഹിന്ദിന്റെ കീഴിൽ സർക്കാർ രൂപീകരിച്ചതും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്വയം അവരോധിച്ചതും സംബന്ധിച്ച വാർത്തയുടെ സ്ക്രീൻഷോട്ടും താരം ‘എക്സി’ൽ പങ്കുവെച്ചിരുന്നു. ബി.ജെ.പി മുൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ചന്ദ്രകുമാർ ബോസ് കഴിഞ്ഞ വർഷമാണ് പാർട്ടി വിട്ടത്. പാർട്ടിയുടെ നയനിലപാടുകളുമായി യോജിച്ച് പോകാൻ കഴിയില്ലെന്ന് കാണിച്ചായിരുന്നു രാജി.
ടൈംസ് നൗ ചാനലിലെ തെരഞ്ഞെടുപ്പ് പരിപാടിയിലായിരുന്നു സുഭാഷ് ചന്ദ്രബോസിനെ പ്രഥമ പ്രധാനമന്ത്രിയാക്കി കങ്കണയുടെ പരാമർശം. ഇതിന് പിന്നാലെ കങ്കണയുടെ ലോകവിവരത്തെക്കുറിച്ചും ഐ.ക്യുവിനെക്കുറിച്ചും ആശങ്ക രേഖപ്പെടുത്തി നിരവധിയാളുകൾ സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നിരുന്നു.
എന്നാൽ തന്റെ വിമർശകർക്കാണ് ലോകവിവരമില്ലാത്തത്, അവർക്ക് വിദ്യാഭ്യാസം വേണമെന്നും കുറ്റപ്പെടുത്തി കങ്കണ രംഗത്തുവന്നു. താൻ ഒരു സിനിമയെഴുതി സംവിധാനം ചെയ്തയാളാണ്, നെഹ്റു കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള നിങ്ങളുടെ തെറ്റിദ്ധരണയാണ് ഇങ്ങനെ പറയിക്കുന്നതെന്നും കങ്കണ പറഞ്ഞു.
താൻ സംസാരിക്കുന്നത് തന്റെ വിമർശകരേക്കാളും ഉയർന്ന ഐ.ക്യുവിലാണ്. ഇത് മനസ്സിലാക്കാത്ത വിമർശകർ തന്നെ ഐ.ക്യുവില്ലാത്തവളായാണ് കരുതുന്നതെന്നും കങ്കണ കൂട്ടിച്ചേർത്തു.
കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും 2022ൽ സമാനമായ പരാമർശം നടത്തിയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ജപ്പാന്റെ സഹായത്തോടെ സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച 'ആസാദ് ഹിന്ദ് സർക്കാർ' സൂചിപ്പിച്ചുകൊണ്ടാണ് അന്ന് രാജ്നാഥ് സിങ് നേതാജിയെ പ്രഥമ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ചത്.
Summary : Subhash Chandra Bose's family against BJP