മോദി സർക്കാറിന്റെ എട്ട് വർഷം ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തി; രൂക്ഷ വിമർശനവുമായി സുബ്രഹ്‌മണ്യം സ്വാമി
|ബിജെപി വക്താവായിരുന്ന നുപുർ ശർമ ഒരു ചാനൽ ചർച്ചക്കിടെ പ്രവാചകനെതിരെ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്.
ന്യൂഡൽഹി: കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സുബ്രഹ്‌മണ്യം സ്വാമി. മോദി സർക്കാരിന്റെ എട്ട് വർഷം ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തി നിൽക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രവാചകനെ ബിജെപി വക്താവ് അധിക്ഷേപിച്ചതിനെ തുടർന്ന് ഗൾഫ് ലോകത്ത് വൻ പ്രതിഷേധമുയർന്നതിന് പിന്നാലെയാണ് സുബ്രഹ്‌മണ്യം സ്വാമിയുടെ വിമർശനം.
'എട്ട് വർഷത്തെ മോദി ഭരണത്തിനിടെ ഇന്ത്യ ലഡാക്കിൽ ചൈനയുടെ മുമ്പിൽ ഇഴഞ്ഞുനീങ്ങി, യുക്രൈൻ വിഷയത്തിൽ റഷ്യയുടെ മുമ്പിൽ മുട്ടുകുത്തി, ക്വാഡിൽ അമേരിക്കക്ക് കീഴടങ്ങി, ഇപ്പോഴിതാ ചെറിയ രാജ്യമായ ഖത്തറിനു മുന്നിലും ദണ്ഡനമസ്‌കാരം നടത്തിയിരിക്കുന്നു.' സുബ്രഹ്‌മണ്യൻ സ്വാമി ട്വീറ്റിൽ പറഞ്ഞു. വിദേശകാര്യനയത്തിന്റെ അപചയമാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
During Modi govt's 8 years, Bharat Mata had to hang her head in shame because we crawled before the Chinese on Ladakh, knelt before the Russians, meowed before the Americans in QUAD. But we did shastangam dandawat before the tiny Qatar. That was depravity of our foreign policy.
— Subramanian Swamy (@Swamy39) June 6, 2022
ബിജെപി വക്താവായിരുന്ന നുപുർ ശർമ ഒരു ചാനൽ ചർച്ചക്കിടെ പ്രവാചകനെതിരെ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. പ്രവാചകനെ അധിക്ഷേപിച്ചതിനെതിരെ സൗദി, ഖത്തർ, ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ നുപുർ ശർമയെ ബിജെപി പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.