സുഡാന്‍ സംഘര്‍ഷം: രക്ഷാദൗത്യത്തിനൊരുങ്ങാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം
|സുഡാനിലെ സാഹചര്യം വിലയിരുത്താൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം
ഡല്‍ഹി: സംഘർഷം തുടരുന്ന സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ രക്ഷാദൗത്യത്തിന് ഒരുങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി. സുഡാനിലെ സാഹചര്യം വിലയിരുത്താൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.
സുഡാനിലെ സാഹചര്യം സങ്കീർണമായി തുടരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചത്. സുഡാനിലെ നിലവിലെ സാഹചര്യങ്ങൾ പ്രധാനമന്ത്രി വിലയിരുത്തി. ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി ആസൂത്രണം ചെയ്യാൻ യോഗത്തിൽ നിർദേശിച്ചു. സാഹചര്യം നിരന്തരം നിരീക്ഷിച്ച് ഇന്ത്യക്കാർക്ക് ആവശ്യമായ എല്ലാ സഹായവും നൽകണം. ഉദ്യോഗസ്ഥരോട് ജാഗരൂകരായിരിക്കാനും പ്രധാനമന്ത്രി നിർദേശം നൽകി. മേഖലയിലെ അയൽരാജ്യങ്ങളുമായി ആശയവിനിമയം നടത്താനും നിർദേശിച്ചു.
സുഡാനിൽ 3000ൽ അധികം ഇന്ത്യക്കാരുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം യോഗത്തിൽ വ്യക്തമാക്കി. മലയാളി സുഡാനിൽ കൊല്ലപ്പെട്ടതിൽ പ്രധാനമന്തി അനുശോചിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിവിധ വകുപ്പ് സെക്രട്ടറിമാർ, അംബാസിഡർമാർ അടക്കമുള്ളവർ ഉന്നതതല യോഗത്തിൽ പങ്കെടുത്തു.
സുഡാനിലെ ഇന്ത്യക്കാരെ മടക്കി എത്തിക്കാൻ വിവിധ സംസ്ഥാനങ്ങൾ അവശ്യം ഉന്നയിച്ച പശ്ചാത്തലത്തിൽ കൂടിയാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. മലയാളികൾ ഉൾപ്പെടെയുള്ളവരെ നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.