India
നിങ്ങളുടെ തനിനിറം പുറത്തുകൊണ്ടുവരും; കെജ്‍രിവാളിനും സത്യേന്ദർ ജെയിനിനുമെതിരെ ഭീഷണിക്കത്തുമായി സുകേഷ് ചന്ദ്രശേഖർ
India

'നിങ്ങളുടെ തനിനിറം പുറത്തുകൊണ്ടുവരും'; കെജ്‍രിവാളിനും സത്യേന്ദർ ജെയിനിനുമെതിരെ ഭീഷണിക്കത്തുമായി സുകേഷ് ചന്ദ്രശേഖർ

Web Desk
|
18 Dec 2022 8:34 AM GMT

കത്തുകൾ താൻ സ്വയം എഴുതിയതാണെന്നും ആരും തന്നെ സമ്മർദം ചെലുത്തിയിട്ടില്ലെന്നും സുകേഷ്

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനും പാർട്ടി നേതാവ് സത്യേന്ദർ ജെയിനുമെതിരെ സുകേഷ് ചന്ദ്രശേഖർ. ഇരുവരുടെയും കള്ളത്തരങ്ങൾ പുറത്തുകാണിക്കുമെന്ന് 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ സുകേഷ് ജയിലിൽ നിന്നയച്ച പുതിയ കത്തിൽ പറയുന്നു. 'ഇത് നിങ്ങളുടെ രാഷ്ട്രീയ അവസാനത്തിന്റെ തുടക്കം മാത്രമാണ്. നിങ്ങളുടെ യഥാർത്ഥ നിറം ഞാൻ തുറന്നുകാട്ടും. എല്ലാം പുറത്തു കൊണ്ടുവരുമെന്ന് ഞാൻ ഉറപ്പാക്കും' എംസിഡി തെരഞ്ഞെടുപ്പുകളെയും ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെയും പരാമർശിച്ചുകൊണ്ടുള്ള കത്തിൽ പറയുന്നു.

അതേസമയം, കത്തുകൾ താൻ സ്വയം എഴുതിയതാണെന്നും ആരും തന്നെ സമ്മർദം ചെലുത്തിയിട്ടില്ലെന്നും സുകേഷ് വ്യക്തമാക്കി. തന്റെ കത്തിൽ താൻ നേരത്തെ പറഞ്ഞതെല്ലാം ശരിയായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് താനയച്ച കത്തുകളും പ്രസ്താവനകളും എന്റെ മാത്രമാണ്. അത് ആരുടെയും സമ്മർദലമായോ, മാർഗനിർദേശത്തിലോ എഴുതിയതല്ലെന്നും സുകേഷ് പറയുന്നു. കെജരിവാൾ ആരോപിച്ചത് പോലെ ആ കത്തുകൾ ആരും പറഞ്ഞ് എഴുതിയതല്ല.എല്ലാം സത്യമാണ്..അദ്ദേഹം കത്തിൽ പറഞ്ഞു.

കെജ്‍രിവാളിനെതിരെ സംസാരിക്കാൻ ബിജെപി സമ്മർദം ചെലുത്തിയെന്ന് കാണിച്ച് ഡൽഹി ലഫ്. ജനറൽ വികെ സക്സേനയ്ക്ക് കത്തെഴുതാൻ, കെജ്‍രിവാൾ സമ്മർദം ചെലുത്തിയതായും കത്തിൽ പറയുന്നുണ്ട്. ആം ആദ്മി പാർട്ടിയുടെ നിർദ്ദേശപ്രകാരം ജയിലിനുള്ളിൽ തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് സുകേഷ് അടുത്തിടെ പുറത്തുവിട്ട കത്തിൽ ആരോപിച്ചിരുന്നു. ഡൽഹി എൽജി വികെ സക്‌സേന രൂപീകരിച്ച സമിതി സുകേഷിന്റെ വാദങ്ങളിൽ പ്രഥമദൃഷ്ട്യാ തെളിവുകൾ കണ്ടെത്തി കൃത്യം രണ്ട് ദിവസത്തിന് ശേഷമാണ് ഈ കത്ത് വരുന്നത്.

ഉന്നത വ്യക്തികളിൽ നിന്ന് പണം തട്ടിയ കേസിൽ 2017 മുതൽ സുകേഷ് ചന്ദ്രശേഖർ ജയിലിലാണ്. ഡൽഹി മന്ത്രി സത്യേന്ദർ ജെയിന് 10 കോടി രൂപ ഉൾപ്പെടെ ആം ആദ്മി പാർട്ടിക്ക് കോടികൾ കൈക്കൂലി നൽകിയെന്ന് ഡൽഹി ലഫ്റ്റണന്റ് ഗവർണർ വി.കെ സക്‌സേനയ്ക്ക് സുകേഷ് നേരത്തെ എഴുതിയ കത്തില്‍ വെളിപ്പെടുത്തിയിരുന്നു. സത്യേന്ദർ ജെയിനെ 2015 മുതൽ തനിക്കറിയാമെന്നും വികെ സക്‌സേനയ്ക്ക് എഴുതിയ കത്തിൽ പറഞ്ഞിരുന്നു. ദക്ഷിണേന്ത്യയിലെ സുപ്രധാന പദവി നൽകാമെന്ന് ആംആദ്മി പാർട്ടി വാഗ്ദാനം ചെയ്തുവെന്നും അതിനായി 50 കോടി രൂപ പാർട്ടിക്ക് നൽകിയെന്നും കത്തിലുണ്ട്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാമെന്നും വാഗ്ദാനം ലഭിച്ചിരുന്നതായി സുകേഷ് പരാതിയില്‍ പറയുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു ഈ കത്ത് പുറത്ത് വന്നത്.

Similar Posts